കത്തോലിക്കാ സഭ ചരിത്ര വഴികളിലൂടെ(ഭാഗം2 )

കത്തോലിക്കാ സഭ ചരിത്ര വഴികളിലൂടെ(ഭാഗം2 )

ഈശോയുടെ കുരിശുമരണം . 

1 ഒന്നാം ഭാഗത്തു നാം കുരിശിന്റെ ആവിർഭാവത്തെ കുറിച്ചും അതിലെ മരണത്തെ കുറിച്ചും കണ്ടു. രണ്ടാം ഭാഗത്തു നമ്മുടെ വിശ്വാസത്തിന്റെ അധാരാശിലയായ ഈശോയുടെ പെസഹാരഹസ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നായ കുരിശു മരണത്തെ കുറിച്ചാണ് പഠിക്കാൻ പോകുന്നതും അതിലുപരി ആയി ധ്യാനിക്കാൻ ഒരുങ്ങുന്നതും. 

2. നാമെല്ലാം തന്നെ കുരിശിന്റെ വഴി ഒരു ഭക്താഭ്യാസം എന്ന നിലയിൽ നടത്തുന്നവരാണ്. എന്നാൽ കുരിശു മരണവുമായി ഈശോ അനുഭവിച്ച, മാനുഷികമായി പറഞ്ഞാൽ, മനുഷ്യ സ്വഭാവത്തിന്റ സമഗ്രതയിൽ അനുഭവിച്ച വേദനയുടെ വ്യാപ്തിയെ കുറിച്ചോ കഠോ രഥകളെക്കുറിച്ചോ അറിവുള്ളവരല്ല നമ്മിൽ പലരും. അതിനാൽ തന്നെ നമ്മുടെ കുരിശിന്റ വഴികൾ വെറും വൈകാരികമായ ഒരു പ്രകടനമായി മറുന്നില്ലേ?

3. എന്തായിരുന്നു ഇശോയുടെ കുരിശുമരണത്തിന്റെ വ്യാപ്തിയും കഠോ രതയും. അതു മാനുഷികമായിട്ടുള്ള സഹനങ്ങളുടെ പൂർണത ആയിരുന്നു. ശരീരികമായി, മനസികമായി, വൈകാരികമായി - എല്ലാ തലങ്ങളെയും സ്പർശിക്കുന്ന പൂർണത. 

4. നമുക്ക് ഈശോയുടെ കുരിശിന്റെ വഴിയെ ഒന്നനുധാവനം ചെയ്യാം. ഗദ്സെമിനി തുടങ്ങി ഗാഗുൽത്താ വരെ. ആദ്യമായി സ്വന്തം എന്നുകരുതി കൂടെ കൊണ്ടുനടന്ന ശിഷ്യനാൽ ഒറ്റിക്കൊടുക്കപ്പെടുക, അതും സ്നേഹ വത്സനനായ ഒരു ശിഷ്യൻ ഗുരുവിനു സമ്മാനിക്കുന്ന വാത്സല്യം നിറഞ്ഞ ചുംബനം കൊണ്ടു. എത്രയോ ഹൃദയഭേദകമായിരുന്നു ആ അനുഭവം ഇശോയ്ക്ക്. 

5. ഒറ്റപ്പെടലിന്റെ അനുഭവം. വരാനിരിക്കുന്നതെല്ലാം മുൻകൂട്ടി കണ്ട ഈശോ അവിടുത്തെ ഭീകര വേദനകളുടെ നിമിഷത്തിൽമനുഷ്യ സഹവാസം ആഗ്രഹിച്ചാണ് ഗദ്സെമിനയിലേക്ക് വത്സല ശിഷ്യന്മാരുമായി പോയത്. എന്നാൽ മനോവേദനയുടെ പാരമ്യത്തിൽ ഒരല്പം ആശ്വാസത്തിനു വേണ്ടി പോലും അവരുടെ സാമീപ്യം ലഭിച്ചില്ല.

6. ഗെദ്സെമിനിയിലെ അറസ്റ്റ്. ഒരു കള്ളനെയും കൊലപാതകിയെയും ഒരു സാമൂഹ്യദ്രോഹിയെയും എന്ന പോലെ ലോകരക്ഷക്കായി വന്ന ദൈവപുത്രൻ ബന്ധിക്കപ്പെടുന്നു. തികഞ്ഞ നിസ്സഹായത, ഏകാന്തത. സുഹൃത്തുക്കൾ എല്ലാവരും ഉപേക്ഷിച്ചു ഓടി പോകുന്നു.

7. നീതിയില്ലാത്ത നീതിന്യായ നടത്തിപ്പിന്റെ വേദന ഇവിടെ ആരംഭിക്കുന്നു. എല്ലാ യെഹൂദ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ടു അന്നാ സിന്റെ നേതൃതുത്തിൽ യെഹൂദാ നേതൃത്വം ഇശോയുടുള്ള കഠിനമായ വൈരാഗ്യ ബുദ്ധി പ്രകടിപ്പിക്കാൻ തുടങ്ങുന്നു. അന്നാസ് മുഖ്യപുരോഹിതനായ കയ്യായഫസിന്റെ അമ്മായപ്പനായിരുന്നു. അയാൾക്ക് ഇശോയോട് പ്രത്ത്യേക വൈരാഗ്യവുമുണ്ടായിരുന്നു. അതിന്റെ വിവരം പിന്നാലെ.

