സിഡ്നി: ഓസ്ട്രേലിയയില്‍ ബബിള്‍ഗം രുചിയുള്ള കഞ്ചാവ് വേപ്പിങ് ഉല്‍പ്പന്നങ്ങള്‍ നിയമവിരുദ്ധമായി പരസ്യം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിക്കെതിരേ അന്വേഷണവുമായി ഡ്രഗ് റെഗുലേറ്ററായ തെറപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍. കുട്ടികളെ ആകര്‍ഷിക്കും വിധം തിളങ്ങുന്ന പാക്കേജുകളില്‍ ബബിള്‍ഗം രുചിയുള്ള കഞ്ചാവ് വേപ്പിങ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന എത്തിക്കലി എന്‍ഹാന്‍സ്ഡ് എന്ന കമ്പനിക്കെതിരേയാണ് അന്വേഷണം. സ്പോണ്‍സര്‍ ചെയ്ത ടിക്ടോക്, ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് കമ്പനി ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. ഉപയോക്താവിന്റെ പ്രായമോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറിപ്പടിയോ ഒന്നും ആവശ്യപ്പെടാതെയാണ് ആരോഗ്യത്തിനു ഹാനികരമായ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്.
അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ മാര്‍സ് നിര്‍മിക്കുന്ന ഹുബ്ബ ബുബ്ബ ച്യൂയിംഗ് ഗമ്മിന്റെ രുചിയിലാണ് കഞ്ചാവ് വേപ്പിങ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. തങ്ങളുടെ ഉല്‍പന്നത്തെ ദുരുപയോഗം ചെയ്ത കമ്പനിക്കെതിരേ മാര്‍സും നിയമ നടപടിക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
വേപ്പിങ് ഉല്‍പന്നങ്ങള്‍ മൂലം ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇത്തരം ഉല്‍പന്നങ്ങള്‍ ആരോഗ്യത്തിനു ഹാനികരമല്ല എന്ന രീതിയില്‍ പരക്കെ പ്രചാരം ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ വേപ്പിങ് ഉപകരണങ്ങളും ഹാനികരം തന്നെയാണ്.
കഞ്ചാവ് ഉല്‍പന്നങ്ങളുടെ പരസ്യം നല്‍കാന്‍ ഓസ്ട്രേലിയയില്‍ നിയപമരമായി അനുവാദമില്ല. എന്നാല്‍ ഈ ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ ഒരാഴ്ചയായി ടിക്ടോക്കില്‍ സജീവമായിരുന്നു. അതേസമയം പരസ്യങ്ങള്‍ സംബന്ധിച്ച്് ടിക് ടോക്കിന് പരാതി പോയതോടെ, നയങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അക്കൗണ്ട് നിരോധിച്ചു. കമ്പനിയുടെ വെബ്‌സൈറ്റും ഫേസ്ബുക്ക് അക്കൗണ്ടും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
കഞ്ചാവ് ചെടികളില്‍ കാണപ്പെടുന്ന രാസ സംയുക്തമായ കന്നബിഡിയോള്‍ (സി.ബി.ഡി) അടങ്ങിയ ടെമ്പിള്‍ സിബിഡി വേപ്പിങ് ജ്യൂസാണ് കമ്പനിയുടെ പ്രധാന ഉല്‍പന്നം. പേനയുടെ മാതൃകയിലുള്ള ഇ-സിഗരറ്റ് ഉപയോഗിച്ചാണ് ഇത് വലിക്കുന്നത്.
ട്രോളി, ഹുബ്ബ ബുബ്ബ തുടങ്ങി അറിയപ്പെടുന്ന മിഠായി ഉല്‍പ്പന്നങ്ങളുടെ രുചികളിലാണ് ഇവ ലഭ്യമാക്കുന്നതെന്ന് പരസ്യങ്ങളില്‍ പറയുന്നു. അതേസമയം ഹുബ്ബ ബുബ്ബയുടെ മാതൃ കമ്പനിയായ മാര്‍സ് റിഗ്ലി ഓസ്ട്രേലിയ ഈ ഉല്‍പ്പന്നങ്ങളെ അംഗീകരിച്ചിട്ടില്ലെന്ന് അവരുടെ വക്താവ് അറിയിച്ചു.
