തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തര നിലവാരമുള്ള തൊഴില്‍ വ്യവസായിക പരിശീലനം നല്‍കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും എഞ്ചിനീയറിംഗ് കോളേജ് കാമ്പസ്സുകളില്‍ ഇന്‍ഡസ്ട്രിയല്‍ ഫ്രീസോണ്‍ സംവിധാനം നടപ്പിലാക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്ക് കടന്നുവരുന്നതിലുള്ള സാങ്കേതിക നിയമതടസ്സങ്ങള്‍ ഒഴിവാക്കണം. ഇതരസംസ്ഥാനങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാള്‍ അടിസ്ഥാന സൗകര്യങ്ങളേറെയുള്ളതാണ് കേരളത്തിലെ കാത്തലിക് എഞ്ചിനീയറിംഗ് കോളേജുകള്‍. എ.ഐ.സി.റ്റി.യുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര നടപടികള്‍ ഇക്കാര്യത്തിലുണ്ടാകണമെന്നും യു.ജി.സി.യുടെയും എ.ഐ.സി.റ്റി.യുടെയും ആനുകാലിക നിർദ്ദേശങ്ങളും നിയമഭേദഗതികളും മാനിച്ചുകൊണ്ട് സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് സജീവമാക്കണമെന്നും അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു.
സമ്മേളനത്തില്‍ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി. മോണ്‍. ഇ. വില്‍ഫ്രഡ്, മോണ്‍.തോമസ് കാക്കശ്ശേരി, ഫാ.ജോണ്‍ വര്‍ഗീസ്, ഫാ. ആന്റണി അറയ്ക്കല്‍, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.പോള്‍ നെടുമ്പുറം, ഫാ.ജോണ്‍ പാലിയക്കര, മുൻ എം.പി. ശ്രീ.ഫ്രാന്‍സീസ് ജോര്‍ജ്, ഫാ. ആന്റോ ചുങ്കത്ത്, റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ.മാത്യു കോരംകുഴ, ഫാ.ജസ്റ്റിന്‍ ആലുങ്കല്‍, ഫാ.ബിജോയ് അറയ്ക്കല്‍, ഫാ.ജോര്‍ജ് റബയ്‌റോ എന്നിവര്‍ സംസാരിച്ചു.
കാത്തലിക് അസോസിയേഷന്‍ മുഖ്യമന്ത്രിയുമായി ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചു. അനുകൂല സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പും സാങ്കേതിക സർവ്വകലാശാലയുമായി തുടര്‍നടപടികള്‍ക്കായി ചര്‍ച്ചകള്‍ നടത്തും. രാജ്യാന്തര സർവ്വകലാശാലകളുമായി കാത്തലിക് എഞ്ചിനീയറിംഗ് കോളേജുകളെ ബന്ധപ്പെടുത്തി സംയുക്തപദ്ധതികളും ഈ അദ്ധ്യായന വര്‍ഷത്തില്‍ത്തന്നെ ആരംഭിക്കുമെന്നും എക്‌സിക്യൂട്ടീവ് സെക്രട്ടറി വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.