ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ഏപ്രില്‍ 12 ന് ലോകായുക്ത ഫുള്‍ ബഞ്ച് പരിഗണിക്കും

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ഏപ്രില്‍ 12 ന് ലോകായുക്ത ഫുള്‍ ബഞ്ച് പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്ന കേസ് ഏപ്രില്‍ 12 ന് ലോകായുക്ത ഫുള്‍ ബഞ്ച് പരിഗണിക്കും. ഒരു വര്‍ഷത്തോളം എടുത്ത് വാദം പൂര്‍ത്തിയാക്കിയ ശേഷം രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം വന്നതിനെ തുടര്‍ന്നാണ് കേസ് ലോകായുക്ത ഫുള്‍ ബഞ്ചിന് വിട്ടത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിലുണ്ടായ ഭിന്നാഭിപ്രായം. ഇതേ തുടര്‍ന്നാണ് ലോകായുക്തയുടെ ഫുള്‍ ബഞ്ചിന് കേസ് കൈമാറിയത്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബുമാത്യു പി.ജോസഫ് എന്നിവരാണ് ഹര്‍ജി പരിഗണിക്കുക. വിധി അന്നുണ്ടായേക്കില്ല. പകരം ഡിവിഷന്‍ ബഞ്ചിന്റെ അഭിപ്രായ ഭിന്നതയാകും പരിഗണിക്കുക. ഏകാഭിപ്രായത്തിലെത്താനായില്ലെങ്കില്‍ വീണ്ടും വാദം കേള്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ നീണ്ടേക്കും.

നേരത്തെ വിധി വൈകിയപ്പോള്‍ ലോകായുക്തയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്ന കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധിയ്ക്ക് വേണ്ടി ലോകായുക്തയില്‍ തന്നെ അപേക്ഷ നല്‍കാനാണ് ശശികുമാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ശശികുമാര്‍ വീണ്ടും ലോകായുക്തയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതോടെയാണ് പരാതി പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.