തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള ഒരു ദിവസമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പല പദ്ധതികൾക്ക് ഇന്ന് ആരംഭം കുറിക്കുകയാണ്. പൂർത്തിയാക്കിയ പദ്ധതികൾ ഇന്ന് രാജ്യത്തിനു സമർപ്പിക്കപ്പെടുകയുമാണ്. ഇതിനായി രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ എത്തിയിരിക്കുന്നു എന്നതിൽ നമുക്കെല്ലാവർക്കും അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് ഇടതു സർക്കാർ മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക, വിവര സാങ്കേതികവിദ്യാ രംഗങ്ങളിലൊക്കെ നൂതനവൈദഗ്‌ധ്യമുള്ള സ്ഥാപനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുകയാണ്. അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റൽ സയൻസ് പാർക്ക്
കേരളത്തെ പോലെ അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനത്തിൽ നിന്നുമുള്ള മാതൃകാപരമായ ഒരു പദ്ധതിയാണ് കൊച്ചി ജല മെട്രോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയതും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനങ്ങൾ. ഇത് രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്.
കേരള സർക്കാരിന്റെ നിക്ഷേപവും ജർമ്മൻ ഫണ്ടിങ് ഏജൻസിയായ കെ എഫ് ഡബ്ള്യുവിന്റെ വായ്പയും ഉൾപ്പെടെ 1,136.83 കോടി രൂപ ചിലവിലാണ് കൊച്ചി വാട്ടർ മെട്രോ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാകും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗരജലഗതാഗതത്തിലും രാജ്യത്തിനു മാതൃകയാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.