ഇന്ന് സോണിയാ ഗാന്ധിയുടെ 75ാം പിറന്നാള്‍; അന്റോണിയ ആല്‍ബിന മൈനോ അങ്ങനെ ഇന്ത്യയിലെത്തി

ഇന്ന് സോണിയാ ഗാന്ധിയുടെ 75ാം പിറന്നാള്‍; അന്റോണിയ ആല്‍ബിന മൈനോ അങ്ങനെ  ഇന്ത്യയിലെത്തി

വെള്ളാരം കണ്ണുകളും വെളുത്ത നിറവുമുള്ള ആ പെണ്‍കുട്ടിയെ രാജീവിന് വല്ലാതെ പിടിച്ചു. കോളജിനടുത്തുള്ള റസ്‌റ്റോറന്റില്‍ കൂട്ടുകാരോടൊപ്പം എന്നും അവള്‍ വരും. കരളില്‍ കരുതി വച്ച പ്രണയവുമായി രാജീവും അവിടെയെത്തും. മാറി നിന്ന് അവളറിയാതെ നോക്കും. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.

അവസാനം ഒരു ദിവസം പേരിനൊന്ന് പരിചയപ്പെട്ടു. പിന്നീട് സൗഹൃദത്തിലായി. പക്ഷേ, ഉള്ളിലുള്ള പ്രണയം പറയാന്‍ ധൈര്യമില്ല. മാത്രമല്ല, ഭാഷയും അത്ര വശമില്ല. അവസാനം ഒരു ഇറ്റാലിയന്‍ സുഹൃത്തിന്റെ സഹായത്തോടെ രാജീവ് തന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു. അങ്ങനെ എഡ്വിജ് അന്റോണിയ ആല്‍ബിന മൈനോ രാജീവ് ഗാന്ധിയുടെ ഇഷ്ട പ്രാണേശ്വരിയായി...സോണിയ എന്ന പേര് സ്വീകരിച്ച് ഗാന്ധി കുടുംബത്തിന്റെ മരുമകളായി....

ബിജെപി ഉള്‍പ്പെടുന്ന ശത്രുപക്ഷം സോണിയ ഗാന്ധിയെ ആക്രമിക്കുന്നത് അവര്‍ ഇറ്റാലിക്കാരിയാണ് എന്നു പറഞ്ഞാണ്. ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് ഇന്ത്യക്കാരിയായി ജീവിക്കുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിനായി അവരുടെ ദേശ സ്‌നേഹത്തേയും രാജ്യത്തോടുള്ള കൂറിനേയും സംഘപരിവാര്‍ സംഘടനകള്‍ നിരന്തരം ചോദ്യം ചെയ്ത് കൊണ്ടേയിരുന്നു. അവരുടെ പൂര്‍വ്വകാല ജീവിത്തെ കുറിച്ച് പല വ്യാജ കഥകളും പ്രചരിപ്പിച്ചു.

ഇന്ന് സോണിയ ഗാന്ധിയുടെ 75ാം പിറന്നാളാണ്. ജന്മ ദിനത്തില്‍ സോണിയാ ഗാന്ധിയുടെ ജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ഒരു യാത്ര.

1946 ഡിസംബര്‍ ഒമ്പതിന് ഇറ്റലിയിലെ ഒര്‍ബാസനോയിലെ പരാമ്പരാഗത റോമന്‍ കത്തോലിക്ക കുടുംബത്തില്‍ പവോല-സ്റ്റെഫാനോ മൈനോ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് എഡ്വിജ് അന്റോണിയ ആല്‍ബിന മൈനോ ജനിച്ചത്. ചെറുപ്പത്തിലേ തന്നെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കിയായിരുന്നു.

ഇറ്റാലിയന്‍ സ്വേച്ഛാധിപതി മുസോളിനിയുടെ ആരാധകനും ഇറ്റലിയിലെ നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടിയുടെയും വിശ്വസ്ത പിന്തുണക്കാരനായിരുന്നു സോണിയയുടെ പിതാവ് സ്റ്റെഫാനോ. അദ്ദേഹം റഷ്യയില്‍ രണ്ടാം ലോകമഹാ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ മകളെ സ്റ്റെഫാനോ റഷ്യന്‍ ഭാഷ പഠിപ്പിച്ചു. ഇതിനൊപ്പം സ്പാനിഷും ഫ്രഞ്ചും സോണിയ എളുപ്പത്തില്‍ കൈകാര്യം ചെയ്തു.

പതിമൂന്നാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സോണിയയ്ക്ക് ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആകാനായിരുന്നു മോഹം. പ്രാദേശിക കത്തോലിക്കാ സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അവര്‍ 1964 ല്‍ കേംബ്രിഡ്ജിലെ ബെല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ഭാഷാ സ്‌കൂളില്‍ ഇംഗ്ലീഷ് പഠനത്തിന് ചേര്‍ന്നു. 1964 ലാണ് സോണിയ രാജീവ് ഗാന്ധിയെ കാംബ്രിഡ്ജില്‍ വെച്ച് കണ്ടുമുട്ടുന്നത്. അതുപക്ഷേ ബിജെപി കേന്ദ്രങ്ങള്‍ പ്രചരിക്കുന്ന തരത്തില്‍ സോണിയ ബാര്‍ ഡാന്‍സറായിരിക്കേയല്ല. മറിച്ച് അവര്‍ അവിടെ ലെനോക്‌സ് കുക്ക് സ്‌കൂളില്‍ ഇംഗ്ലീഷ് പഠിക്കുമ്പോഴായിരുന്നു.

