ബിഷപ്പ് കാമില്ലോ ബാലിൻ- വിശ്വാസികളുടെ ഹൃദയം തൊട്ട ഇടയശ്രേഷ്ഠൻ

ബിഷപ്പ് കാമില്ലോ ബാലിൻ-  വിശ്വാസികളുടെ ഹൃദയം തൊട്ട  ഇടയശ്രേഷ്ഠൻ

ആഗോള കത്തോലിക്കാ സഭ ഭരമേല്പിച്ച ദൗത്യം ഏറ്റെടുത്ത് ഉത്തര അറേബ്യായായിൽ, ലോകത്തിൻ്റെ  നാനാദേശത്തുനിന്നും പ്രവാസികളായി എത്തിയ 25 ലക്ഷം കത്തോലിക്കരുടെ ആത്മീയ ആചാര്യനായി പ്രശോഭിച്ച ബിഷപ്പ് കാമില്ലോ ബാലിൻ പിതാവ് ഇന്നും ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു.

മിഷനറിയായ വിശുദ്ധ ഡാനിയേൽ കംബോണിയുടെ ജീവിതപാത പിന്തുടർന്ന് സമർപ്പിത ജീവിതം തിരെഞ്ഞെടുത്ത അദ്ദേഹത്തിൻറെ ജനനം വിശുദ്ധ അന്തോണീസിൻ്റെ ദേശമായ ഇറ്റലിയിലെ പാദുവാ ആയിരുന്നു. ആഫ്രിക്കയും മധ്യപൂർവ്വദേശവും അദ്ദേഹത്തിൻറെ കർമ്മ ഭൂമിയായി. മറ്റു സംസ്കാരങ്ങളെയും ഭാഷകളെയും ആദരിക്കുവാനും അംഗീകരിക്കുവാനുമുള്ള അദ്ദേഹത്തിൻറെ വിശാല മനസാണ് ഈ പ്രദേശം തൻ്റെ കർമ്മ ഭൂമിയായി  തിരഞ്ഞെടുത്തതിൻ്റെ പിന്നിലുള്ള ചേതോവികാരം.

ബിഷപ്പ് ഫ്രാൻസീസ് മിഖലീഫ്‌ പിതാവ് സ്ഥാനമൊഴിഞ്ഞതിനെ   തുടർന്ന് 2005 ജൂലൈ 14 ന് അന്നത്തെ മാർപാപ്പ ബെനഡിക്ട് പതിനാറാമനാണ് മോൺ. കാമില്ലോ ബാലിനെ കുവൈറ്റ് വികാരിയാത്തിൻറെ നാലാമത്തെ അപ്പസ്തോലിക് വികാരിയായി നിയമിച്ചത്. തുടർന്ന് 2005 ആഗസ്റ്റ് 2 ന് കുവൈറ്റിൽ എത്തി. സെപ്റ്റംബർ 2 ന് കുവൈറ്റ് സിറ്റിയിലെ ഹോളിഫാമിലി കത്തീഡ്രലിൽ നടന്ന തിരുക്കർമ്മത്തിൽ അദ്ദേഹത്തെ കർദ്ദിനാൾ ക്രെസെൻസിയോ സെപെ അഭിഷേകം ചെയ്ത് മെത്രാൻ പദവിയിലേക്ക് ഉയർത്തി. കുവൈറ്റ് കത്തീഡ്രൽ ദേവാലയം ആയിരുന്നു ആസ്ഥാനം.

2011 മെയ് 31 ന് ഗൾഫ് മേഖലയെ ഉത്തര അറേബ്യ, ദക്ഷിണ അറേബ്യ എന്നീ രണ്ട് അപ്പസ്തോലിക വികാരിയത്തുകളായി പരിശുദ്ധ സിംഹാസനം പുനർക്രമീകരിച്ചപ്പോൾ കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട വടക്കേ അറേബ്യൻ വികാരിയാത്തിൻറെ ആദ്യത്തെ അപ്പസ്തോലിക വികാരിയായി ബിഷപ്പ് കാമില്ലോ നിയമിതനായി. തുടർന്ന് വികാരിയാത്തിൻറെ ആസ്ഥാനം ബഹ്റൈനിലേക്കു മാറ്റപ്പെട്ടു.

പരിശുദ്ധ സിംഹാസനത്തിൻ്റെ നേരിട്ടുള്ള മാർഗ്ഗദർശനത്തിൽ ഉത്തര അറേബ്യായായിലെ സഭയെ റീത്ത് ഭാഷാ, പ്രാദേശിക വൈവിധ്യങ്ങൾ, ഇവക്കെല്ലാം പരിഗണനയും കരുതലും നൽകി വളർത്താൻ പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു എന്നതാണ് കാമില്ലോ യുഗത്തിൻ്റെ, കാലത്തിന് മായ്ക്കാനാകാത്ത മുദ്ര.

