മനാഗ്വേ: കത്തോലിക്കാ സഭയ്ക്കെതിരെയുള്ള നിക്കരാഗ്വ ഭരണകൂടത്തിന്റെ വേട്ടയാടലിന് വിശുദ്ധ വാരത്തില്‍ പോലും മാറ്റമില്ല. ക്രൈസ്തവര്‍ക്കെതിരെ അടിച്ചമര്‍ത്തലുകള്‍ വര്‍ധിപ്പിക്കുകയാണ് പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ. രാജ്യത്ത് പരമ്പരാഗതമായി നടത്തിക്കൊണ്ടിരുന്ന വിശുദ്ധവാര പ്രദക്ഷിണങ്ങള്‍ അധികാരികള്‍ തടസപ്പെടുത്തി. ഒരു വൈദികനെ രാജ്യത്തു നിന്നും പുറത്താക്കുകയും ചെയ്തു
വിശുദ്ധ മത്തായിയുടെയും മാര്‍ക്കോസിന്റെയും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൈറീന്‍കാരനായ ശിമയോന്‍ ഈശോയെ സഹായിക്കുന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള പ്രദക്ഷിണമാണ് അധികാരികള്‍ തടസപ്പെുത്തിയത്.
കുരിശു ചുമന്നു നടന്നുനീങ്ങുന്ന ഈ പ്രദക്ഷിണത്തിനിടയില്‍ പോലീസ് പാഞ്ഞെത്തുകയും പങ്കെടുത്തവരെ പിടികൂടുകയുമായിരുന്നു. പലരും ഓടിപ്പോയി. ചിലരെ പോലീസ് പിടികൂടി.
സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, കുരിശ് ചുമന്ന ഒരു യുവാവിന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത് കാണാം.
നിക്കരാഗ്വ സേച്ഛാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയും കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി കത്തോലിക്കാ സഭയെ പീഡിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പനാമിയന്‍ പുരോഹിതന്‍ ഫാദര്‍ ഡൊണാസിയാനോ അലര്‍ക്കോണിനെയാണ് വിശുദ്ധ വാരത്തിന്റെ തുടക്കത്തില്‍ സ്വേച്ഛാധിപത്യ ഭരണകൂടം രാജ്യത്തു നിന്നും പുറത്താക്കിയത്. 'അവര്‍ അദ്ദേഹത്തെ ഹോണ്ടുറാന്‍ അതിര്‍ത്തിയിലൂടെ കൊണ്ടുപോയി. ബിഷപ്പ് അല്‍വാരസിന്റെ മോചനത്തിനായി വിശുദ്ധ കുര്‍ബാനയില്‍ പ്രാര്‍ത്ഥിച്ചതാണ് അദ്ദേഹത്തിന്റെ കുറ്റം' - മുന്‍ രാഷ്ട്രീയ തടവുകാരനും അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഫെലിക്‌സ് മറാഡിയാഗ വെളിപ്പെടുത്തി.
എസ്റ്റെലി രൂപതയിലെ സാന്‍ ജോസ് ഡി കുസ്മാപ്പ പട്ടണത്തിലെ മേരി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍ ഇടവകയില്‍ സേവനം ചെയ്തിരുന്ന ഫാ. അലര്‍ക്കോണിനെ വിശുദ്ധ കുര്‍ബാന നടത്തിയതിന് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വേച്ഛാധിപത്യത്തെ എതിര്‍ത്തതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഒര്‍ട്ടേഗാ ഭരണകൂടം ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ തടവിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മെയില്‍ വീട്ടുതടങ്കലില്‍ അടയ്ക്കപ്പെട്ട അദ്ദേഹത്തെ ഫെബ്രുവരിയിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി 26 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്.
ഇതുകൂടാതെ 'മിഷണറീസ് ഓഫ് ചാരിറ്റി' സഭാംഗങ്ങളായ 18 കന്യാസ്ത്രീകളെ നാടുകടത്തുകയും കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.
ഭരണകൂടത്തിനെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്തുവന്നതാണ് പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയെ ചൊടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.