അവസാനം നീതി മധുവിനെ തേടി വന്നു.അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നു. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് ആദിവാസിയായ മധുവിനെ കൊലപ്പെടുത്തുന്നത്. സത്യത്തിൽ കേരളത്തിലെ മുഴുവൻ പൊതുസമൂഹ മന:സാക്ഷികൾക്കുമുള്ള വിധിയാണിത്.
രോഗവും പട്ടിണിയും തന്മൂലമുളള മരണവും വിശപ്പും അവഗണനയും കൊടികുത്തിവാഴുന്ന കേരളത്തിലെ ആദിവാസി ഊരുകളിലും ഒരു നേരത്തെ ഭക്ഷണം കഴിക്കാനാകാതെ ബുദ്ധിമുട്ടുന്ന ആളുകളിലും മോഷണചിന്ത മുള പൊട്ടുന്നത് അതിജീവനത്തിന്‍റെയോ ജീവവായുവിന്‍റെയോ പ്രശ്നമായാണെന്ന് പറഞ്ഞാല്‍ തളളപ്പെടാനാവുമോ? കേരളത്തിലെ പല സ്ഥലങ്ങളിലും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവർ ഉണ്ട്. ഈ കേരളത്തിലാണ് പട്ടിണി മൂലം ഭക്ഷണം മോഷ്ടിച്ചു എന്ന് പറഞ്ഞു മധുവിനെ തല്ലിക്കൊന്നത്.
കേരളത്തിലെ പല സ്ഥലങ്ങളിലും പൊതിച്ചോറുകൾ നൽകുന്നു. പല സംഘടനകളും അത് ചെയ്യുന്നു. കേരളത്തിൽ പട്ടിണി ഇല്ലാതെയാണോ ഇത്തരം ജീവകാരുണ്യ പ്രവർത്തികൾ നടന്നു വരുന്നത്? പട്ടിണിയും തൊഴിലില്ലായ്‌മയും കടക്കെണിയും കൂലിത്തട്ടിപ്പും കടുത്ത അവഗണനയും അവമതിപ്പും ചൂഷണവും മദ്യാസക്തിയും ബാലവേലയും അധികൃതരുടെ നടപടികളും വന്യമൃഗങ്ങളുടെ ആക്രമണങ്ങളുമെല്ലാം നേരിട്ടാണ് കേരളത്തിലെ ആദിവാസി ജനത ജീവിക്കുന്നത് എന്ന പരമ സത്യം മധുവിന്റെ കൊലപാതകം ലോകത്തെ അറിയിക്കുന്നു.
മധുവും വിശ്വനാഥനും പ്രതിനിധീകരിക്കുന്ന അധസ്ഥിത വിഭാഗത്തെ വീണ്ടും വീണ്ടും കല്ലെറിയാനും അവര്‍ക്കര്‍ഹതപ്പെട്ട അവകാശങ്ങളെ അവരില്‍ നിന്ന് പിടിച്ചുപറിക്കാനുമല്ലാതെ മറ്റെന്ത് മാറ്റമാണ് ഈ അഞ്ച് വര്‍ഷം കേരളത്തിൽ കൊണ്ടുണ്ടായത്?
മനുഷ്യവിരുദ്ധമായൊരു ലോകത്താണ് കേരളത്തിലെ ആദിവാസികൾ ജീവിക്കുന്നതെന്നാണ് വർത്തമാനകാല അനുഭവങ്ങൾ ഓർമപ്പെടുത്തുന്നത്. അട്ടപ്പാടിയിലെ മധുവിനെപ്പോലെ വയനാട്ടിലെ വിശ്വനാഥനും ആൾക്കൂട്ട വിചാരണക്കു പിന്നാലെ കൊല്ലപ്പെട്ടു. കേരളത്തിലെ പൊതുസമൂഹത്തിന് ആദിവാസികളെ മനുഷ്യരായി അംഗീകരിക്കാൻ കഴിയുന്നില്ല എന്ന് തന്നെയാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ചരിത്രപരമായി മുഖ്യധാരാ മനസ്സുകളിൽ അടിഞ്ഞുകൂടിയ ജീർണതയാണ് എപ്പോഴും മറനീക്കി പുറത്തുവരുന്നത്.