അവിടെയുള്ള ഒരു റസ്റ്റോറന്റില്‍ സമീപ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളെല്ലാം ഒത്തുചേരാറുണ്ടായിരുന്നു. ഇവിടെ വെച്ചായിരുന്നു രാജീവ് ഗാന്ധി അവരെ പരിചയപ്പെടുന്നത്. ഇറ്റാലിയന്‍ ഭാഷ അറിയുന്ന ഒരു ജര്‍മ്മന്‍ കൂട്ടുകാരന്റെ സഹായത്തോടെയാണ് രാജീവ് സോണിയയോട് ആദ്യം സംസാരിക്കുന്നത്. ഒടുവില്‍ ആ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും മാറി. 1968 ലാണ് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകനെ വിവാഹം ചെയ്യാനുള്ള മകളുടെ തിരുമാനത്തെ പിതാവ് സ്റ്റെഫാനോ എതിര്‍ത്തിരുന്നു. അദ്ദേഹം മകളുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ഒരു അമ്മാവന്‍ മാത്രമാണ് വിവാഹത്തില്‍ സോണിയയുടെ ഭാഗത്ത് നിന്ന് പങ്കെടുത്തത്.

വിവാഹത്തോടെ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങി. രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കാനാണ് ഇരുവരും ആഗ്രഹിച്ചത്. രാജീവ് ഗാന്ധി എയര്‍ലൈന്‍ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു. സോണിയ ഗാന്ധി വീട്ടമ്മയായും കഴിഞ്ഞു. കര്‍ക്കശക്കാരിയായ രാഷ്ട്രീയ നേതാവായിരുന്നിട്ടു കൂടി തന്നോട് വളരെ സ്‌നേഹത്തോടെണ് ഇന്ദിരാ ഗാന്ധി പെരുമാറിയിരുന്നതെന്ന് സോണിയ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ അമ്മ ഇറ്റലിയിലേക്ക് മടങ്ങിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചെത്തിയ തന്നെ കാത്തുള്ള ഇന്ദിരയുടെ കുറിപ്പിനെ കുറിച്ച് ഒരിക്കല്‍ അവര്‍ പറയുകയുണ്ടായി. 'ഞങ്ങള്‍ എല്ലാവരും നിന്നെ സ്‌നേഹിക്കുന്നു' എന്നായിരുന്നു ആ കുറിപ്പ്. ആ വാക്കുകള്‍ നല്‍കിയ സന്തോഷവും സ്‌നേഹവും താന്‍ ഒരിക്കലും മറക്കില്ലെന്നും അവര്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

1980 ജൂണ്‍ 23 ന് രാജീവ് ഗാന്ധിയുടെ ഇളയ സഹോദരന്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെയാണ് സോണിയ ഗാന്ധിയുടെ ജീവിതം ഗതി മാറുന്നത്. സംഭവം നടക്കുമ്പോള്‍ ഇറ്റലിയിലായിരുന്നു ഇരുവരും. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാജീവ് പെട്ടന്ന് രാഷ്ട്രീയത്തിലേക്ക് കടന്നു. 1981 ല്‍ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1984ല്‍ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷമാണ് സോണിയ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. ആ വര്‍ഷം രാജീവ് ഗാന്ധിക്ക് വേണ്ടി അമേഠിയില്‍ അവര്‍ സഞ്ജീവ് ഗാന്ധിയുടെ ഭാര്യയായിരുന്ന മേനക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി.

1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെയാണ് സോണിയ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ സോണിയ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി ആകണമെന്നും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യത്തോട് സോണിയ മുഖം തിരിച്ചു.

തുടര്‍ന്ന് പിവി നരസിംഹ റാവു പ്രധാനമന്ത്രിയായി. എന്നാല്‍ പ്രവര്‍ത്തകരുടെ നിരന്തര ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സോണിയയ്ക്ക് കഴിഞ്ഞില്ല. 1997 ല്‍ അവര്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. 98 ല്‍ പാര്‍ട്ടി അധ്യക്ഷയായി. 99 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സോണിയ അമേഠിയില്‍ നിന്ന് വിജയിച്ചു.

1999 ല്‍ 13-ാമത് ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി. 2013 ല്‍ തുടര്‍ച്ചയായി 15 വര്‍ഷം കോണ്‍ഗ്രസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആദ്യ വ്യക്തിയായി സോണിയ ഗാന്ധി മാറി. 2017 ലാണ് അവര്‍ മകന്‍ രാഹുല്‍ ഗാന്ധിയുടെ കൈകകളില്‍ പാര്‍ട്ടിയെ ഏല്‍പ്പിച്ച് പടിയിറങ്ങിയത്. എന്നാല്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ രാഹുല്‍ ഗാന്ധി രാജി വെക്കുകയും സോണിയ വീണ്ടും കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി ചുമതലയേല്‍ക്കുകയും ചെയ്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.