'ഞങ്ങള്‍ ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്, ഇത് ഞങ്ങളുടെ ബ്രാന്‍ഡിന്റെ വ്യക്തമായ ദുരുപയോഗമാണ്. ഓസ്ട്രേലിയയില്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധമായ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് നിരാശാജനകമാണ്' - വക്താവ് പറഞ്ഞു
ഓസ്ട്രേലിയന്‍ നിയമപ്രകാരം, ഔഷധ കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കണമെങ്കില്‍ ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നിര്‍ദേശിക്കണം. കഞ്ചാവ് ചെടിയില്‍ കാണപ്പെടുന്ന രാസവസ്തുക്കളില്‍ ഒന്നായ കന്നബിഡിയോള്‍ (സി.ബി.ഡി) അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഡ്രഗ് കണ്‍ട്രോള്‍ ഓഫീസില്‍ നിന്നുള്ള അനുമതി ആവശ്യമാണ്. ഇതുകൂടാതെ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ഉപയോഗിക്കാം.
ഔഷധ ആവശ്യങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ നിയമപരമായി വിതരണം ചെയ്യാന്‍ കഴിയൂ എന്ന് സിഡ്നി യൂണിവേഴ്സിറ്റിയിലെ പുകയില നിയന്ത്രണ വിദഗ്ധനും പബ്ലിക് ഹെല്‍ത്ത് അസോസിയേറ്റ് പ്രൊഫസറുമായ ബെക്കി ഫ്രീമാന്‍ പറഞ്ഞു.
'ഈ ഉല്‍പന്നങ്ങള്‍ കുട്ടികള്‍ക്ക് വളരെ ആകര്‍ഷകമായിരിക്കും. ഉയര്‍ന്ന വിലയാണ് വാങ്ങുന്നതിനുള്ള ഒരേയൊരു തടസം. നേരിട്ട് വാങ്ങിയില്ലെങ്കിലും ഇവ കുട്ടികളില്‍ വലിയ കൗതുകമുണര്‍ത്തും. ഇത് ഒരു മാര്‍ക്കറ്റിങ് തന്ത്രമാണ്. ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവും നിരുപദ്രവകരവുമാണെന്ന് ഉപയോക്താക്കളെ വിശ്വസിപ്പിക്കും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗജന്യ ഷിപ്പിംഗ് സഹിതം 900 ഗ്രാം കഞ്ചാവ് വേപ്പിങ് ഉല്‍പന്നത്തിന് 159 ഡോളറിനാണ് വെബ്സൈറ്റിലൂടെ വില്‍ക്കുന്നത്. 25 വയസ്സിന് മുകളിലുള്ള ഉപയോക്താക്കളുടെ ടിക്‌ടോക് അക്കൗണ്ടുകളിലേക്കാണ് ടെമ്പിള്‍ സിബിഡിയുടെ പരസ്യങ്ങള്‍ എത്തിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ടിക്‌ടോക്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ടെമ്പിള്‍ സിബിഡിയുടെ നിയമവിരുദ്ധമായ പ്രമോഷന്‍ നീക്കം ചെയ്യാന്‍ ടിജിഎ ആവശ്യപ്പെട്ടിരുന്നു. വെബ്സൈറ്റ് കനേഡിയന്‍ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, എന്നാല്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയില്‍ മാത്രമാണു ലഭിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സിലെ ബൈറോണ്‍ ബേയിലാണെന്ന് കമ്പനിയുടെ ആസ്ഥാനമെന്ന് ഫേസ്ബുക്ക് പേജില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.