സ്വദേശം വിട്ട് താൽക്കാലിക പ്രവാസത്തിനായി ഗൾഫിൽ എത്തി ഇവിടെ ജീവിക്കുന്ന കത്തോലിക്കാ വിശ്വാസികൾക്ക് ഏറ്റവും സജീവമായി തന്നെ തങ്ങളുടെ ആത്മീയ ജീവിതം നയിക്കുവാൻ കഴിയുംവിധം വിശുദ്ധ കുർബാനകളും ഇതര ശുശ്രൂഷകളും വിവിധ ഭാഷകളിലും റീത്തിലുമുള്ള മതബോധന  സൗകര്യങ്ങളും  ക്രമീകരിക്കുവാൻ ബിഷപ്പ് കാമില്ലോ പിതാവ് സ്വീകരിച്ച നിശ്ചയ ദാർഢ്യവും പ്രായോഗിക നിലപാടുകളും സഭാ ചരിത്രത്തിൽത്തന്നെ അവിസ്മരണീയമാണ്.

കുവൈറ്റിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയവളർച്ചയും ലോകത്തിലെ തന്നെ ഏറ്റവും വലിയ വിശ്വാസ പരിശീലന കേന്ദ്രവും സൃഷ്ടിക്കുവാൻ സാധിച്ചത് ബിഷപ്പ് കാമില്ലോ പിതാവിന്റെ പൗരസ്ത്യ സഭകളെപ്പറ്റിയുള്ള അറിവും ആ സഭകളുടെ ആരാധനാക്രമത്തോട് അദ്ദേഹത്തിനുള്ള ബഹുമാനവും ഒന്നുകൊണ്ടുമാത്രമാണ്. അതുകൊണ്ടുതന്നെ കുവൈറ്റിലെ സീറോ മലബാർ സമൂഹത്തിന് ഒരിക്കലും അദ്ദേഹത്തെ മറക്കുവാൻ ആകില്ല.

അദ്ദേഹത്തിൻറെ എടുത്തുപറയത്തക്ക മറ്റൊരു ഗുണമാണ് കരുതൽ പ്രത്യേകിച്ച് കുഞ്ഞുങ്ങളോടുള്ള സ്നേഹം ഇക്കാര്യത്തിൽ എൻറെ വ്യക്തിപരമായ ഒരു അനുഭവംകൂടി പങ്കുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കുവൈറ്റ് വികാരിയാത്തിന്റെ അധിപനായി വന്ന സമയത്താണ് ആദ്യമായി ബിഷപ്പ് കാമില്ലോ ബാലിനെ ഞാൻ കണ്ടുമുട്ടുന്നത് .സെക്രട്ടറിമാർ മുഖേന അല്ലാതെ നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന ഒരു പിതാവിനെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ആരുമായും സൗഹൃദം സ്ഥാപിക്കുവാനും അത് നിലനിർത്താനും ശ്രമിക്കുന്ന ഒരു ഇടയൻ  കുഞ്ഞുങ്ങളോട് അതിയായ വാത്സല്യം കാട്ടിയിരുന്നു അദ്ദേഹം. ഒരിക്കൽ എന്‍റെ സുഹൃത്തിൻറെ  മകൾ ക്യാൻസർ ബാധിതയായി ആശുപത്രിയിൽ ആയി,  അക്കാര്യം ഞാൻ അദ്ദേഹത്തെ ടെലിഫോണിൽ വിളിച്ച് അറിയിച്ചപ്പോൾ അന്നുതന്നെ ആ കുഞ്ഞിനെ കാണുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും എനിക്കൊപ്പം ഹെലൻ എന്ന് പേരുള്ള ആ പെൺകുട്ടിയെ  കാണുവാനും ആ കുഞ്ഞിനെ വേണ്ടി പ്രാർത്ഥിക്കുവാനും ആ കുടുംബത്തെ ആശ്വസിപ്പിക്കുവാനും അദ്ദേഹം കുവൈറ്റ് സബാ  എൻ ബി കെ ആശുപത്രിയിൽ എത്തി.

