അക്രമി യുപി സ്വദേശി: ബാഗും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറിപ്പും കണ്ടെത്തി; മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കുന്നു

അക്രമി യുപി സ്വദേശി: ബാഗും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറിപ്പും കണ്ടെത്തി; മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കുന്നു

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസില്‍ തീവെച്ച അക്രമി യുപി സ്വദേശിയെന്ന് സംശയം. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്നും കണ്ടെത്തി. മൃതദേഹം കണ്ടെടുത്തതിന് സമീപത്തു നിന്നാണ് ബാഗ് കിട്ടിയത്. ട്രാക്കില്‍ നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളും ഉണ്ടായിരുന്നു.

തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്.

ബാഗില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, കണ്ണട, പഴ്സ്, ബ്രൗണ്‍ നിറമുള്ള ടീഷര്‍ട്ട്, ട്രാക്ക് പാന്റ്, ഓവര്‍കോട്ട്, ഭക്ഷണമടങ്ങിയ ചോറ്റുപാത്രം, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ആണികള്‍ തുടങ്ങിയവ കണ്ടെടുത്തു.

ട്രെയിനില്‍ തീവെച്ച ശേഷം അക്രമി റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത്. ഇത് ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ജനിപ്പിക്കുന്നു. പൊലീസിന് ലഭിച്ച ലഘുലേഖകളിലും വിശദമായ പരിശോധന നടക്കുകയാണ്.

തീവ്രവാദ, മാവോയിസ്റ്റ് ബന്ധം അക്രമത്തിനുണ്ടോയെന്നും അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി പരിശോധിച്ചു വരികയാണ്. സംഭവം കേന്ദ്രസര്‍ക്കാരും ഗൗരവമായാണ് എടുത്തിട്ടുള്ളത്. കേന്ദ്ര റെയില്‍വെ മന്ത്രാലയം ട്രെയിനിലെ തീവെപ്പില്‍ റിപ്പോര്‍ട്ട് തേടി. എഎന്‍ഐ അടക്കമുള്ള ഏജന്‍സികളും സംഭവം അന്വേഷിച്ചേക്കും.

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും ഇന്ന് സംഭവ സ്ഥലത്തെത്തും. ട്രെയിനിന് തീ വെച്ചതിനെ തുടര്‍ന്ന് മൂന്നു പേരാണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്മത്ത് (45), റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്.

കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ വെച്ചപ്പോള്‍ പരിഭ്രാന്തരായി ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേര്‍ ചികിത്സയിലാണ്. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തിലും.

തീയിട്ട ശേഷം ചങ്ങലെ വലിച്ച് ട്രെയിന്‍ നിര്‍ത്തി അക്രമി ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.