കാന്‍ബറ: ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും സൈനികരെയും യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെയും ആദരിക്കുന്ന അന്‍സാക് ദിനത്തില്‍ കാന്‍ബറയിലെ സെന്റ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രലില്‍ പ്രത്യേക കുര്‍ബാന നടത്തി. കാന്‍ബറ-ഗോള്‍ബേണ്‍ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രൗസ് മുഖ്യ കാര്‍മികത്വം വഹിച്ചു. 27 രാജ്യങ്ങളെ പ്രതിനിധീകരിച്ച് സൈനിക പ്രമുഖര്‍, ഫെഡറല്‍, പ്രാദേശിക രാഷ്ട്രീയക്കാര്‍, വൈദികര്‍, നയതന്ത്ര സേനാംഗങ്ങള്‍ എന്നിവര്‍ കുര്‍ബാനയില്‍ പങ്കെടുത്തു.
നാം പലപ്പോഴും നിസാരമായി കരുതുന്ന സ്വാതന്ത്ര്യവും സമാധാനവും നമുക്ക് നല്‍കിയ സൈനികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ത്യാഗത്തെ അനുസ്മരിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ കാത്തലിക് മിലിട്ടറി ഓര്‍ഡിനേറിയറ്റിന്റെ അപ്പോസ്തോലിക് ഡെലിഗേറ്റായ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ ഒ'കീഫും കുര്‍ബാനയില്‍ പങ്കെടുത്തു. 'ജീവിതത്തിലെ ത്യാഗം, മരണത്തിലെ ത്യാഗം, രാജ്യത്തിനു വേണ്ടിയുള്ള ത്യാഗം' എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് അന്‍സാക്കിന്റെ കേന്ദ്ര സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
സിഡ്നിയിലെ അന്‍സാക് മെമ്മോറിയലിലെ ഹാള്‍ ഓഫ് സൈലന്‍സില്‍ സ്ഥാപിച്ചിട്ടുള്ള റെയ്നര്‍ ഹോഫിന്റെ ശില്‍പം അദ്ദേഹം വിവരിച്ചു. മരിച്ചുപോയ യോദ്ധാവിന്റെ ശരീരം അവന്റെ അമ്മയും സഹോദരിയും ഭാര്യയും ചേര്‍ന്ന് താങ്ങിനിര്‍ത്തുന്നതാണു ശില്‍പം.
റെയ്നര്‍ ഹോഫിന്റെ ശില്‍പം
യുദ്ധത്തിന്റെ മുറിവുകള്‍ പേറുന്നവരെയും ഉപേക്ഷിക്കപ്പെട്ടവരെയും ചിത്രീകരിക്കുന്നാണ് ശില്‍പം. പിതാവിനെയും ഭര്‍ത്താവിനെയും സഹോദരങ്ങളെയും മക്കളെയും നഷ്ടപ്പെട്ട സ്ത്രീകളെ അതു പ്രതിനിധീകരിക്കുന്നു. ഈ ശില്‍പം സാര്‍വത്രികമായി പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഉക്രെയ്‌നില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സൈനികരുടെ ത്യാഗത്തിന് ഇന്നും പ്രസക്തിയുണ്ട്.
'അന്‍സാക് പ്രതിനിധാനം ചെയ്യുന്ന ധീരത, ത്യാഗം, വിശ്വസ്തത, നിസ്വാര്‍ത്ഥത, സഹിഷ്ണുത തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ ഇന്നത്തെ സംസ്‌കാരത്തില്‍ എത്രത്തോളം പ്രസക്തമാണെന്ന് ചോദിക്കണമെന്ന് മോണ്‍സിഞ്ഞോര്‍ പീറ്റര്‍ ഒ'കീഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.