പിന്നീട് പല പ്രാവശ്യം ആ സന്ദർശനം ആവർത്തിച്ചു. അതുപോലെ  പലരെയും രോഗക്കിടക്കയിൽ സന്ദർശിക്കുവാൻ എനിക്കൊപ്പം വന്നിട്ടുമുണ്ട്. അങ്ങനെ ഉള്ള ഒരു സന്ദർശനത്തിൽ 3 വയസു മാത്രം പ്രായമുണ്ടായിരുന്ന എന്‍റെ സഹപ്രവർത്തകനും ഫിലിപ്പൈൻസ് സ്വദേശിയുമായ മാർക്കിന്റെ മകൻ ക്യാൻസർ ബാധിച്ച് ആശുപത്രിയിൽ ആയപ്പോൾ അവനെയും കണ്ടു അതൊരു വലിയ ആത്മബന്ധമായി വളരുകയും ചെയ്തു. മാർക്കിന്റെ ഭാര്യയ്ക്കും ക്യാൻസർ ബാധിച്ചപ്പോൾ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാൻ അദ്ദേഹം ഉണ്ടായിരുന്നു.

കാമില്ലോ പിതാവിന്റെ വിയോഗം സ്വദേശത്തായ ഫിലിപ്പിനോ ബാലനെ അന്ന് ഞാൻ അറിയിച്ചപ്പോൾ ആ കുട്ടി നൽകിയ ഹൃദയ സ്പർശിയായ പ്രതികരണം ഇതോടൊപ്പം ഞാൻ ചേർക്കുന്നു.
Dear Uncle Saiju,
thank u for being the bridge, connecting me and our family to my Lolo (Grandpa) Bishop Camillo. I think meeting him kept me alive and made me well from my illness, because he prayed for me. I am really sad of this news because he was so close to my heart, to our family, that's why he wants us to call him Lolo, and he proudly calls me his "Apo" (grandchild). Thank you for everything Uncle Saiju.

സൗദി അറേബ്യയിലുള്ള കത്തോലിക്കരുടെകൂടി വിശ്വാസപരമായ ആവശ്യങ്ങൾ നിറവേറ്റുക എന്ന അദ്ദേഹത്തിൻറെ ലക്ഷ്യകൂടി ഉൾക്കൊണ്ടാണ് അദ്ദേഹത്തിൻ്റെ തന്നെ ഒരു സ്വപ്ന പദ്ധതിയായ ബഹ്‌റൈൻ കത്തീഡ്രൽ. അതിന്റെ പണികൾ ഏതാണ്ട് പാതിവഴിയിൽ എത്തി നിൽക്കുമ്പോഴാണ് അദ്ദേഹം രോഗബാധിതൻ ആവുകയും വിദഗ്ധ ചികിത്സക്കായി മാതൃരാജ്യമായ ഇറ്റലിയിലേക്ക് പോവുകയും ചെയ്തത്. എന്നാൽ പിന്നീട് രോഗം മൂർച്ഛിക്കുകയും 2020 ഏപ്രിൽ 12 ന് ഉയിർപ്പു ഞായറാഴ്ച നിത്യ സമ്മാനത്തിനായി അദ്ദേഹം യാത്രയായതു്.

ഇന്ന് പണികളെല്ലാം പൂർത്തിയാക്കി മദ്ധ്യപൂർവ്വദേശത്തെ ക്രൈസ്തവ സമൂഹത്തിന് അഭിമാനമായി തല ഉയർത്തി നിൽക്കുന്ന ബഹ്‌റൈൻ കത്തിത്തീഡ്രലിൽ എത്തുന്ന ഓരോ വിശ്വാസിയും അഭിമാനത്തോടെ ഓർക്കേണ്ട ഒരു വ്യക്തിത്വമാണ് അഭിവന്ദ്യ കാമില്ലോ പിതാവ്. തൻറെ കർമ്മഭൂമിയായ വികാരിയാത്തിൽ മാനുഷികമായ അനാഥത്വം നൽകി നമ്മുടെ ആത്മീയ ആചാര്യൻ വിടചൊല്ലിയിട്ട് 3 വർഷം പൂർത്തിയാകുന്നു.

അദ്ദേഹം ഉയർത്തിപ്പിടിച്ച ഉദാത്ത മൂല്യങ്ങളും സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കുവാൻ അദ്ദേഹത്തിൻറെ സ്നേഹവും കരുതലും ഏറ്റുവാങ്ങിയ വിശ്വാസ സമൂഹത്തിന് കടമയുണ്ട്.  ഉയിർത്തെഴുന്നേറ്റ ഈശോ ബിഷപ്പ് കാമില്ലോ പിതാവിനെ നിത്യമഹത്വം അണിയിക്കട്ടെ...ആമ്മേൻ 
“We are missionaries. This is also means that every community has to open to other communities and not closed in itself. We cannot call God, Our Father if we are not brothers to all”
-          Bishop Camillo Ballin


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.