സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ അനധികൃതമായി പുകയില കൃഷി നടത്തിയിരുന്ന തോട്ടത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 16 ടണ്‍ പുകയില ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. ഓസ്ട്രേലിയന്‍ ടാക്സേഷന്‍ ഓഫീസ്, ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് എന്നിവയുമായി സഹകരിച്ച് എന്‍.എസ്.ഡബ്ല്യു പോലീസ് നടത്തിയ റെയ്ഡിലാണ് കരിഞ്ചന്തയില്‍ 20 ദശലക്ഷം ഡോളര്‍ വില വരുന്ന പുകയില പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഇത്രയും വിസ്തൃതിയുള്ള അനധികൃത പുകയില തോട്ടം നശിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പാര്‍ക്ക്സ് പട്ടണത്തില്‍ നിന്ന് ഏകദേശം 55 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമീണ മേഖലയായ മുര്‍ഗയിലെ ഒരു വസ്തുവിലാണ് അനധികൃത പുകയില തോട്ടം കണ്ടെത്തിയത്. ചെടികള്‍ വലുതും പൂര്‍ണ വളര്‍ച്ചയെത്തിയതുമായിരുന്നു. ചെടികള്‍ക്ക് മികച്ച പരിചരണവും ശ്രദ്ധയും ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പുകയില കൃഷിലെയക്കുറിച്ച് കഴിഞ്ഞ വര്‍ഷം തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മേഖല ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പോലീസ് റെയ്ഡിനായി എത്തുമ്പോള്‍ ഫാമില്‍ ആരും ഉണ്ടായിരുന്നില്ല. അതേസമയം, അവിടെ താമസിച്ചിരുന്നതിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നതായി എന്‍.എസ്.ഡബ്ല്യു പോലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റുവര്‍ട്ട് കാഡന്‍ പറഞ്ഞു. പിടിച്ചെടുത്ത വിളയ്ക്ക് കരിഞ്ചന്തയില്‍ 20 മില്യണ്‍ ഡോളര്‍ വില വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സംഘടിത കുറ്റകൃത്യത്തിന്റെ എല്ലാ സാധ്യതകളും ഈ സംഭവത്തിനു പിന്നിലുണ്ട്. അത്യാധുനികമായ രീതിയിലാണ് കൃഷി നടത്തിയിരുന്നത്. നിരോധിത പുകയില ഇടപാട് നടത്തുന്ന കുറ്റവാളികള്‍ ഓസ്ട്രേലിയന്‍ സമൂഹത്തില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രാദേശിക മേഖലകളില്‍ ജീവിച്ചാണ് ഈ കുറ്റവാളികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതില്‍നിന്നു കിട്ടുന്ന ലാഭം അവരുടെ ആഡംബര ജീവിതശൈലിക്കും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നു' - സ്റ്റുവര്‍ട്ട് കാഡന്‍ പറഞ്ഞു.
ഓസ്ട്രേലിയയില്‍ ഒരു ദശാബ്ദത്തിലേറെയായി ലൈസന്‍സില്ലാതെ പുകയില വളര്‍ത്തുന്നത് നിയമവിരുദ്ധമാണ്. പരമാവധി 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിത്. കരിഞ്ചന്തയിലെ പുകയില വില്‍പന ഗുരതരമായ പ്രശ്നമാണെന്നും ഇതിലൂടെയുള്ള നികുതി നഷ്ടം പ്രതിവര്‍ഷം 1.8 ബില്യണ്‍ ഡോളര്‍ വരുമെന്നും ടാക്സ് ഓഫീസ് പ്രതിനിധി ജസ്റ്റിന്‍ ക്ലാര്‍ക്ക് പറഞ്ഞു. ഇവ നിയമപരമായി വിറ്റാല്‍ 28 മില്യണ്‍ ഡോളര്‍ എക്സൈസ് ലഭിക്കും.
2018-ല്‍ സ്ഥാപിതമായ നിയമവിരുദ്ധ പുകയില ടാസ്‌ക്‌ഫോഴ്സ് ഇതുവരെ ഏകദേശം 400 ടണ്‍ പുകയില നശിപ്പിക്കുകയും ഏഴു ദശലക്ഷത്തിലധികം സിഗരറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26