ആദിവാസികളും പട്ടിണിയും
കേരളത്തിലെ ആദിവാസി ചരിത്രം എന്നു പറയുന്നത്, അവകാശികള്‍ എന്ന നിലയില്‍ നിന്ന് സ്വന്തം ഭൂമിയില്‍ അഭയാര്‍ഥികളും ആശ്രിതരുമായതിന്റേതാണ്. അതായത് വിഭവനിയന്ത്രണമുണ്ടായിരുന്ന ഒരു ജനത ജനിച്ചുവളര്‍ന്ന ഭൂമിയില്‍ അഭയാര്‍ഥികളും ആശ്രിതരുമായി മാറിയ ചരിത്രം. ആദിവാസികളില്‍ ദാരിദ്ര്യം കൂടുന്നതും പോഷകാഹാരക്കുറവുണ്ടാകുന്നതും പട്ടിണിമരണങ്ങളുണ്ടാകുന്നതും പണമില്ലാത്തതുകൊണ്ടല്ല എന്നർഥം. പണമൊഴുക്കുണ്ടായി, ആദിവാസി പ്രദേശങ്ങള്‍ വികസിച്ചു, വളര്‍ന്നു. പക്ഷെ, ആദിവാസികള്‍ തളര്‍ന്നു. കേരളത്തിലെ വികസനപ്രവര്‍ത്തനം എന്നുപറയുന്നത് ആദിവാസി പ്രദേശങ്ങള്‍ വളര്‍ന്നതിന്റെയും ആദിവാസികള്‍ തളര്‍ന്നതിന്റെയുമാണ്. വികസിച്ച പ്രദേശങ്ങളില്‍ ഭൂമിയും വനവും വെള്ളവും മറ്റുള്ളവരുടെ കൈയിലേക്ക് പോകുന്നു.
പട്ടിണി മരണങ്ങളുടെ യഥാർത്ഥ കാരണം തേടിക്കൊണ്ടുള്ള ചര്‍ച്ചകള്‍ ക്ഷേമ പദ്ധതികളിലും അതിന്റെ നടത്തിപ്പിലും ചുറ്റിത്തിരിയുമ്പോള്‍ നാം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണ് ചെയ്യുന്നത്. പട്ടിണിമരണങ്ങള്‍ അടയാളപ്പെടുത്തുന്നത് ചരിത്രപരമായ അസമത്വങ്ങളിലാണ്. അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് നാം കരുതിയ പട്ടിണിമരണങ്ങള്‍ അട്ടപ്പാടിയിലും ഇനിയും അറിയപ്പെടാത്ത ആദിവാസി ഊരുകളിലും അടയാളപ്പെടുത്തുന്നത്.
പാഴാക്കി കളയുന്ന ഭക്ഷണ സംസ്കാരം
മധുവിന്റെ കൊലപാതകം വിരൽ ചൂണ്ടുന്നത് പാഴാക്കി കളയുന്ന ഭക്ഷണ സംസ്കാരത്തിലേക്കാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കി കളയുന്നത് എവിടെയാണെന്നറിയാമോ? ഏതെങ്കിലും ഹോട്ടലുകളെയൊ കല്ല്യാണ പരിപാടികളെയോ കുറ്റം പറയുന്നതിന് മുൻപ് ഒന്നാലോചിച്ചു നോക്കൂ...അത് വീടിനുള്ളിൽ തന്നെയാണ്. ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കി പാഴാക്കി കളയുന്ന ഒരു സംസ്കാരം ഇവിടെയുണ്ട്. ഓരോ ദിവസവും നമ്മുടെ വീടുകളിൽ ഭക്ഷണം പാഴാക്കുന്നതിന്റെ കണക്കെടുക്കണം. ഇങ്ങനെ നോക്കിയാൽ മാസം ശരാശരി 2000 രൂപയുടെ ഭക്ഷണം മലയാളി പാഴാക്കുന്നുണ്ട്. നിരവധി പട്ടിണിമരണങ്ങൾ തടയാനുള്ള ഭക്ഷണം നമ്മുടെ വീടുകളിൽ നിന്നും പാഴാക്കപ്പെടുന്നുണ്ട്. ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കുകയും, ബാക്കി വരുന്നത് കുഴിച്ചുമൂടേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു.
പ്രതിവർഷം 1.3 ബില്യൺ ടൺ ഭക്ഷണം പാഴാക്കപ്പെടുന്നു
ഭക്ഷണം പാഴാക്കുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ കൂടി അറിയണം. ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (FAO) കണക്കുപ്രകാരം ലോകത്താകമാനം പ്രതിവർഷം 1.3 ബില്യൺ ടൺ ഭക്ഷണമാണ് പാഴാക്കപ്പെടുന്നത്. ഇതിൽ ഒന്നാം സ്ഥാനത്ത് യു.എസ്.എ ആണെങ്കിലും ഇന്ത്യയിലും ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ 40% പാഴായിപ്പോവുകയാണ്. അതായത് ഇന്ത്യയിൽ പാഴാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ മൂല്യം പ്രതിവർഷം 92000 കോടിയാണ് എന്ന് യു എൻ. റിപ്പോർട്ട് ചെയ്യുന്നു. പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളുടെ നാലിൽ ഒരു ഭാഗം മാത്രം മതി ലോകത്തെ 870 ദശലക്ഷം പേരുടെ ദാരിദ്ര്യമകറ്റാൻ എന്ന FAO യുടെ കണ്ടെത്തലും പ്രസക്തമാണിവിടെ.
