ക്ഷേമ പെന്‍ഷനുകള്‍ക്കു പിന്നാലെ മറ്റ് ആനുകൂല്യങ്ങളും നേരിട്ട് നല്‍കാനുള്ള നീക്കവുമായി കേന്ദ്രം

 ക്ഷേമ പെന്‍ഷനുകള്‍ക്കു പിന്നാലെ മറ്റ് ആനുകൂല്യങ്ങളും നേരിട്ട് നല്‍കാനുള്ള നീക്കവുമായി കേന്ദ്രം

തിരുവനന്തപുരം : സാമൂഹ്യക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കാനുള്ള നീക്കത്തിനു പിന്നാലെ മറ്റ് കേന്ദ്ര ആനുകൂല്യങ്ങളും നേരിട്ടു ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനുള്ള തീരുമാനവും ഉടന്‍ കേന്ദ്രം കൈക്കൊള്ളുമെന്ന് സൂചന. മൂന്നുവിഭാഗം സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്കുള്ള വിഹിതം പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടുവഴിയേ നല്‍കൂവെന്നാണ് കേന്ദ്ര നിലപാട്. നിലവില്‍ കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ ഒരുമിച്ച് സഹകരണ ബാങ്കുകള്‍ വഴിയായിരുന്നു വിതരണം ചെയ്തിരുന്നത്.

പെന്‍ഷന്‍ വിതരണത്തിന്റെ ക്രഡിറ്റ് സംസ്ഥാനം സ്വന്തമാക്കുന്നു എന്ന കാരണം മുന്‍ നിര്‍ത്തിയായിരുന്നു കേന്ദ്ര വിഹിതം നേരിട്ട് ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് കേന്ദ്രം തീരുമാനം കൈക്കൊണ്ടത്. അങ്കണവാടികളിലും മറ്റും ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സഹായവും ബാങ്കിലൂടെ ബന്ധപ്പെട്ടവര്‍ക്കു ലഭിക്കുന്നതിനുള്ള നീക്കവും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ നേരത്തേ തന്നെ ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരുടെ പട്ടിക കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പു സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തെ ദോഷമായി ബാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്ത് ലൈഫ് അടക്കമുള്ള ഭവന പദ്ധതികള്‍ക്കും ലഭിക്കേണ്ട കേന്ദ്ര വിഹിതം യഥാസമയം ലഭിച്ചില്ലെങ്കില്‍ പോലും സംസ്ഥാനം ആ തുക കൂടി നല്‍കിയാണ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളെ സഹായിക്കുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം ഗുണഭോക്താക്കളുടെ ബാങ്കുകളില്‍ നല്‍കുന്നതുപോലെ ഭവന പദ്ധതിയിലെ കേന്ദ്ര സഹായവും ഇതുപോലെ നല്‍കിയാല്‍ ലൈഫ് പദ്ധതി തന്നെ അവതാളത്തിലാകും. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയപരമാണെന്ന നിഗമനമാണ് സംസ്ഥാന സര്‍ക്കാരിന്. കേന്ദ്ര വിഹിതം രണ്ടുവര്‍ഷത്തിലേറെയായി ലഭിക്കുന്നില്ല.

പെന്‍ഷന്‍ വിഹിതത്തിനായി പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) പോര്‍ട്ടല്‍വഴി നല്‍കാന്‍ നേരത്തേ നിര്‍ദേശിച്ചിട്ടുണ്ട്. വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളിലാണ് കേന്ദ്ര വിഹിതമുള്ളത്. 200 മുതല്‍ 500 രൂപ വരെയാണ് വിവിധ പെന്‍ഷന്‍ പദ്ധതികള്‍ക്ക് കേന്ദ്ര വിഹിതം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.