രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം ക്രൈസ്തവ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയെ കാണും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം ക്രൈസ്തവ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയെ കാണും

കൊച്ചി: കനത്ത സുരക്ഷയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് അഞ്ചിന് ദക്ഷിണ നാവികസേനാ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി യുവമോര്‍ച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം ക്രൈസ്തവ സഭാധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെണ്ടുരുത്തി പാലത്തില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിക്കുന്നത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാന്‍ എത്തുമെന്നാണ് കരുതുന്നത്. തേവര എസ്എച്ച് കോളജ് ഗ്രൗണ്ടിലെ യുവം പരിപാടിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇതിനി ശേഷം രാത്രി തങ്ങുന്ന വെല്ലിങ്ടണ്‍ ഐലന്റിലെ ഹോട്ടല്‍ താജ് മലബാറിലേക്ക് പോകും. അവിടെ ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസോലിയോസ് ക്ലീമിസ്, ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ, യാക്കോബായ സഭാ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസ്, കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ മാര്‍ ഔജിന്‍ കുര്യാക്കോസ്, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ക്‌നാനായ സിറിയന്‍ സഭ ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയൂസ് എന്നിവരെയാണ് കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. വൈകിട്ട് ഏഴിനാണ് കൂടിക്കാഴ്ച്ച.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് 2600 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി നഗരത്തിലെങ്ങും വിന്യസിച്ചിരിക്കുന്നത്. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണവുമുണ്ട്. ചൊവ്വാഴ്ച്ച രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെയെത്തി വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടര്‍ മെട്രോയും അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

അതേസമയം പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയില്‍ നിന്നും കേരള ഗവര്‍ണറെ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയില്‍ ഗവര്‍ണറുടെ പേരും നല്‍കിയിരുന്നു. കൊച്ചിയില്‍ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാല്‍ ഗവര്‍ണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം.

പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഗവര്‍ണര്‍ ഞായറാഴ്ച്ച വൈകിട്ട് കൊച്ചിയിലുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറെ ഒഴിവാക്കിയ വിവരം പ്രധാന മന്ത്രിയുടെ ഓഫീല്‍ നിന്നും എത്തിയത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഉണ്ടാകും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി.രാജീവാണ് സ്വീകരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.