ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഷെരീഫിന്റെ പ്രസ്താവനകള്‍ അസംബന്ധ പരാമര്‍ശങ്ങളാണ്. ഭീകരവാദത്തെ മഹത്വപ്പെടുത്തി പാകിസ്ഥാന്‍ ഒരിക്കല്‍ക്കൂടി വികലമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗലോട്ട് പറഞ്ഞു.
എത്ര നുണകള്‍ ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ലെന്ന് ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീരില്‍ വിനോദ സഞ്ചാരികളെ പാക് ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. ആഗോള ഭീകരര്‍ക്ക് എന്നും അഭയസ്ഥാനമാണ് പാകിസ്ഥാന്‍. ഒരു ദശാബ്ദത്തിലേറെയാണ് ഒസാമ ബിന്‍ലാദന് അഭയം നല്‍കിയത്. പാകിസ്ഥാനില്‍ ഭീകരവാദ ക്യാംപുകള്‍ നടത്തുന്നതായി മന്ത്രിമാര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പെറ്റല്‍ ഗെലോട്ട് പറഞ്ഞു.
പാക് ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനിടെ മെയ് ഒന്‍പത് വരെ ഇന്ത്യക്കെതിരെ കൂടുതല്‍ ആക്രമണം നടത്തുമെന്നായിരുന്നു പാകിസ്ഥാന്റെ ഭീഷണി. എന്നാല്‍ മെയ് പത്തിന് വെടിനിര്‍ത്തലിന് പാകിസ്ഥാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അതിന്റെ തെളിവുകളും ലഭ്യമാണ്. അത് വിജയമാണെന്ന് പാകിസ്ഥാന് തോന്നുണ്ടെങ്കില്‍ ആ വിജയം ആസ്വദിക്കാന്‍ പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും ഗെലോട്ട് പറഞ്ഞു.
സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമം കരാറിലെ വ്യവസ്ഥകളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണെന്ന് ഷഹബാസ് യുഎന്നില്‍ പറഞ്ഞു. പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ജലത്തിലുള്ള അവകാശം സംരക്ഷിക്കും. കരാറിന്റെ ഏതൊരു ലംഘനവും യുദ്ധത്തിന്റെ നടപടിയായി കണക്കാക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.
യുഎന്‍ സമ്മേളനത്തിനെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്ന സമാധാനത്തിന്റെ വക്താവാണ് ട്രംപ് എന്ന് വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷം അദേഹം പരിഹരിച്ചുവെന്ന അവകാശവാദവും ഉന്നയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.