(i) യെഹൂദ നിയമം ലങ്കിച്ചു കൊണ്ടു തന്നെ രാത്രിയിൽ കൂടാൻ അനുവാദം ഇല്ലാത്ത സെന്ഹദ്രിൻ സംഗം രാത്രിയിൽ തന്നെ കൂടുന്നു.

(ii) ഇതു യെഹൂദരുടെ സുപ്രീം കോടതി ആണു. അതിൽ 71 അംഗങ്ങളാണ് ഉള്ളത്.അതു കൂടുന്നത് അതിനായി ജെറുസലേം ദൈവാലയത്തിൽ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. പകൽ സമയത്തു അവിടെ മാത്രമേ അതിനു കൂടാൻ അനുവാദമുള്ള. ഈ നിയമങ്ങളെല്ലാം ഇവിടെ ലംഘിക്കപ്പെട്ടു .

(iii) സാക്ഷികൾ : സ്വാതന്ത്രമായ സാക്ഷി വിസ്തരമാണ് നിയമം അനുശാസ്സിക്കുന്നത്.എന്നാൽ ഈശോയുടെ കാര്യത്തിൽ കള്ളസക്ഷികളെ നിരത്തുക ആയിരുന്നു അവർ. 

(iv) ഏതു തരത്തിലും ഇശോയ്ക്കു മരണ ശിക്ഷ ഉറപ്പാക്കണമെന്നും അതിന് 

അനുസൃതമായഒരുത്തരം അല്ലെങ്കിൽ ഒരു പ്രസ്താവന ഈശോയുടെ വായിൽ നിന്നും വീഴണമെന്ന് അതിയായി ആഗ്രഹിച്ച പ്രധാന ആചാര്യൻ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യം ഇശോയോട് ചോദിക്കുന്നു. ദൈവനാമത്തിൽ സത്യം ചെയ്തു കൊണ്ടു തന്നെ. നീ ദൈവ പുത്രനാണോ.. അതിനുത്തരം അതേ എന്നാണെങ്കിൽ അവർ ആഗ്രഹിച്ചത് നടക്കും. ഇവിടെ മനുഷ്യ രക്ഷ തുലാസിൽ തൂങ്ങിയ ഒരവസരം. അല്ല എന്നു പറഞ്ഞാൽ പ്രധാന പുരോഹിതന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല, കാരണം യെഹൂ ദരുടെ സുപ്രീം കോർട്ടിന് ദൈവദൂഷണത്തിനു മാത്രമേ ഒരാളെ മരണശിക്ഷക്ക് ഏല്പിച്ച് കൊടുക്കാൻ കഴിയു, മരണശിക്ഷ നടപ്പാക്കേണ്ടത് റോമൻ അധികാരികളും. ഈശോ ഇവിടെ സ്വന്തം മരണ വാറന്റ് ഒപ്പിടുക ആയിരുന്നു, ആ ചോദ്യത്തിന് ഈശോ നൽകിയ ഉത്തരമാണ് ആ വാറന്റ്. അർത്ഥ ശങ്കക്കിടവരാതെ അവിടുത്തെ ദൈവപുത്രസ്ഥാനം അവിടുന്ന് ഏറ്റു പറയുന്നു.യഹൂദ നീതി നിർവഹണത്തിന്റെ ചട്ടങ്ങൾ തന്നെ അങ്ങിനെ അവരുടെ സുപ്രീം കോടതി തന്നെ ലംഘിക്കുന്നു .മരണത്തിനു അർഹൻ എന്നു അവർ തീരുമാനിക്കുന്നു.

(v) യെഹൂദാ നിയമ മനുസരിച്ചു ഒരാളെ മരണത്തിനു വിധിച്ചാൽ ഒരുരാത്രി എങ്കിലും കഴിഞ്ഞേ വിധി നടപ്പാക്കാവൂ എന്നാണ്.അതിനു കാരണം ഈ സമയത്തു കുറ്റവാളിക്കു അനുകൂലമായ ഏതെങ്കിലും പുതിയ തെളിവ് ഹാജരാക്കാൻ കഴിഞ്ഞാൽ അയാളെ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയും എന്ന സദുദ്ദേശമാണ് .ഇവിടെ ഇശോയെ നേരം വെളുക്കുമ്പോഴേക്കും പിലാത്തോസിന്റെ മുന്നിലേക്ക് കൊണ്ടു പോകുന്നതാണ് നാം കാണുന്നത്.

(vi) ഈ രാത്രിയിൽ ഈശോ അനുഭവിക്കേണ്ടി വന്ന വിവിധങ്ങളായ വേദനകൾ, പരിഹാസങ്ങൾ , ശാരീരിക കഷ്ടതകൾ ബൈബിളിൽ നാം വയ്ക്കുന്നത് കൊണ്ടു അതിവിടെ കുറിക്കുന്നില്ല.

