ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍. ഇന്നു തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
ബ്രിജ് ഭൂഷന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഏഴു ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. സോളിസിറ്റര്‍ ജനറലിന്റെ പ്രസ്താവന രേഖപ്പെടുത്തി കേസ് മാറ്റിവയ്ക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു.
അതേസമയം പരാതി നല്‍കിയ പ്രായപൂര്‍ത്തിയാവാത്ത താരത്തിന് സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് സത്യവാങ്മൂലം നല്‍കണം.
ഹര്‍ജി തീര്‍പ്പാക്കുന്നില്ലെന്നും ഒരാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കേസിന്റെ തല്‍സ്ഥിതി വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.
ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ഞായറാഴ്ച മുതല്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറില്‍ സത്യാഗ്രഹം നടത്തുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.