സ്വന്തം വീടെന്ന സ്വപ്നത്തിന് നാളെ മുതല്‍ കനത്ത വില; 1200 ചതുരശ്ര അടി വീടിന് ഇന്ന് 712 രൂപ, നാളെ 13,530

സ്വന്തം വീടെന്ന സ്വപ്നത്തിന് നാളെ മുതല്‍ കനത്ത വില; 1200 ചതുരശ്ര അടി വീടിന് ഇന്ന് 712 രൂപ, നാളെ 13,530

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട പെര്‍മിറ്റ് ഫീസും അപേക്ഷ ഫീസും കുത്തനെ കൂട്ടിയതില്‍ പ്രതിഷേധം തുടരുന്നതിനിടെ ഉയര്‍ന്ന നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍. ഇതൊടെ 1200 ചതുരശ്രയടിയുള്ള വീടിന് പെര്‍മിറ്റ് ഫീസായി നല്‍കേണ്ടി വരുന്നത് 13, 520 രൂപ. കഴിഞ്ഞ ദിവസം വരെ 712 രൂപയായിരുന്നു പെര്‍മിറ്റ് ഫീസ്. പത്തൊന്‍പത് മടങ്ങാണ് നിരക്ക് വര്‍ധന.

കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് നിരക്ക് വര്‍ധന സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നടത്തിയത്.

ചെറുകിട നിര്‍മ്മാണങ്ങളെ പോലും സാരമായി ബാധിക്കുന്ന തരത്തിലാണ് നിരക്ക് വര്‍ധന നിലവില്‍ വന്നത്. മുന്‍പ് 1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റര്‍ ) വരെ ചെറുകിട നിര്‍മ്മാണത്തിന്റെ പരിധിയിലായിരുന്നെങ്കില്‍ ഇനി മുതല്‍ 860.8 ചതുരശ്ര അടിവരെയുള്ള (80 ചതുരശ്ര മീറ്റര്‍)കെട്ടിടങ്ങള്‍ മാത്രമാണ് ചെറുകിട നിര്‍മ്മാണമായി കണക്കാക്കുന്നത്.

കെട്ടിട പെര്‍മിറ്റ് ഫീസായി നഗരങ്ങളില്‍ പുതിയ നിരക്ക് പ്രകാരം 860.8 ചതുരശ്ര അടി വരെ 15 രൂപയും അതിന് മുകളില്‍ 1614 വരെ 100 രൂപയുമാണ് നല്‍കേണ്ടത്. 3228 ചതുരശ്ര അടി (300 ചതുരശ്ര മീറ്റര്‍ ) വരെ 150 രൂപയും അതിന് മുകളില്‍ 200രൂപയുമാണ് പുതുക്കിയ ഫീസ്. മുന്‍പ് 1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റര്‍) വരെയുള്ള ഗാര്‍ഹിക കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഫീസ് ഒരു ചതുരശ്ര മീറ്ററിന് അഞ്ച് രൂപയായിരുന്നു.

മുനിസിപ്പാലിറ്റിയിലില്‍ 860.8 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന് ഒരു ചതുരശ്ര അടിക്ക് 10 രൂപയാണ് പെര്‍മിറ്റ് ഫീസായി പുതുക്കിയ നിരക്ക് പ്രകാരം നല്‍കേണ്ടി വരിക. അതിന് മുകളില്‍ 1614 വരെ 70 രൂപയും നല്‍കണം. 3228 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടമാണെങ്കില്‍ 120 രൂപയാണ് ഒരു ചതുരശ്ര അടിക്ക് നല്‍കേണ്ടി വരുന്നത്. അതിന് മുകളില്‍ 200 രൂപയും.

പഞ്ചായത്ത് പരിധിയില്‍ 860.8 ചതുരശ്ര അടി വരെ ഏഴ് രൂപയും അതിന് മുകളില്‍ 1614 വരെ 50 രൂപയാണ് ഫീസ്. കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 3228 വരെയാണെങ്കില്‍ 100 രൂപ ഒരു ചതുരശ്രയടിക്ക് നല്‍കണം. അതിന് മുകളില്‍ 150 രൂപയാണ് പുതുക്കിയ ഫീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.