തിരുവനന്തപുരം: കേരളാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച പരാമര്‍ശം ഉള്ളത്.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ വൈകിട്ടോടെയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. സുരക്ഷ വിലയിരുത്തിക്കൊണ്ടുള്ള ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദി കുമാറിന്റെ റിപ്പോര്‍ട്ടിലാണ് ഭീഷണിയുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്ക് മുന്‍പ് കെ. സുരേന്ദ്രന് ഭീഷണി സന്ദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് മേല്‍വിലാസത്തിലാണ് ഊമക്കത്ത് വന്നത്. പിന്നീട് കെ. സുരേന്ദ്രന്‍ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറുകയായിരുന്നു. ഭീഷണി സന്ദേശം കൂടി വന്ന സാഹചര്യം കൂടി കണക്കിലെടുത്ത് വേണം കേരളത്തില്‍ പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. ഫോണ്‍ നമ്പറും കത്തിലുണ്ടായിരുന്നു. കത്ത് എഡിജിപി ഇന്റലജന്‍സിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപായപ്പെടുത്തുമെന്ന് ഭീഷണിയുണ്ട്. കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലും സുരക്ഷാ ഭീഷണിയുണ്ട്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതാണ് മോഡിക്കെതിരായ പ്രകോപനത്തിന് കാരണമെന്നാണ് ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്.
കേരളത്തില്‍ ചില തീവ്ര സംഘടനകള്‍ സജീവമാണ്. ഇതില്‍ പിഡിപിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം മോഡിയെ എതിര്‍ക്കുന്നു. ചില വിദ്യാര്‍ത്ഥി സംഘടനകളും മോഡിയെ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ മംഗലപുരത്തെ പരിപാടി റദ്ദാക്കി. ഈ മേഖലയിലേക്ക് പ്രധാനമന്ത്രി യാത്ര ചെയ്യുന്നത് സുരക്ഷാ ഭീഷണിയാണെന്ന നിഗമനത്തിലാണ് തീരുമാനം. ടെക്‌നോ സിറ്റിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികളെല്ലാം സെക്രട്ടറിയേറ്റിന് പിറകു വശത്തുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി.
മാവോയിസ്റ്റുകളുടേയും ശ്രീലങ്കന്‍ തീവ്രവാദ സംഘടനകളുടെ ഭീഷണിയും പ്രധാനമന്ത്രിയ്ക്കുണ്ടെന്നാണ് വിലയിരുത്തല്‍. വന്ദേഭാരതിലെ യാത്ര മോഡി വേണ്ടെന്ന് വച്ചതും ഭീഷണിയുടെ പശ്ചാത്തലത്തിലാണ്.
റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ പ്രത്യേകമായി ശ്രദ്ധിച്ച് ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.