നാവില്‍ സ്വീകരിച്ച തിരുവോസ്തി പകുതി മുറിച്ച് പോക്കറ്റിലിട്ടു; കൊച്ചിയില്‍ മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍

നാവില്‍ സ്വീകരിച്ച തിരുവോസ്തി പകുതി മുറിച്ച് പോക്കറ്റിലിട്ടു; കൊച്ചിയില്‍ മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍

കൊച്ചി: തിരുവോസ്തി നാവില്‍ സ്വീകരിച്ച ശേഷം പാതി മുറിച്ച് ഒരു ഭാഗം പോക്കറ്റിലിട്ട സംഭവത്തില്‍ ഇതര മതസ്ഥരായ മൂന്ന് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. മലപ്പുറം തവനൂര്‍ സ്വദേശികളായ യുവാക്കളെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. മാധവാ ഫാര്‍മസി ജങ്ഷന് സമീപമുള്ള സെന്റ് തെരേസാസ് കത്തോലിക്ക പള്ളിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

വൈകുന്നേരം ആറുമണിയുടെ കുര്‍ബാനയ്ക്കിടെയാണ് യുവാക്കള്‍ മൂന്നു പേരും പള്ളിയിലേക്ക് പ്രവേശിക്കുന്നത്. കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം വിശ്വാസികള്‍ക്കൊപ്പം തിരുവോസ്തി സ്വീകരിക്കുന്നതിനായി മൂവരും വരിയില്‍ നിന്നു. കൈയ്യില്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ വൈദികന്‍ തിരുവോസ്തി നാവില്‍ നല്‍കി.

ഇവരില്‍ ആദ്യത്തെയാള്‍ തിരുവോസ്തി പകുതി മുറിച്ച് ബാക്കി പോക്കറ്റിലേക്കിട്ടു. കൂടെയുണ്ടായിരുന്ന രണ്ടാമനും ഇത് തന്നെ ചെയ്തതോടെ സംശയം തോന്നിയ വികാരിയും വിശ്വാസികളും യുവാക്കളെ ചോദ്യം ചെയ്തു. അപ്പോഴാണ് മലപ്പുറം സ്വദേശികളാണെന്നും ക്രിസ്തീയ വിശ്വാസികള്‍ അല്ലായെന്നും മനസിലായത്.

യുവാക്കളോട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ല. തിരിച്ചറിയില്‍ രേഖകള്‍ ചോദിച്ചപ്പോഴും കൈവശമില്ലെന്ന് പറഞ്ഞു. വിവരം സെന്‍ട്രല്‍ സ്റ്റേഷനില്‍ അറിയിക്കുകയും പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പള്ളി കണ്ടപ്പോള്‍ കൗതുകം തോന്നി കയറിയതാണെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. കടുവ എന്ന സിനിമ കണ്ടതിന് ശേഷം പള്ളിയില്‍ കയറണമെന്ന് ആഗ്രഹമുണ്ടായി. പള്ളിക്കുള്ളില്‍ എന്താണ് നടക്കുന്നത് എന്ന് കാണാനാണ് കയറിയത്. മറ്റ് ഉദ്ദേശങ്ങളൊന്നും ഇല്ലായിരുന്നെന്നും യുവാക്കള്‍ മൊഴി നല്‍കി.

യുവാക്കളുടെ പശ്ചാത്തലം അന്വേഷിച്ച് വരികയാണ്. 21 നും 23 നും ഇടയില്‍ പ്രായമുള്ളവരാണ് മൂവരും. ഇവര്‍ക്ക് ബ്ലാക്ക് മാസ് സംഘവുമായോ ഏതെങ്കിലും തീവ്ര സംഘടനയുമായോ ബന്ധമുണ്ടോ എന്നറിയാനായി മലപ്പുറം പൊലീസില്‍ യുവാക്കളുടെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മലപ്പുറം പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക എന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.