ചുട്ടു പൊള്ളുന്നു: കേരളം ഉഷ്ണതരംഗത്തിലേക്കെന്ന് ആശങ്ക; എതിര്‍ച്ചുഴലി മുഖ്യ വില്ലന്‍

ചുട്ടു പൊള്ളുന്നു: കേരളം ഉഷ്ണതരംഗത്തിലേക്കെന്ന് ആശങ്ക; എതിര്‍ച്ചുഴലി മുഖ്യ വില്ലന്‍

കൊച്ചി: ചുട്ടു പൊള്ളുന്ന കേരളം ഉഷ്ണതരംഗ സമാന സ്ഥിതിയിലേക്കെന്ന് വിദഗ്ധര്‍. സാധാരണ അന്തരീക്ഷ ഊഷ്മാവിനേക്കാള്‍ നാലര ഡിഗ്രിയോ അതിന് മേലെയോ വര്‍ധനയുണ്ടായാല്‍ ഉഷ്ണതരംഗമായി കണക്കാക്കാം. സംസ്ഥാനത്ത് പലയിടത്തും മൂന്നര ഡിഗ്രിക്ക് മുകളില്‍ വരെ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഇത് ഇനിയും കൂടിയാല്‍ ഉഷ്ണ തരംഗത്തിലേക്കെത്തും.

ഇതു സംബന്ധിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും ആ അവസ്ഥയിലേക്കാണ് പോകുന്നത്. സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി പലയിടത്തും 40 ന് മുകളില്‍ താപനില കാണിക്കുന്നു. ചിലയിടത്ത് ഇത് 42 വരെയൊക്കെ പോകുന്നുണ്ട്.

ഉഷ്ണതരംഗ സമാനമായ അന്തരീക്ഷത്തിലേക്ക് മാറുന്നുവെന്ന സൂചനകളാണ് അന്തരീക്ഷ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു.

അന്തരീക്ഷത്തില്‍ എതിര്‍ച്ചുഴലി എന്നപേരില്‍ അറിയപ്പെടുന്ന ഘടികാര ദിശയിലുള്ള വായു ചലനമാണ് ചൂടുകൂടാനുള്ള പ്രധാന കാരണം. 2500 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇതിന്റെ ഇപ്പോഴത്തെ പ്രഭാവം. മധ്യ ഇന്ത്യയിലും കേരളത്തിലും ചൂടേറ്റുന്ന നിലയിലാണ് ഇപ്പോഴിതുള്ളത്.


എതിര്‍ച്ചുഴലി കാരണം മേലേത്തട്ടില്‍ നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വായു വരുകയാണ് ചെയ്യുക. ഇത് ഭൂപ്രതലത്തില്‍ മര്‍ദം കൂട്ടി സമ്മര്‍ദ താപനം ഉണ്ടാക്കുന്നു. ഒപ്പം താഴെയുള്ള ചൂടുവായു മേലേക്ക് ഉയര്‍ന്നു പോകാതെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഭൂപ്രതലത്തില്‍ ചൂടിന്റെ ഇരട്ടി ആഘാതം ഉണ്ടാക്കും.

അറബിക്കടലില്‍ താപനില ഉയരുന്നതാണ് രണ്ടാമത്തെ കാരണം. പലയിടത്തും 30 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സാധാരണ താപനില 28-29 ഡിഗ്രിയാണ്. അര ഡിഗ്രിമുതല്‍ ഒന്നര ഡിഗ്രി വരെയാണ് പലയിടത്തും വര്‍ധന. വേനല്‍മഴ പലയിടത്തും ഇതേവരെ ലഭിക്കാത്തത് ചൂട് കൂടാനുള്ള മൂന്നാമത്തെ കാരണമാണ്.

വരും ദിവസങ്ങളില്‍ പാലക്കാട്, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. ഇന്നലെയും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 39.7 ഡിഗ്രി സെല്‍ഷ്യസ്.

താപനില ഉയരുന്ന ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ അതോറിട്ടി പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.