ചിരിയുടെ സുല്‍ത്താന് നാടിന്റെ വിട; മാമുക്കോയയുടെ സംസ്‌കാരം ഇന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍

ചിരിയുടെ സുല്‍ത്താന് നാടിന്റെ വിട; മാമുക്കോയയുടെ സംസ്‌കാരം ഇന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍

കോഴിക്കോട്: മലയാളികളുടെ പ്രിയ നടന്‍ മാമുക്കോയയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

രാവിലെ ഒന്‍പത് വരെ അരക്കിണറിലെ മാമുക്കോയയുടെ വീട്ടില്‍ പൊതുദര്‍ശനം തുടരും. ശേഷം അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷം മൃതദേഹം കണ്ണംപറമ്പിലേക്ക് കൊണ്ടുപോവും.

ഇന്നലെ രാത്രി ഏറെ വൈകിയും മാമുക്കോയയെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി ആളുകളാണ് കോഴിക്കോട്ടേക്കെത്തിയത്.കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത് മണി വരെ പൊതുദര്‍ശനമുണ്ടായിരുന്നു. രാത്രി വൈകിയാണ് ഭൗതികശരീരം വീട്ടിലേക്കെത്തിച്ചത്.

ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ മരണം. ഏപ്രില്‍ 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.

ചെറുതും വലുതുമായ വേഷങ്ങളിലൂടെ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടനാണ് മാമുക്കോയ. കോഴിക്കോടന്‍ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല. 1979 ല്‍ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയ പിന്നീട് നാനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.