മാഞ്ചസ്റ്റര്‍ സിനഗോ​ഗ് ആക്രമണം: പ്രതി ഭീകരാക്രമണം നടത്തിയത് ബലാത്സംഗ കേസില്‍ ജാമ്യത്തിലിരിക്കെ

മാഞ്ചസ്റ്റര്‍ സിനഗോ​ഗ് ആക്രമണം: പ്രതി ഭീകരാക്രമണം നടത്തിയത് ബലാത്സംഗ കേസില്‍ ജാമ്യത്തിലിരിക്കെ

ലണ്ടന്‍: തീവ്രവാദി ജിഹാദ് അൽ ഷാമി മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗില്‍ ആക്രമണം നടത്തിയത് ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ കഴിയവെയെന്ന് റിപ്പോർട്ടുകൾ. ഈ വര്‍ഷം ആദ്യം നടന്ന ഒരു ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഈ കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

അൽ ഷാമിക്കെതിരെ മറ്റു ചില കേസുകള്‍ കൂടിയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭാര്യയുമായി പിരിഞ്ഞതിന് ശേഷം ഇയാള്‍ തന്റെ മാതാവിനോടും രണ്ടു സഹോദരന്മാരില്‍ ഒരാളോടും ഒപ്പമായിരുന്നു കുടുംബ വീട്ടില്‍ താമസിച്ചിരുന്നത്. ഇംഗ്ലീഷും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗും പഠിപ്പിക്കുകയായിരുന്നു പ്രതി.

അൽ ഷാമിയുടെ പിതാവ് ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയെ ന്യായീകരിച്ച വ്യക്തിയാണെന്ന തെളിവുകളും പുറത്തു വന്നു. 1200 പേരോളം കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്ത ആക്രമണത്തെ ഫരാജ് അല്‍ ഷാമി പുകഴ്ത്തിയിരുന്നു.

സിറിയയില്‍ നിന്നും യു കെയില്‍ എത്തിയ ട്രോമ സര്‍ജന്‍ കൂടിയായ ഫരാജ് അല്‍ ഷാമി ഹമാസ് ഭീകരരോട് ആഹ്വാനം ചെയ്തത് അവരുടെ ആയുധങ്ങള്‍ നന്നായി സൂക്ഷിക്കുവാനും കൃത്യമായി ഉന്നം വയ്ക്കാനും ആയിരുന്നു. ഹമാസ് ഭീകരരുടെ അതിക്രൂരമായ ആക്രമണം നടന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാത്രമായിരുന്നു ഈയാള്‍ ഈ പോസ്റ്റിട്ടത്.

അതേസമയം അക്രമിയെ നേരിടുന്നതിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ അബദ്ധത്തിൽ രണ്ട് പേർക്കു കൂടി വെടി കൊണ്ടതായി അധികൃതർ. അക്രമി സിനഗോഗിൽ പ്രവേശിക്കുന്നതു തടയാൻ വാതിലിനു പിന്നിൽ നിന്നു ശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റത്. കൊല്ലപ്പെട്ട രണ്ട് പേരിലൊരാൾക്കും പരിക്കേറ്റവരിലൊരാൾക്കുമാണ് വെടിയേറ്റതെന്നും പൊലീസ് അറിയിച്ചു.

ആക്രമണം നടന്ന സിനഗോഗ് പ്രധാനമന്ത്രി കെയർ സ്റ്റാമർ സന്ദർശിച്ചു. ജൂത ആരാധനാലയങ്ങളായ സിനഗോഗുകൾക്ക് സുരക്ഷ വർധിപ്പിക്കാൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.