എൺപത് വയസ് തികഞ്ഞ വിരമിച്ച മെത്രാന്മാർക്ക് വോട്ടവകാശമില്ല; പൗരസ്ത്യ സഭകളുടെ സിനഡുകളിൽ വോട്ടുചെയ്യാൻ പ്രായപരിധി നിശ്ചയിച്ച് മാർപാപ്പ

എൺപത് വയസ് തികഞ്ഞ വിരമിച്ച മെത്രാന്മാർക്ക് വോട്ടവകാശമില്ല; പൗരസ്ത്യ സഭകളുടെ സിനഡുകളിൽ വോട്ടുചെയ്യാൻ പ്രായപരിധി നിശ്ചയിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: സ്വാധികാര പ്രബോധന രൂപത്തിൽ (Motu Proprio) ഇറക്കിയ ഒരു അപ്പസ്തോലിക ലേഖനത്തിലൂടെ, എൺപത് വയസ്സ് തികഞ്ഞ വിരമിച്ച മെത്രാന്മാർക്ക് അവർ അംഗമായിരിക്കുന്ന മെത്രാൻ സിനഡുകളിൽ ഇനി വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് പൗരസ്ത്യ സഭകളുടെ കാനൻ നിയമം ഫ്രാൻസിസ് മാർപാപ്പ ഭേദഗതി ചെയ്തു.

"നാളുകളായി" (Iam Pridem) എന്ന് അർത്ഥം വരുന്ന ശീർഷകത്തോടെ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പുതിയ സ്വാധികാര പ്രബോധനം, പൗരസ്ത്യ സഭകളുടെ കാനൻ നിയമാവലി പരിഷ്കരിച്ച്, എൺപത് വയസ്സ് തികഞ്ഞ മെത്രാന്മാരെ, അതാത് മെത്രാൻ സിനഡുകളിലെ വോട്ടെടുപ്പുകളിൽ നിന്ന് ഒഴിവാക്കി. ലത്തീൻ ഭാഷയിലെ തലക്കെട്ട് അർത്ഥമാക്കുന്നതുപോലെ, ചില പാത്രിയാർക്കീസുമാർ, മേജർ ആർച്ച് ബിഷപ്പുമാർ എന്നിവരുടെ "ദീർഘകാല അഭ്യർത്ഥന" മാനിച്ചാണ് മാർപ്പാപ്പയുടെ ഈ തീരുമാനം.

പാത്രിയാർക്കൽ സഭകളിലെയും മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളിലെയും വിരമിച്ച മെത്രാന്മാരുടെ എണ്ണവും, വോട്ടെടുപ്പുകളിലുള്ള അവരുടെ സജീവ പങ്കാളിത്തവും മൂലം മെത്രാന്മാരുടെയും സ്വയംഭരണധികാരമുള്ള സഭകളുടെ തലവന്മാരുടെയും തിരഞ്ഞെടുപ്പുകളിൽ ഉണ്ടായേക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഈ മാറ്റങ്ങൾ എന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു

സ്വയംഭരണാധികാരമുള്ള വിവിധ സഭകളിൽ ഉണ്ടായ ഈ ബുദ്ധിമുട്ടുകൾ കാരണം പൗരസ്ത്യ കാനൻ നിയമങ്ങളുടെ ബന്ധപ്പെട്ട വകുപ്പുകൾ ഭേദഗതി ചെയ്യാൻ, മാർപാപ്പയോട് ആവശ്യപ്പെടാൻ ആ സഭകളുടെ തലവൻമാർ നിർബന്ധിതരായി. അങ്ങനെയാണ് ഫ്രാൻസിസ് പാപ്പാ പൗരസ്ത്യ കാനൻ നിയമത്തിലെ 66, §1, 102, 149, 183 എന്നിവയ്ക്ക് മാറ്റം വരുത്തിയത്.

ഒരു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമഭേദഗതി, എൺപത് വയസ് തികഞ്ഞിട്ടും നിലവിൽ അധികാരത്തിലിരിക്കുന്ന പാത്രിയാർക്കീസുമാർ, മേജർ ആർച്ച് ബിഷപ്പുമാർ, രൂപതാ മെത്രാൻമാർ, എക്സാർക്കുകളായി നിയമിക്കപ്പെട്ട മെത്രാൻമാർ എന്നിവർക്ക് ബാധകമല്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26