റബര്‍ താങ്ങുവില വര്‍ധിപ്പിക്കണം, മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകണം; കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് സഭാ മേലധ്യക്ഷന്മാര്‍

റബര്‍ താങ്ങുവില വര്‍ധിപ്പിക്കണം, മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകണം; കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് സഭാ മേലധ്യക്ഷന്മാര്‍

കൊച്ചി: രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സഭാ മേലധ്യക്ഷന്മാര്‍. റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ആശങ്ക അറിയിച്ച പിതാക്കന്മാർ ഇത്തരം ഹീനകൃത്യങ്ങൾക്ക് അവസാനമുണ്ടാകണം എന്നാവശ്യപ്പെട്ടു. പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണത്തിന് നടപടി സ്വീകരിക്കണമെന്നും കൂടിക്കാഴ്ച്ചയില്‍സഭാതലവന്മാർ ആവശ്യപ്പെട്ടു.

ക്രൈസ്തവർക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി നടപടികൾ സ്വീകരിക്കുമെന്നും സഭയുടെ ആശങ്കകൾ തന്‍റെ ശ്രദ്ധയിൽ ഉണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ സഭകള്‍ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടെന്നും കേരളത്തിലും അതുണ്ടാവണമെന്നാണ് ആഗ്രഹമെന്നും മോഡി കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഭാരത സന്ദര്‍ശനത്തിനു മാര്‍പാപ്പയെ ക്ഷണിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

വില്ലിങ്ഡന്‍ ഐലന്റിലെ ഹോട്ടല്‍ താജ് മലബാറില്‍ വച്ചായിരുന്നു ക്ഷണിക്കപ്പെട്ട വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തിയത്. വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് എട്ട് സഭാധ്യക്ഷന്മാര്‍ 45 മിനിട്ടു നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ (മലങ്കര ഓര്‍ത്തഡോക്‌സ് സഭ), ജോസഫ് മാര്‍ ഗ്രിഗോറിയോസ് (യാക്കോബായ സഭ), മാര്‍ ഔഗിന്‍ കുര്യാക്കോസ് (കല്‍ദായ സുറിയാനി സഭ), കുര്യാക്കോസ് മാര്‍ സേവേറിയോസ് (ക്‌നാനായ സുറിയാനി സഭ) എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി മേലധ്യക്ഷൻമാർ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വളരെ നന്നായിരുന്നു എന്ന് കൂടിക്കാഴ്ചക്ക് ശേഷംപിതാക്കന്മാരുടെ സംഘം വ്യക്തമാക്കി.

വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങള്‍ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണം എന്നതുള്‍പ്പടെ ഏഴ് ആവശ്യങ്ങളടങ്ങിയ കത്ത് പിതാക്കന്മാരുടെ സംഘം പ്രധാനമന്ത്രിക്ക് കൈമാറി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും കേരളത്തിന്റെ വികസന ആവശ്യങ്ങളാണ് ചര്‍ച്ചയായതെന്നും സുരേന്ദ്രന്‍ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.