വത്തിക്കാന്‍ സിറ്റി: ഇറ്റാലിയന്‍ വിമാന കമ്പനിയായ ഇറ്റാ എയര്‍വേയ്സിന്റെ ജീവനക്കാരുടെ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്റെ മുന്‍ഗാമികളും താനും വിവിധ രാജ്യങ്ങളിലേക്ക് നടത്തിയ അപ്പസ്‌തോലിക യാത്രകളെ അനുസ്മരിച്ചുകൊണ്ട് കമ്പനിക്കു നന്ദി രേഖപ്പെടുത്തി. മാര്‍പ്പാപ്പ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇറ്റാലിയന്‍ വിമാന കമ്പനിയായ ഇറ്റാ എയര്‍വേയ്‌സാണ് വിമാന യാത്രാ സൗകര്യം ഒരുക്കിക്കൊടുക്കുന്നത്. നയതന്ത്ര ഉടമ്പടികള്‍ അനുസരിച്ച്, വത്തിക്കാനിലേക്കുള്ള മടക്കയാത്ര മിക്കവാറും അതാത് രാജ്യങ്ങളുടെ ദേശീയ വിമാനക്കമ്പനിയുടെ വിമാനത്തിലുമായിരിക്കും.
ഏപ്രില്‍ 14-ന് രാവിലെ തന്നെ സന്ദര്‍ശിക്കാനെത്തിയ ഇറ്റാ എയര്‍വേസ് പ്രതിനിധി സംഘത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു: 'വത്തിക്കാനില്‍ എത്തിയതിന് നന്ദി'. പ്രത്യാശയുടേയും സമാധാനത്തിന്റെയും സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തിക്കാന്‍ പത്രോസിന്റെ പിന്‍ഗാമിയെ സഹായിക്കുന്ന അവര്‍ക്ക്, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 'പാപ്പായുടെ ചിറകുകളെ' പ്രതിനിധീകരിക്കുന്ന ഇറ്റാ എയര്‍വേസിന് പാപ്പാ നന്ദി പറഞ്ഞു.
പൗലോസ് ശ്ലീഹായ്ക്ക് ഇതുപോലെ പറക്കാനുള്ള സൗകര്യം ലഭിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് താന്‍ ചിന്തിക്കാറുണ്ടെന്നും പാപ്പാ അവരോടു ഫലിതരൂപേണ പറഞ്ഞു.
ആദ്യം വിമാനയാത്ര നടത്തിയ പാപ്പാ
വി. പോള്‍ ആറാമന്‍ പാപ്പയാണ് ആദ്യമായി വിമാനത്തില്‍ അപ്പോസ്തലിക യാത്ര ചെയ്യുന്ന പാപ്പയെന്ന് ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു. 1964 ജനുവരി നാലിന് അല്‍ ഇത്താലിയ വിമാനത്തില്‍ വിശുദ്ധനാട്ടിലേക്ക് നടത്തിയ ആദ്യ യാത്ര അപ്പോസ്‌തോലിക യാത്രകളുടെ ഉദ്ഘാടനമായിരുന്നെന്നും സേവനത്തിന്റെ ഈ പുതിയ രീതിയിലൂടെ റോമിലേക്ക് തീര്‍ത്ഥയാത്ര നടത്താന്‍ കഴിയാത്ത അനേകായിരം ആളുകളിലേക്കെത്തിച്ചേരാന്‍ റോമിന്റെ മെത്രാനു കഴിഞ്ഞുവെന്നും പാപ്പാ പറഞ്ഞു. പിന്നീട് പോള്‍ ആറാമന്‍ പാപ്പാ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും നടത്തിയ എട്ടു യാത്രകളും വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നടത്തിയ 104 യാത്രകളും അനുസ്മരിച്ച പാപ്പാ തന്റെ മുന്‍ഗാമിയായ ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ യാത്രകളും താന്‍ നടത്തിയതും നടത്താനിരിക്കുന്നതുമായ അപ്പോസ്തലിക സന്ദര്‍ശനങ്ങളെക്കുറിച്ചും സംസാരിച്ചു. അങ്ങനെ ഈ യാത്രാദൗത്യങ്ങള്‍ പാപ്പായുടെ ശുശ്രൂഷയുടെ അവിഭാജ്യ ഘടകമായി മാറിയതായും പാപ്പാ പറഞ്ഞു.
വരാനിരിക്കുന്ന യാത്രകള്‍
ദൈവം അനുവദിക്കുമെങ്കില്‍, ഏപ്രില്‍ 28 മുതല്‍ 30 വരെ നടത്താനിരിക്കുന്ന ഹംഗറി സന്ദര്‍ശനം തന്റെ 41-ാമത് അപ്പോസ്‌തോലിക തീര്‍ത്ഥാടനമായിരിക്കും എന്ന് മാര്‍പാപ്പാ പറഞ്ഞു. തുടര്‍ന്ന് മാര്‍സെയില്‍സും മംഗോളിയയും... ഇതുകൂടാതെ വെയ്റ്റിംഗ് ലിസ്റ്റിലുള്ള മറ്റ് സ്ഥലങ്ങളും ഉണ്ടാകും - പരിശുദ്ധ പിതാവ് പറഞ്ഞു.
2021 ല്‍ അലിത്താലിയയെ ഏറ്റെടുത്ത ഇറ്റലിയുടെ ദേശീയ വിമാന കമ്പനിയായ ഇറ്റാ, പത്രോസിന്റെ പിന്‍ഗാമിയുടെ യാത്രകള്‍ക്കായി വളരെ വിലപ്പെട്ട സഹായമാണ് നല്‍കുന്നതെന്നും വളരെയധികം ശ്രദ്ധ ആവശ്യമായി വരുന്ന യാത്രകള്‍ക്കും അതിനാവശ്യമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും അസാധാരണമായ കഴിവും ശ്രദ്ധയും വേണ്ടിവരുന്നതാണെന്നും പാപ്പാ പ്രത്യേകം ഓര്‍മ്മിച്ചു. ഇക്കാര്യം പാപ്പായ്ക്ക് നന്നായി അറിയാമെന്നും കാലുകള്‍കൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടുഭവിക്കുന്ന താന്‍ അവരുടെ സഹായം കൊണ്ടാണ് യാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.
ജന സമൂഹങ്ങളെയും വിശ്വാസികളെയും മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരേയും, സുമനസുകളേയും കണ്ടുമുട്ടുക എന്നത് തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ പറഞ്ഞു. വ്യക്തിപരമായി കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നത് ഒരു വീഡിയോ വഴി സംസാരിക്കുന്നതിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ്. പാപ്പാ യാത്ര ചെയ്യുന്നത് തന്റെ സഹോദരരെ വിശ്വാസത്തില്‍ ഉറപ്പിക്കാനും സഹിക്കുന്നവരോടൊപ്പമായിരിക്കാനും സമാധാനത്തിനു വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് സഹായം നല്‍കാനുമാണ്. ഇതെല്ലാം സാധ്യമാക്കുന്നതിനാല്‍ അവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നെന്നും ദൈവമനുവദിക്കുന്നതു വരെ ഒരുമിച്ച് പറക്കാമെന്നും പറഞ്ഞു കൊണ്ടാണ് പാപ്പാ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26