തിരുവനന്തപുരം: കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സര്‍ക്കാരിന് വഴങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെടിയു വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല സര്‍ക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നല്‍കാമെന്ന് കാണിച്ച് രാജ്ഭവന്‍ കത്ത് നല്‍കി. ഹൈക്കോടതിയില്‍ നിന്ന് നിരന്തരം തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ പിന്‍വാങ്ങല്‍.
കെടിയു വിസി നിയമനത്തെ ചൊല്ലി സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ രൂക്ഷമായ തര്‍ക്കമാണ് നടന്നത്. ഡിജിറ്റല്‍ വിസി സജി ഗോപിനാഥ് അടക്കം സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് സിസ തോമസിന് ഗവര്‍ണര്‍ വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.
സിസയുടെ കാലാവധി 31 ന് തീരാനിരിക്കേ കടുംപിടുത്തം വേണ്ടെന്ന നിലപാടാണ് ഗവര്‍ണർക്ക്. സജി ഗോപിനാഥിന് അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തിക്ക് ചുമതല നല്‍കാമെന്ന് രാജ്ഭവന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ കത്തില്‍ പറയുന്നു.
സിസ തോമസിന്റെ നിയമന രീതിയെ ഹൈക്കോടതി ചോദ്യം ചെയ്തത് ഗവര്‍ണര്‍ക്ക് വലിയ ക്ഷീണമായിരുന്നു. വീണ്ടും സര്‍ക്കാര്‍ കോടതിയില്‍ പോയാല്‍ തിരിച്ചടി ഉണ്ടാകും എന്ന് കരുതിയാണ് രാജ്ഭവന്റെ പുതിയ നീക്കം. കെടിയു വിസി ആയിരുന്ന രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് പ്രകാരം സജി ഗോപിനാഥനും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവന്റെ നിലപാട്. അതടക്കം തിരുത്തിയാണ് ഇപ്പോഴത്തെ കീഴടങ്ങല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.