ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച.
കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി കരുനീക്കങ്ങള്‍ നടത്തുന്നതിനിടെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കോട്ടയത്തുള്ള തങ്ങളുടെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ അദേഹം ക്ഷണിക്കുകയും ചെയ്തു.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഓര്‍ത്തോഡ്ക്സ് സഭാധ്യക്ഷനൊപ്പം കേന്ദ്ര മന്ത്രി വി. മുരളീധരനുമുണ്ടായിരുന്നു. ഫലപ്രദമായ കൂടിക്കാഴ്ച എന്നാണ് ചര്‍ച്ചയ്ക്ക് ശേഷം വി.മുരളീധരന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ഡല്‍ഹി ഭദ്രാസനത്തിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായാണ് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ രാജ്യ തലസ്ഥാനത്തെത്തിയത്.
'സഭയുടെ തലവനായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് സഭാധ്യക്ഷന്‍ പ്രതികരിച്ചു. ഇപ്പോള്‍ അദേഹത്തെ കണ്ടതില്‍ സന്തോഷം തോന്നുന്നു. സഭയുടേയും പള്ളിയുടേയും പ്രവര്‍ത്തനത്തെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷിച്ചുവെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പറഞ്ഞു.
അടുത്ത തവണ കേരളത്തിലെത്തുമ്പോള്‍ തങ്ങളുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലും തങ്ങളുടെ രൂപതയുടെ പള്ളി ഉള്ളതിനാല്‍ സഭയെ കുറിച്ചും അതിന്റെ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ, ചാരിറ്റി സ്ഥാപനങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് നല്ല പോലെ അറിയാമെന്നും അദേഹം പറഞ്ഞു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'സബ്കാ സാത്ത് സബ്കാ വികാസ്' പരിപാടിയെ അടിസ്ഥാനമാക്കി വലിയ ജനസമ്പര്‍ക്ക പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നതായും ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ വെളിപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ വികസന പരിപാടികളെ തങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ക്രിസ്ത്യന്‍ സഭകള്‍ക്കെതിരെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങളുണ്ട്. തീര്‍ച്ചയായും പരാതികള്‍ ഉണ്ടാകും. അവ പ്രകടിപ്പിക്കുന്നത് തുടരും. പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ഒരു ചര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.