നിര്‍മ്മിത ബുദ്ധിയുടെ നിരുത്തരവാദപരമായ ഉപയോഗത്തിനെതിരെ ഫ്രാന്‍സിസ് പാപ്പ

നിര്‍മ്മിത ബുദ്ധിയുടെ നിരുത്തരവാദപരമായ ഉപയോഗത്തിനെതിരെ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: അനുദിനം വളരുന്ന സാങ്കേതിക വിദ്യയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും നേട്ടങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ നിര്‍മിത ബുദ്ധിയുടെ പരിധി വിട്ട ഉപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. മനുഷ്യന്റെ അന്തസും പൊതുനന്മയും പ്രോത്സാഹിപ്പിക്കാന്‍ ഉതകും വിധം ധാര്‍മ്മികമായും ഉത്തരവാദിത്തത്തോടെയും നിര്‍മിത ബുദ്ധി ഉപയോഗിക്കണമെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ച്ച വത്തിക്കാനില്‍ വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി സംഘടിപ്പിച്ച ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും ഉന്നതതല വാര്‍ഷിക സമ്മേളനമായ 'മിനര്‍വ സംവാദ'ത്തിനെത്തിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

നിര്‍മ്മിത ബുദ്ധിയുടെ അധാര്‍മ്മികവും നിരുത്തരവാദപരവുമായ ഉപയോഗത്തിനെതിരെയായിരുന്നു പാപ്പയുടെ വാക്കുകള്‍. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന നിര്‍മിത ബുദ്ധി (എ.ഐ) അധിഷ്ഠിതമായ പരിശീലനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ഇത് മാനവികതക്ക് വെല്ലുവിളിയാകുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് പാപ്പയുടെ മുന്നറിയിപ്പും ശ്രദ്ധേയമാകുന്നത്.

'സാങ്കേതികവിദ്യ മനുഷ്യ കേന്ദ്രീകൃതവും ധാര്‍മ്മിക അടിത്തറയുള്ളതും നന്മയിലേക്ക് നയിക്കപ്പെടുന്നതുമാണെന്ന് ഉറപ്പാക്കാന്‍ ഈ മേഖലകളിലെ പലരും പ്രവര്‍ത്തിക്കുന്നു എന്നറിയുന്നത് ആശ്വാസകരമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികസനം മനുഷ്യരാശിയുടെ ഭാവിക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് തനിക്ക് ബോധ്യമുണ്ട്.

അതേസമയം, ഈ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നവരുടെ ഭാഗത്തുനിന്ന് ധാര്‍മ്മികതയോടും ഉത്തരവാദിത്തത്തോടും കൂടെ പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഉണ്ടെങ്കില്‍ മാത്രമേ ഈ സാധ്യതകള്‍ സാക്ഷാത്കരിക്കപ്പെടുകയുള്ളൂ - പാപ്പാ മുന്നറിയിപ്പ് നല്‍കി.

ഈ സാങ്കേതികവിദ്യകളെ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര സംഘടനകളുടെ ശ്രമങ്ങളെയും മാര്‍പ്പാപ്പ സ്വാഗതം ചെയ്തു. അതുവഴി അവര്‍ യഥാര്‍ത്ഥ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നു. അതായത്, മെച്ചപ്പെട്ട ലോകത്തിനായി സംഭാവന ചെയ്യുന്നു.

'സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തപൂര്‍ണമായ ഉപയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നു. വൈദ്യശാസ്ത്രം, എന്‍ജിനീയറിംഗ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ സാങ്കേതികവിദ്യ വളരെയധികം പ്രയോജനകരമാണ്. സാങ്കേതികവിദ്യയുടെ പ്രായോഗിക നേട്ടങ്ങള്‍ അംഗീകരിച്ച പാപ്പ അവ മനുഷ്യരുടെ സര്‍ഗാത്മകതയുടെ തെളിവാണെന്നു കൂട്ടിച്ചേര്‍ത്തു. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തത്തോടെ പങ്കെടുക്കാനുള്ള ക്ഷണമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്.

'പുതിയ സാങ്കേതിക വിദ്യകളെ വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡം ഓരോ പുരുഷന്റെയും സ്ത്രീയുടെയും അന്തര്‍ലീനമായ അന്തസിനെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അതിനുള്ള പങ്കാണ്. ആ അന്തസിനെ മാനിക്കാനും ഉയര്‍ത്തിപ്പിടിക്കാനും സഹായിക്കുമ്പോള്‍ സാങ്കേതിക വിദ്യകള്‍ ധാര്‍മ്മികമായി ശരിയാണെന്ന് വിലയിരുത്തപ്പെടും - പാപ്പ അഭിപ്രായപ്പെട്ടു.

അതേസമയം ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ നമ്മുടെ ലോകത്ത് അസമത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഈ അസമത്വം നമ്മുടെ മാനുഷികവും സാമൂഹികവുമായ ഐക്യദാര്‍ഢ്യത്തെ തുരങ്കം വയ്ക്കുന്നതിനുള്ള അപകടസാധ്യതയുണ്ടോ എന്ന ചോദ്യവും പാപ്പ ഉന്നയിച്ചു. ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയ്ക്ക് കൂടുതല്‍ സമത്വവും സാമൂഹികമായ ഉള്‍ക്കാഴ്ചയും ഉണ്ടായിരിക്കണമെന്നും പാപ്പ ഓര്‍മിപ്പിച്ചു.

നിര്‍മ്മിത ബുദ്ധിയുടെ സാമൂഹികവും സാംസ്‌കാരികവുമായ സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. സാങ്കേതിക ലോകത്തെ വിദഗ്ധരായ ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍, ബിസിനസ് തലവന്മാര്‍, അഭിഭാഷകര്‍, തത്ത്വചിന്തകര്‍, സഭാ പ്രതിനിധികള്‍, ദൈവശാസ്ത്രജ്ഞര്‍, ധാര്‍മ്മിക വിദഗ്ധര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.