8. അന്നാസ്സിനു ഇശോയുടുണ്ടായിരുന്ന പ്രത്യേക വൈരാഗ്യത്തിന് കാരണം പേസ്സഹതിരുന്നാളിനോടാനുബന്ധിച്ചു ഈശോ ജെറുസലേം ദേവാലയത്തിൽ നടത്തിയ ശുദ്ധീകരണ നടപടി യാണ്. പാവപ്പെട്ട തീർത്താടകരെ കൊള്ളയടിക്കുക ആയിരുന്നു ദേവാലയ ത്തിന്റെ പരിധിക്കുള്ളിൽ വച്ചു തന്നെ നടത്തപ്പെട്ട കച്ചവടവും നാണയ മാറ്റവും എല്ലാം. ഏകദേശം 25 ലക്ഷം തീർത്തടകരാണ് പേസ്സഹതിരുന്നാളിന് ജെറുസലേം ദേവാലയത്തിൽ സമ്മേളിച്ചിരുന്നത്. അവർ ലോകത്തിന്റെ നനഭാഗങ്ങളിൽ നിന്നും എത്തുന്ന യെഹൂദർ.അവർ താന്താങ്ങളുടെ രാജ്യത്തെ നാണയവുമായിട്ടാണ് വരുന്നത്. എന്നാൽ ദേവാലയത്തിൽ യെഹൂദരുടെ നാണയം മാത്രമേ നേർച്ച ഇടാൻ പറ്റൂ. ഇവിടെയാണ് നാണയകൈമാറ്റത്തിന്റ ആവശ്യം. അതിനു പാവങ്ങളിൽ നിന്നും ഇടാക്കുന്ന കമ്മീഷൻ തുക വളരെ കൂടുതലും. അതു പോലെ തന്നെ ആട്, പ്രാവ്, കാള, ബലിക്കുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യം. ദേവാലയ പരിസരത്തിനുള്ളിൽ ഇതിനെ വിൽക്കുന്ന കടകളുണ്ട്. ബലി അർപ്പിക്കപ്പെടുന്നത് എന്തും ഊനമാറ്റാതായിരിക്കണം

അതു പരിശോധിക്കാനുള്ള ഉദ്യോഗസ്ഥർ ദേവാലയത്തിലുണ്ട്. പുറത്തു നിന്നും കൊണ്ടു വരുന്ന എന്തിലും അവർ കുറ്റം കണ്ടു പിടിക്കും, എന്നിട്ട് ദേവാലയത്തിനുള്ളിലുള്ള കടയിൽ നിന്നും വാങ്ങാൻ കൽപിക്കും, പാവം തീർത്തടകർ അതിനു നിര്ബന്ധിക്കപ്പെടും. പുറത്തു നിന്നും ഒരു 4 രൂപയ്ക്കു കിട്ടുന്ന സാധനമായിരിക്കും, ഇവിടെ അതിനു 75 രൂപ ആയിരിക്കും അവർ വാങ്ങുന്നത്. ദൈവഭവനത്തെ ശെരിക്കും മോഷ്ടാക്കളുടെ ഗുഹ ആക്കി മാറ്റുന്ന അവസ്ഥ.ഈശോയുടെ ക്രോധം കത്തിജ്വലിക്കാൻ വേറെന്തു വേണം. അതാണ് ചാട്ടവാർ എടുക്കാൻ ഇശോയെ നിർബന്ധിതനാക്കിയത്. യെഥാർത്ഥത്തിൽ ചാട്ടവാർ അടികൊണ്ടത് അന്നാസ്സിനായിരുന്നു.കാരണം ഈ കടകളെല്ലാം അന്നാസിന്റെതായിരുന്നു. ഇവ അറിയപ്പെട്ടിരുന്നതും അങ്ങിനെ തന്നെ ആയിരുന്നു. ഇപ്പോൾ പ്രധാന പുരോഹിതാനല്ലെങ്കിലും അതിന്റെ എല്ലാ അധികാരങ്ങളും വളഞ്ഞ വഴികളിലൂടെ കയ്യടക്കിയിരുന്ന ആളാണ്. അയാൾ അന്നു മുതൽ ഇശോയെ നശിപ്പിക്കാൻ ആലോചിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. അ ആഗ്രഹമാണ് ഇന്നു നിറവേറിയത്. യെഹൂദ പുരോഹിതർ തികഞ്ഞ വൈര നിര്യാതന ബുദ്ധിയോടെ ആ മുഹൂർത്തം മുതലെടുക്കുകയാണിവിടെ.

9. ഈ ഭാഗം ഇവിടെ അവസാനിപ്പിക്കുന്നു.പീലാത്തോസിന്റെ മുന്നിലേക്ക് നയിക്കപ്പെടുന്ന ഈശോയെയും അവിടുത്തെ പീഡാനുഭാവത്തിന്റെ തുടർന്ന് വരുന്ന സംഭവങ്ങളെയും കുറിച്ചു അടുത്ത ആഴ്ച.

കെ സി ജോൺ, കല്ലുപുരക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.