വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പ്രതിദിനം പത്ത് കോടി യൂണിറ്റ് കടന്നു

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; പ്രതിദിനം പത്ത് കോടി യൂണിറ്റ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റ് കടന്നു. ഇന്നലെ 100.3028 ദശലക്ഷം യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപയോഗം.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇതാണ് ഇപ്പോള്‍ മറികടന്നത്. ഇതിന്റെ ചുവടുപിടിച്ച് വൈദ്യുതി ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യകത 4903 മെഗാ വാട്ടായി ഉയര്‍ന്നു.

കടുത്ത ചൂടാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൊവ്വാഴ്ച 90 ദശലക്ഷം യൂണിറ്റ് കടന്നു.

വൈദ്യുതി ഉപയോഗം കൂടിയതോടെ വൈദ്യുതി ഉല്‍പാദനവും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1735 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാന കാലയളവിലെ ജലനിരപ്പിനേക്കാള്‍ കുറവാണ് ഇത്തവണ അണക്കെട്ടുകളിലെ വെള്ളം.

ഇതേ അവസ്ഥ തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ആശങ്കയുണ്ട്. അങ്ങനെ വന്നാല്‍ പുറത്ത് നിന്ന് കൂടിയ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടതായി വരും. ഇതിന് പുറമേ പീക്ക് അവറിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ വൈദ്യുതി നിയന്ത്രണം അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായും വരുമെന്നും സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.