പ്രധാനമന്ത്രിയുടെ വരവ് ആത്മവിശ്വാസം നല്‍കുന്നു; മോഡിയുടെ സന്ദര്‍ശനം ഉണ്ടാക്കുന്ന പ്രത്യാഘാതം പറയാന്‍ കഴിയില്ല: മാര്‍ ഭരണികുളങ്ങര

പ്രധാനമന്ത്രിയുടെ വരവ് ആത്മവിശ്വാസം നല്‍കുന്നു; മോഡിയുടെ സന്ദര്‍ശനം ഉണ്ടാക്കുന്ന പ്രത്യാഘാതം പറയാന്‍ കഴിയില്ല: മാര്‍ ഭരണികുളങ്ങര

ന്യൂഡല്‍ഹി: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. മോഡിയുടെ സന്ദര്‍ശനം ആത്മവിശ്വാസം നല്‍കുന്നുവെന്നും അദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉണ്ടാക്കുന്ന പ്രത്യാഘാതം എന്താണന്ന് പറയാന്‍ കഴിയില്ല. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ ദേവാലയ സന്ദര്‍ശനം നടത്തുന്നതെന്നും അത് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും മാര്‍ ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.

ഈസ്റ്ററിനോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വൈദികര്‍ ചേര്‍ന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം നരേന്ദ്ര മോഡി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

ഇരുപത് മിനിട്ടോളം പള്ളിയില്‍ ചെലവഴിച്ച അദ്ദേഹം പുരോഹിതരുമായും വിശ്വാസികളുമായും സംവദിച്ചു. തുടര്‍ന്ന് ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

യേശു ക്രിസ്തുവിന്റെ ചിന്തകളെ നാം ഓര്‍മിക്കുന്ന ദിവസമാണ് ഈസ്റ്ററെന്നും സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ എത്തിയത് വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.