വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കാനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡില്‍ പങ്കെടുക്കുന്ന അല്മായര്‍ക്കും സിനഡിന്റെ ജനറല്‍ അസംബ്ലിയില്‍ വോട്ടവകാശം നല്‍കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സിനഡിനായുള്ള സെക്രട്ടറിയറ്റിന്റെ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ മാരിയോ ഗ്രെക്ക്, കര്‍ദ്ദിനാള്‍ ഷാങ്-ക്ലോദ് ഹൊള്ളറിക് എന്നിവര്‍ ഇന്നലെ വത്തിക്കാനില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെത്രാന്‍മാരുടെ സിനഡിന്റെ സ്വഭാവമോ, പേരോ മാറുന്നില്ലെങ്കിലും സിനഡിന്റെ ജനറല്‍ അസംബ്ലിയില്‍ മെത്രാന്‍മാരല്ലാത്തവരുടെ ഗണ്യമായ സംഖ്യയിലുള്ള പങ്കാളിത്തത്തിലൂടെ, അതിന്റെ ഘടനയില്‍ വരുന്ന മാറ്റം ശ്രദ്ധേയമാണ്. മൊത്തത്തില്‍ നാനൂറില്‍ അധികം പേര്‍ പങ്കെടുക്കുന്ന സിനഡിന്റെ ജനറല്‍ അസംബ്ലിയില്‍ മെത്രാന്‍മാരെ കൂടാതെ എഴുപത് പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഈ എഴുപത് പേരില്‍ മാര്‍പ്പാപ്പ നേരിട്ടു നിയമിക്കുന്ന അല്മായരും ഉള്‍പ്പെടും.
'ഒന്നിച്ചു നടക്കുക' എന്ന ആശയത്തിലൂന്നിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പാ 2021 ല്‍ തുടക്കം കുറിച്ച സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ വഴിയില്‍ നടപ്പാക്കുന്ന സുപ്രധാനമായ ഒരു മാറ്റമാണ് ഇത് - കര്‍ദ്ദിനാള്‍മാര്‍ വിശദീകരിച്ചു.
ആഫ്രിക്ക, ഏഷ്യ, മധ്യപൂര്‍വ്വദേശങ്ങള്‍, ഓഷ്യാനിയ മുതലായ പ്രദേശങ്ങളില്‍ നടന്ന സിനഡിന്റെ ഭൂഖണ്ഡതല ഒരുക്ക സമ്മേളനങ്ങളുടെ തലവന്‍മാര്‍ക്ക് ഇതേക്കുറിച്ചുള്ള സന്ദേശം ഇന്നലെ കൈമാറി. നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒന്നും റദ്ദാക്കാതെ, 2018 ലെ അപ്പസ്‌തോലിക ഭരണഘടനാരേഖയായ 'എപ്പിസ്‌കോപ്പാലിസ് കമ്മ്യൂണിയോ' (Episcopalis Communio) പ്രകാരമാണ് സിനഡില്‍ മെത്രാന്മാരല്ലാത്തവരുടെ സാന്നിധ്യം സാധ്യമാകുന്നത് എന്ന് അവര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
സിനഡിന്റെ അന്തര്‍ദേശീയ ഒരുക്ക സമ്മേനങ്ങളും പൗരസ്ത്യ പാത്രിയാര്‍ക്കല്‍ സഭകളും നിര്‍ദ്ദേശിക്കുന്ന നൂറ്റിനാല്‍പതുപേരുടെ പട്ടികയില്‍ നിന്നാണ്, മെത്രാന്‍മാരല്ലാത്ത എഴുപതു പേരെ മാര്‍പ്പാപ്പാ തിരഞ്ഞെടുക്കുന്നത്. അവര്‍ വൈദീകര്‍, സമര്‍പ്പിതരായ സ്ത്രീകള്‍, ഡീക്കന്മാര്‍, അല്മായരായ സ്ത്രീപുരുഷന്മാര്‍ എന്നിങ്ങനെ ദൈവജനത്തിന്റെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരായിരിക്കും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന എഴുപതുപേരില്‍ പകുതി സ്ത്രീകളായിരിക്കണമെന്നും യുവജനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കേണ്ടതുണ്ട് എന്നും കര്‍ദ്ദിനാള്‍മാര്‍ വിശദീകരിച്ചു. ഈ വിധത്തില്‍ ദൈവജനത്തിന്റെ പ്രവാചകത്വവും ഇടയന്മാരുടെ വിവേചനാശക്തിയും തമ്മിലുള്ള സംവാദം സിനഡില്‍ സാധ്യമാകുമെന്നും സഭ അവളുടെ പൂര്‍ണ്ണതയില്‍ പ്രതിനിധീകരിക്കപ്പെടുന്ന ഒരു അവസരമായി സിനഡ് മാറുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26