ക്യാമറകള്‍ മുന്‍പ് സ്ഥാപിച്ചതെങ്കിലും എഐ ക്യാമറ എന്ന് പ്രചാരണം; പദ്ധതിയില്‍ ദുരൂഹതയെന്ന് ആരോപണം

ക്യാമറകള്‍ മുന്‍പ് സ്ഥാപിച്ചതെങ്കിലും എഐ ക്യാമറ എന്ന് പ്രചാരണം; പദ്ധതിയില്‍ ദുരൂഹതയെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 232 കോടി രൂപ ചെലവില്‍ സ്ഥാപിച്ച എഐ ക്യാമറ പദ്ധതി വിവാദത്തില്‍. ക്യാമറ സ്ഥാപിക്കല്‍ പദ്ധതിയിലെ ഇടപാടുകളെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും വസ്തുതകള്‍ പുറത്തുവിടുന്നില്ലെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം മുന്നോട്ടു വന്നത്. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഒട്ടേറെപ്പേര്‍ പദ്ധതിയില്‍ ദുരൂഹത ആരോപിച്ചു രംഗത്തെത്തുകയായിരുന്നു.

ആരോപണങ്ങളോട് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പദ്ധതി സംബന്ധിച്ച എന്തു രേഖകളും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാന്‍ തയാറാണെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു. എഐ ക്യാമറയല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന വിമര്‍ശനത്തില്‍ കാര്യമില്ലെന്നും ക്യാമറയും സോഫ്റ്റ്വെയറും മറ്റ് ഉപകരണങ്ങളുമടക്കമാണ് എഐ സംവിധാനമായി പ്രവര്‍ത്തിക്കുന്നതെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.

എഐ ക്യാമറ വയ്ക്കാനുള്ള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടോ, എങ്കില്‍ എത്ര കമ്പനികള്‍ പങ്കെടുത്തു. പദ്ധതിയില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം എന്താണ്. അവരുടെ ലാഭവിഹിതം എത്രയാണ്. നിര്‍മിതബുദ്ധി പ്രകാരം ആണ് ക്യാമറ പ്രവര്‍ത്തിക്കുന്നത് എന്നു ഗതാഗത വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് മുന്‍പ് സ്ഥാപിച്ച അതേ ക്യാമറകളാണ് ഇപ്പോഴും സ്ഥാപിച്ചിരിക്കുന്നത്. എങ്കില്‍ എഐ ക്യാമറ എന്ന പ്രചാരണം എന്തിനു വേണ്ടി തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ പദ്ധതികളുടെ കരാര്‍ നേടിയെടുക്കുകയും ഇവ സ്വകാര്യ കമ്പനികള്‍ക്കു മറിച്ചു നല്‍കുകയും ചെയ്യുന്ന കെല്‍ട്രോണിനെ എന്തിനു കരാര്‍ ഏല്‍പിച്ചു എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. നിയമ ലംഘനത്തിന്റെ ഓരോ ചിത്രവും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നെങ്കില്‍ എഐ സംവിധാനത്തിന്റെ ആവശ്യമെന്താണ്. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ കെല്‍ട്രോണും സര്‍ക്കാരും മടിക്കുന്നതെന്തിനാണെന്നതും ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.