സമ്പന്നരാജ്യമായ അമേരിക്കയിൽപോലും 5 ദശലക്ഷം പേർക്ക് ആവശ്യത്തിന് പോഷകാഹാരമില്ലെന്ന് U N പറയുമ്പോൾ ഇന്ത്യയിൽ 78% പേർക്കും ആരോഗ്യകരമായ പോഷകാഹാര ലഭ്യതയില്ലെന്നതും ഓർമ്മിക്കേണ്ടതുണ്ട്. ലോകജനസംഖ്യയിൽ 69 കോടി ജനങ്ങള്‍ കടുത്ത പട്ടിണിയിലും 9 പേരിലൊരാൾ ഒഴിഞ്ഞ വയറുമായും കഴിയുന്നു. ലോകത്തു ലഭ്യമായ ഭക്ഷണത്തിന്റെ അഞ്ചിലൊന്നു പാഴാക്കുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. അമിതമായി കഴിക്കുന്നതോ വലിച്ചെറിയുന്നതോ ആയ രീതിയിൽ 20 ശതമാനം ഭക്ഷണമാണ് ആർക്കും ഉപകരിക്കാതെ പോകുന്നതെന്നാണ് ഇംഗ്ലണ്ടിലെ എഡിൻബറോ സർവകലാശാലയിലെ ഗവേഷകരുടെ പഠനങ്ങൾ പറയുന്നത്.
ആദിവാസി അസമത്വങ്ങളും ഭയവും
ഭൂരഹിതരായും സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ തിരസ്‌കരിക്കപ്പെട്ടവരായും ജീവിക്കുന്നവരെ പട്ടിണിമരണങ്ങള്‍ നിരന്തരമായി വേട്ടയാടുന്നത് ഘടനാപരമായ അസമത്വം കൊണ്ടാണ്. ഈ ഘടനാപരമായ അസമത്വത്തെ കേരളത്തിൽ പരിഹരിക്കാനുള്ള ഏതുശ്രമവും പരിമിതമാണ്. അഥവാ ചരിത്രപരമായ അസമത്വത്തോട് സമവായം നടത്തുന്ന സാംസ്‌കാരികമായ സുരക്ഷിതത്വബോധമാണ് ഏറെ അപകടകരം.
അതുകൊണ്ടാണ് അട്ടപ്പാടിപോലുള്ള ഊരുകളിലെ കുഞ്ഞുങ്ങളുടെ മരണം കേരളത്തിന്റെ പൊതുസമൂഹത്തിന് പ്രശ്‌നമാകാത്തത്.കടുവയെയും സിംഹത്തെയും കീഴടക്കുന്ന ആദിവാസി ഒരു റവന്യൂ ഇന്‍സ്‌പെക്ടറുടെ മുന്നില്‍ നിന്ന് വിറയ്ക്കുന്നു. കാരണം അയാള്‍ ഭരണകൂട പ്രതിനിധിയാണ്. ഭരണകൂടത്തിനെ ആദിവാസികള്‍ക്ക് ഭയമാണ്. അതൊരു പുതിയ കാര്യമല്ല.
നവോന്ഥാന കേരളം, പുരോഗമനം എന്നെല്ലാം പറയുമ്പോഴും ആദിവാസി വേട്ടയുടെ കാര്യത്തിൽ ഇതൊന്നും കാണാനില്ല. വിശന്നുവലഞ്ഞപ്പോള്‍ അല്‍പ്പം ഭക്ഷണം അനുവാദം ചോദിക്കാതെ എടുത്തു കഴിച്ചതിനാണല്ലോ മധു എന്ന ആദിവാസി യുവാവിനെ നാമുള്‍പ്പെടുന്ന പരിഷ്‌കൃത സമൂഹം കൈകെട്ടിയിട്ട് മര്‍ദിച്ചു കൊന്നത്? നാടിനെ ഭയന്ന്, കാടിന്റെ പരിമിതമായ സൗകര്യത്തില്‍ മാത്രം ജീവിക്കാന്‍ അവരുടെ മനസ്സ് താദാത്മ്യം പ്രാപിച്ചിരിക്കുന്നു. അതിനപ്പുറത്തേക്ക് അവര്‍ക്ക് ഒന്നുമറിയില്ല, ഒന്നും ആഗ്രഹിക്കുന്നുമില്ല. അക്കാരണത്താല്‍ അവര്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികള്‍ ഗതിമാറിപ്പോകുകയും അഴിമതിയുടെ കൂത്തരങ്ങായി മാറുകയും ചെയ്യുന്നു.
ഏതൊരു രാഷ്ട്രീയ പാർട്ടികളും ആദിവാസികളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് ചെയ്യുന്നില്ല. കേരളത്തിലെ മുഖ്യധാരയുടെ മനുഷ്യവിരുദ്ധത തെളിമങ്ങാതെ തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആദിവാസികളിലെ പോഷകാഹാരക്കുറവും കുട്ടികളുടെ മരണവും പരിഹരിക്കുക എന്ന ഒരു ചെറിയ പ്രശ്‌നമല്ല ഇത്, മൊത്തത്തിലുള്ള വികസനം എങ്ങനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കാം എന്നതാണ്. അതിന് മൗലികമായ, ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അതിന് ഇവിടുത്തെ ശക്തരും അവരെ പിന്തുണയ്ക്കുന്നവരും സമ്മതിക്കുമോ?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26