കെട്ടിട നികുതി കുറയ്ക്കില്ല; ഏപ്രില്‍ പത്തിന് മുന്‍പ് അപേക്ഷിച്ചവരില്‍ നിന്ന് കൂടിയ പെര്‍മിറ്റ് ഫീസ് ഈടാക്കില്ല

കെട്ടിട നികുതി കുറയ്ക്കില്ല; ഏപ്രില്‍ പത്തിന് മുന്‍പ് അപേക്ഷിച്ചവരില്‍ നിന്ന് കൂടിയ പെര്‍മിറ്റ് ഫീസ് ഈടാക്കില്ല

തിരുവനന്തപുരം: വസ്തുനികുതി കുറയ്ക്കില്ലെന്ന് സൂചിപ്പിച്ച് മന്ത്രി എം.ബി രാജേഷ്. വസ്തുനികുതി കുറയ്ക്കുമെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണം മാത്രമാണെന്നും മന്ത്രി പറഞ്ഞു. അഞ്ച് ശതമാനം മാത്രമാണ് നികുതി വര്‍ധിപ്പിച്ചത്. 25 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു ശുപാര്‍ശയെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

ധനകാര്യ കമ്മീഷന്‍ 2018 ലാണ് 25 ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയത്. എന്നാല്‍ പ്രളയവും കോവിഡുമെല്ലാം പരിഗണിച്ച് അത് നീട്ടിവെക്കുകയായിരുന്നു. ഇപ്പോള്‍ വെറും അഞ്ച് ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. അഞ്ച് കൊല്ലം കഴിഞ്ഞ് അഞ്ച് ശതമാനം മാത്രം വര്‍ധിപ്പിച്ചപ്പോള്‍ അത് അന്യായമായ വര്‍ധനവാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പെര്‍മിറ്റ് ഫീസില്‍ വര്‍ധനവുണ്ടെന്നു പറയുമ്പോള്‍ തന്നെ 876 സ്‌ക്വയര്‍ഫീറ്റ് വരെയുള്ളവര്‍ക്ക് ചില്ലിക്കാശ് വര്‍ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഏപ്രില്‍ പത്തിന്മുന്‍പ് അപേക്ഷിച്ചവരില്‍ നിന്ന് പെര്‍മിറ്റ് ഫീസായി കൂടിയ നിരക്ക് ഈടാക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടിയ നിരക്ക് ഈടാക്കിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി രാജേഷ് അറിയിച്ചു.

കുടുംബശ്രീയുടെ സ്ഥാപകദിനമായ മെയ് 17 ന് കേരളത്തില്‍ കുടുംബശ്രീ ദിനമായി ആചരിക്കും. ഈ വര്‍ഷം കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂന്നു ദിവസത്തെ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മെയ് 15,16,17 തീയതികളിലാണ് പരിപാടി. ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വനിതകള്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷന്‍ നടത്തും.

കൂടാതെ 17 ന് മുഖ്യമന്ത്രി പതിനായിരത്തിലധികം വനിതകള്‍ പങ്കെടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും. ആ പരിപാടിയില്‍ വെച്ച് കുടുംബശ്രീ ആരംഭിക്കുന്ന ഓണ്‍ലൈന്‍ റേഡിയോ റേഡിയോശ്രീക്കും തുടക്കം കുറിക്കുമെന്ന് മന്ത്രി അറിയിച്ചു. കുടുംബശ്രീ യൂട്യൂബ് ചാനല്‍ മില്യണ്‍ പ്ളസ് സബ്സ്‌ക്രിപ്ഷന്‍ ക്യാമ്പെയിന്‍ മന്ത്രി രാജേഷ് ഉദ്ഘാടനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.