ട്രെയിനിലെ തീവയ്പ്: എന്‍.ഐ.എ നാലംഗ സംഘം കോഴിക്കോട്ടെത്തി; ഐ.ബിയും റോയും അന്വേഷണ പാതയില്‍

ട്രെയിനിലെ തീവയ്പ്: എന്‍.ഐ.എ നാലംഗ സംഘം കോഴിക്കോട്ടെത്തി; ഐ.ബിയും റോയും അന്വേഷണ പാതയില്‍

തിരുവനന്തപുരം: ട്രെയിനില്‍ പെട്രോളൊഴിച്ച് തീവച്ച സംഭവത്തെപ്പറ്റി കേരള പൊലീസിന് പിന്നാലെ കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എന്‍.ഐ.എയുടെ നാലംഗ സംഘം കോഴിക്കോട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) എന്നിവരും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

ആസൂത്രിതമായ ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചന ലഭിച്ചാല്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തര, റെയില്‍വേ മന്ത്രാലയങ്ങള്‍ കേരള പൊലീസിനോട് അന്വേഷണ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കേന്ദ്ര അന്വേഷണത്തിന്റെ രീതി വ്യക്തമാവുക.

കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി. വിക്രമന്റെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് ഡി.ജി.പി രൂപം നല്‍കി.

ഭീകര വിരുദ്ധസേന ഡിവൈ.എസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസി. കമ്മിഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈ.എസ്.പി വി.വി ബെന്നി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം.

ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് കോഴിക്കോട് എലത്തൂരില്‍ വച്ച് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകത്തിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയതിനെ തുടര്‍ന്ന് ഒരു കുട്ടിയടക്കം മൂന്ന് പേരാണ് മരണമടഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.