കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹം എന്നും കോണ്‍ഗ്രസിനൊപ്പം; മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്‍

കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹം എന്നും കോണ്‍ഗ്രസിനൊപ്പം; മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തലശേരി ആര്‍ച്ച് ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു. വിഷുദിനമായ ഇന്ന് വൈകിട്ട് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. ക്രൈസ്തവ സഭകളെ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ നീക്കത്തില്‍ ആശങ്കയില്ലെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു.

എംഎല്‍എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു..

ബിജെപി നേതാക്കളുടെ സന്ദര്‍ശനം കൊണ്ട് ഒരു ചുക്കും കിട്ടാന്‍ പോകുന്നില്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച ശേഷം സുധാകരന്‍ പ്രതികരിച്ചു. യാചകന്‍മാര്‍ വരികയും വന്നതുപോലെ പോകുകയും ചെയ്യും. സഭാ നേതൃത്വങ്ങളുമായുള്ള ബിജെപി നേതാക്കളുടെ കൂടിക്കാഴ്ചയെ അങ്ങനെ കണ്ടാല്‍മതിയെന്നും സുധാകരന്‍ വ്യക്തമാക്കി.

വൈദികരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. അതൊന്നും കൊട്ടിഘോഷിക്കാറില്ല. ബിഷപ്പുമായി എത്രയോ കാലമായുള്ള ബന്ധമാണ് തനിക്കുള്ളത്. ബിഷപ്പ് ആകുന്നതിനു മുന്‍പുതന്നെ ഒരു ജ്യേഷ്ടസഹോദരനോടെന്ന പോലുള്ള ബന്ധമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

'തലശേരി ബിഷപ്പുമായുള്ള കൂടിക്കാഴ്ച വളരെ സംതൃപ്തമാണ്. ക്രിസ്ത്യന്‍ മേലധ്യക്ഷന്മാര്‍ക്ക് ആരെ കാണാനും ചര്‍ച്ചനടത്താനും അവകാശമുണ്ട്. അത് ഞങ്ങള്‍ക്ക് യാതൊരു ആശങ്കയുമുണ്ടാക്കുന്നില്ല. ക്രിസ്ത്യന്‍ സമൂഹം കേരളത്തില്‍ എന്നും കോണ്‍ഗ്രസിനോപ്പം നിന്നവരാണ്. ഇന്നുവരെ ക്രിസ്ത്യന്‍ സമൂഹം കോണ്‍ഗ്രസിനെ കൈവിടുന്ന സാഹചര്യമുണ്ടായിട്ടില്ല. വൈദിക സമൂഹത്തോട് ഞങ്ങള്‍ക്ക് ഒരു അവിശ്വാസവുമില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ഒരു മതേതരത്വ രാഷ്ട്ര കാഴ്ചപ്പാടുള്ളത് എന്ന് തിരിച്ചറിവുള്ളവരാണ് അവര്‍'എന്നും സുധാകരന്‍ പ്രതികരിച്ചു.

ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും താമരശേരി ബിഷപ്പ് മാര്‍ റമിഞ്ചിയോസ് ഇഞ്ചനാനിയലിനെയും അദ്ദേഹം സന്ദര്‍ശിക്കും.

ക്രിസ്ത്യന്‍ വിഭാഗങ്ങളെ അടുപ്പിക്കാന്‍ ബി.ജെ.പി നടത്തുന്ന തീവ്രശ്രമങ്ങളെ പ്രതിരോധിക്കുന്നതിന് നീക്കങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് സുധാകരന്റെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം. വരും ദിവസങ്ങളില്‍ മറ്റു സഭാ അധ്യക്ഷന്‍മാരുമായും സുധാകരന്‍ കൂടിക്കാഴ്ച നടത്തും.

റബ്ബറിന്റെ വില 300 രൂപയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. അത് അവരുടെ അവകാശമാണ്. തങ്ങള്‍ പാര്‍ലമെന്റില്‍ പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് എന്ത് പരിഹാരമാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയത്. എത്ര കര്‍ഷക സമരങ്ങള്‍ നടന്നു. എത്രപേര്‍ മരിച്ചു, കടക്കെണിയില്‍പെട്ടു, ജപ്തിചെയ്യപ്പെട്ടു. അതിന് പരിഹാരമുണ്ടാക്കാനാണ് സഭാനേതൃത്വം ശ്രമിച്ചത്. ഇല്ലെങ്കില്‍ അവര്‍ ഒറ്റപ്പെടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ക്രിസ്ത്യന്‍ സഭകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ യോഗം വിളിക്കണമെന്ന് മുതിര്‍ന്ന നേതാവ് കെ.സി ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.