റേഷന്‍ മുടക്കിയായി ഇ പോസ്; മൂന്ന് നാള്‍ അടച്ച് തുറന്നിട്ടും പഴയപടി

റേഷന്‍ മുടക്കിയായി ഇ പോസ്; മൂന്ന് നാള്‍ അടച്ച് തുറന്നിട്ടും പഴയപടി

തിരുവനന്തപുരം: ഇ പോസ് പതിവായി താറുമാറാകുന്നതിന് ശാശ്വത പരിഹാരം കാണാതെ സര്‍ക്കാര്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തുന്നത് വ്യാപാരികളുടെയും കാര്‍ഡ് ഉടമകളുടെയും ക്ഷമ കെടുത്തുന്നു. റേഷന്‍ മുടങ്ങുന്നതിന് പിന്നാലെ തകരാര്‍ പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രി ഉള്‍പ്പെടെ അവകാശപ്പെടും. ദിവസങ്ങള്‍ക്കകം വീണ്ടും മുടങ്ങും. ഇതാണ് ഇന്നലെ വരെ സംഭവിച്ചത്.

ഇ പോസ് തകരാറ് മൂലം മൂന്നു ദിവസം അടച്ചിട്ടിട്ടും റേഷന്‍ കടകള്‍ ഇന്നലെയും ഭാഗികമായേ തുറക്കാന്‍ സാധിച്ചുള്ളു. രാവിലെ വലിയ തടസമില്ലായിരുന്നെങ്കിലും വൈകിട്ടായപ്പോഴേക്കും മിക്കയിടത്തും ഇ പോസ് ഇഴഞ്ഞു തുടങ്ങിയിരുന്നു. കാര്‍ഡുടമകള്‍ക്ക് പല തവണ മെഷീനില്‍ വിരല്‍ വയ്‌ക്കേണ്ടി വന്നു. വിഫലമായപ്പോള്‍ ഒ.ടി.പി ഇടപാടിലേയ്ക്ക് കടന്നു.

ഏഴ് ജില്ലകളില്‍ രാവിലെ മുതല്‍ ഉച്ചവരെയും ബാക്കി ഉച്ചയ്ക്കു ശേഷവുമാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്. മെയ് നാല് മുതല്‍ മുഴുവന്‍ കടകളും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ വീണ്ടും ഇ പോസ് പണിമുടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇ പോസ് റേഷന്‍ മുടക്കുമ്പോള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് തടിതപ്പുകയാണ് ഭക്ഷ്യവകുപ്പ്. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം എല്ലാം സംസ്ഥാനങ്ങളിലും ഇ പോസ് വഴിയാണ് റേഷന്‍ വിതരണം. സെര്‍വറിന്റെ ചുമതലയുള്ള ഹൈദരാബാദ് എന്‍.ഐ.സിക്കും. മറ്റൊരു സംസ്ഥാനത്തും ഇ പോസ് തകരാറു കാരണം റേഷന്‍ താളം തെറ്റുന്നില്ല.

ഈ മാസത്തെ ഇ പോസ് പണിമുടക്കിന് കാരണം ഹൈദരാബാദിലെ ആധാര്‍ സര്‍വറുമായി ബന്ധപ്പെട്ട ഡേറ്റ മൈഗ്രേഷനാണെന്നാണ് എന്‍.ഐ.സി സര്‍ക്കാരിനെ അറിയിച്ചത്. സെര്‍വറിലെ ഡേറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റാന്‍ രണ്ട് ദിവസം എന്‍.ഐ.സി ആവശ്യപ്പെട്ടതിനാലാണ് കടകള്‍ അടച്ചിട്ടത്. ഡേറ്റ മൈഗ്രേഷന്‍ പൂര്‍ത്തിയായെന്ന് അവകാശപ്പെടുമ്പോഴും കാര്യങ്ങള്‍ പഴയപടി തുടരുകയാണ്.

അഞ്ച് കോടിയുടെ സെര്‍വര്‍

ആദ്യം ഐ.ടി സെല്ലിന്റെ സര്‍വറിലായിരുന്നു ഇ പോസ് മെഷീന്‍. റേഷന്‍ പലപ്പോഴും മുടങ്ങിയതോടെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ച് കോടി രൂപയ്ക്ക് പുതിയ സെര്‍വര്‍ വാങ്ങി. എന്നിട്ടും സുഗമമായില്ല. മുന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമനും നിലവിലെ മന്ത്രി ജി.ആര്‍ അനിലും ഹൈദരാബാദിലെ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിലെത്തി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മാര്‍ച്ച് 10 ന് മന്ത്രി ജി.ആര്‍ അനില്‍ എന്‍.ഐ.സി, ഐ.ടി മിഷന്‍, കെല്‍ട്രോണ്‍, സി-ഡാക്ക്, ബി.എസ്.എന്‍.എല്‍ പ്രതിനിധികളുടെ യോഗം വിളിച്ചു. ഏപ്രിലോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ പ്ലാന്‍ ചെയ്തുവെങ്കിലും പരിഹാരമായില്ല.

വീഴ്ചകള്‍

1. 2017ലെ സോഫ്റ്റ് വെയര്‍ മാറ്റി പുതിയ വേര്‍ഷനിലേക്ക് ഇനിയും പോയിട്ടില്ല.
2. ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന ബി.എസ്.എന്‍.എല്‍ ബാന്‍ഡ് വിഡ്ത്ത് 100 എം.ബി.പി.എസ് പോലുമില്ല.
3. നല്ല റേഞ്ചുള്ള മൊബൈല്‍ കമ്പനികളുടെ സിം കാര്‍ഡുകള്‍ ഇ പോസ് മെഷീനില്‍ സ്ഥാപിച്ചിട്ടില്ല.
4. ബില്‍ നല്‍കുമ്പോള്‍ ഫോണില്‍ ലഭിക്കുന്ന മെസേജില്‍ ഭക്ഷ്യധാന്യങ്ങളുടെ അളവ് ഉള്‍പ്പെടുത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.