തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം. കേസ് ലോകായുക്ത മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിക്കുകയായിരുന്നു. കേസില്‍ മൂന്നംഗ ബെഞ്ച് വീണ്ടും വിശദമായ വാദം കേള്‍ക്കും. ഇതിനുള്ള തിയതി പിന്നീട് പ്രഖ്യാപിക്കും.
ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് വിധി പ്രസ്താവിച്ചത്.
മുഖ്യമന്ത്രിയ്ക്കും ആദ്യ പിണറായി മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കുമെതിരെയുള്ള ദുരിതാശ്വാസ ഫണ്ട് ദുരുപയോഗ കേസാണ് ലോകായുക്ത മൂന്നംഗ ഫുള്‍ബഞ്ചിന് വിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18 ന് വാദം പൂര്‍ത്തിയായിട്ടും വിധി പറയാത്തതിനാല്‍ കേസിലെ ഹര്‍ജിക്കാരന്‍ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ കേരള ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ലോകായുക്തയെ വീണ്ടും സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കി ഇന്ന് വിധി പറയാന്‍ മാറ്റിയത്.
അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചതിലും ചെങ്ങന്നൂരില്‍ എംഎല്‍എയായിരിക്കെ അന്തരിച്ച കെ.കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാന്‍ എട്ട് ലക്ഷം രൂപ അനുവദിച്ചതിലും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണിന്റെ ഭാര്യയ്ക്ക് 20 ലക്ഷം രൂപ അനുവദിച്ചത് എന്നിങ്ങനെ നടപടികളില്‍ സ്വജന പക്ഷപാതവും അഴിമതിയും ഉണ്ടെന്നും ഈ തുക അന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് തിരിച്ചുപിടിക്കണമെന്നുമായിരുന്നു ഹര്‍ജി.
അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനമൊഴിയണമെന്ന് പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത ഉത്തരവിലാണ് നേരത്തെ ബന്ധുനിയമന കേസില്‍ കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്.
കേസ് വാദത്തിനിടെ ലോകായുക്തയുടെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി. ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടെങ്കിലും പകരമുള്ള ബില്ലിന് പക്ഷെ അംഗീകാരം നല്‍കിയിട്ടില്ല. ബില്‍ നിയമം ആകാത്തതിനാല്‍ പതിനാലാം വകുപ്പ് പുനസ്ഥാപിക്കപ്പെട്ടു. അധികാരം വെട്ടിക്കുറച്ച ഓര്‍ഡിനന്‍സ് വന്നതോടെ ഉത്തരവിറക്കുന്നത് ലോകായുക്ത ഒരു വര്‍ഷമായി മാറ്റിവച്ചിരിക്കുകയായിരുന്നു. പിന്നീടാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.