ക്രിസ്ത്യന്‍ സന്യസ്തരെ അടച്ചാക്ഷേപിക്കുന്ന 'കക്കുകളി' നാടകം ആശങ്കാജനകം: കെ. സുധാകരന്‍

ക്രിസ്ത്യന്‍ സന്യസ്തരെ അടച്ചാക്ഷേപിക്കുന്ന 'കക്കുകളി' നാടകം ആശങ്കാജനകം: കെ. സുധാകരന്‍

തിരുവനന്തപുരം: ക്രിസ്ത്യന്‍ സന്യസ്ത സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന 'കക്കുകളി' എന്ന നാടകം ആശങ്കാജനകമെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍.

'കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക മുന്നേറ്റങ്ങളില്‍ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യന്‍ സന്ന്യാസ സമൂഹം. ഏറ്റവും പാവപ്പെട്ടവര്‍ക്ക് പോലും ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുകയും ദരിദ്രരുടെ ഇടയിലേക്ക് അവരുടെ വിശപ്പകറ്റാന്‍ ഇറങ്ങിച്ചെല്ലുകയും ചെയ്ത് കേരളത്തിന്റെ കുതിപ്പിന് ചാലകശക്തിയായ സമൂഹമാണ് അവര്‍.

ആ സന്യാസ സമൂഹത്തെ അനുവാചകരുടെ ഹൃദയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് 'കക്കുകളി' എന്ന നാടകം ഇറങ്ങിയിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ കാട്ടുതീ പോലെ പടരുന്ന കാലമാണിതെന്ന് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മനസിലാക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പുരോഹിത വര്‍ഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയില്‍ സൃഷ്ടികള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തില്‍ വിദ്വേഷം വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്'- സുധാകരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഒരു നാടകം ഇറങ്ങുന്നതും അത് അവതരിപ്പിക്കപ്പെടുന്നതും അതിന് കൈയ്യടി കിട്ടുന്നതും അതിനെതിരെ പ്രതിഷേധം ഉയരുന്നതും മനസിലാക്കാം. എന്നാല്‍ നവ ഇന്ത്യയുടെ കലാപ കലുഷിത സാഹചര്യങ്ങളില്‍ അരക്ഷിതത്വം അനുഭവിക്കുന്ന ഒരു സമൂഹം ഈ നാടകം തങ്ങളെ ഭയപ്പെടുത്തുന്നു എന്നും ഈ നാടകം തങ്ങളെ അപമാനിക്കുന്നു എന്നും ആശങ്കപ്പെടുമ്പോള്‍ അവരുടെ വിഹ്വലതകള്‍ക്ക് പുല്ലുവില കൊടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ നാടകം പ്രചരിപ്പിക്കാന്‍ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണന്ന് സുധാകരന്‍ വ്യക്തമാക്കി.

അടിമുടി ജീര്‍ണത പിടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും എണ്ണിയാല്‍ ഒടുങ്ങാത്ത നന്മകള്‍ സമൂഹത്തിന് സമ്മാനിച്ച ക്രിസ്ത്യന്‍ സന്യാസ സമൂഹത്തിനെ ഇകഴ്ത്തുകയും ചെയ്യുന്ന നാടകം സംഘപരിവാറും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേര്‍ന്ന് മനുഷ്യ മനസുകളില്‍ വര്‍ഗീയതയും വിദ്വേഷവും കുത്തിവെക്കുന്ന ഈ കാലഘട്ടത്തിന് യോജിച്ചതല്ല.

മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാന്‍ നടക്കുന്ന സിപിഎമ്മും ബിജെപിയും ഒക്കെ ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തിരിച്ചറിയണമായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ചെല്ലപ്പേരിട്ടു വിളിച്ചാലും സൃഷ്ടികള്‍ മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ ഉള്ളതാകരുതെന്ന് നാടക പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും കെ. സുധാകരന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.