അരിക്കൊമ്പന്‍ 'പരിധിക്ക് പുറത്ത്': റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടു; ഊര്‍ജ്ജിത തിരച്ചില്‍ ആരംഭിച്ച് വനംവകുപ്പ്

അരിക്കൊമ്പന്‍ 'പരിധിക്ക് പുറത്ത്': റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടു; ഊര്‍ജ്ജിത തിരച്ചില്‍ ആരംഭിച്ച് വനംവകുപ്പ്

കുമളി: റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായതോടെ അരിക്കൊമ്പന്റെ ചലനം മനസിലാക്കാന്‍ കഴിയാതെ വനം വകുപ്പ്. ഇന്നലെയാണ് അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായത്.

അവസാനം സിഗ്നല്‍ ലഭിക്കുമ്പോള്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്ന് കൊമ്പന്‍ ഇറക്കിവിട്ടിടത്തേക്ക് മടങ്ങി വരുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അരിക്കൊമ്പന്റെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി സിഗ്നല്‍ നഷ്ടമായത്.

ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിനുള്ളിലായാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധര്‍ പറയുന്നു.

അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്ന് വിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടിക്കൊണ്ടിരുന്നതാണ്. ചൊവ്വാഴ്ച്ച രാവിലെയോടെ സിഗ്‌നല്‍ നഷ്ടപ്പെടുകയായിരുന്നു. വനംവകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്ച്ച വൈകിട്ട് ലഭിച്ച സിഗ്നല്‍ അനുസരിച്ച് അരിക്കൊമ്പന്‍ പെരിയാറിലേക്ക് തിരികെ വരുന്നതായി കണ്ടെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ തമിഴ്‌നാട് വനമേഖലയ്ക്ക് അഞ്ച് കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തിയതായും സൂചന കിട്ടി. ഇതിന് ശേഷമാണ് സിഗ്നല്‍ നഷ്ടമായത്. ം.

സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താല്‍ അരിക്കൊമ്പന്‍ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു. ഇതേസമയം അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.