കിരീട ധാരണം നാളെ, ലണ്ടൻ ഒരുങ്ങി; മാർപാപ്പയുടെ പ്രതിനിധിയായി കർദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കും

കിരീട ധാരണം നാളെ, ലണ്ടൻ ഒരുങ്ങി; മാർപാപ്പയുടെ പ്രതിനിധിയായി കർദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കും

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീട ധാരണത്തിനൊരുങ്ങി ലണ്ടൻ ന​ഗരം. രാവിലെ ആറു മുതൽ വൈകിട്ട് 2.30 വരെ നടക്കുന്ന ആഘോഷ പരിപാടികളിൽ ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കും. വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്.

ലോക നേതാക്കൾ, രാജാക്കന്മാരുടെ പ്രതിനിധികൾ, ലോകമെമ്പാടുമുള്ള രാജകുടുംബങ്ങൾ എന്നിവരുൾപ്പെടെ മറ്റ് ഉയർന്ന റാങ്കിലുള്ള അതിഥികൾക്കൊപ്പമാണ് കർദിനാൾ പരോളിൻ പങ്കെടുക്കുക. ഏകദേശം 2,200 പേരെ കിരീട ധാരണ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വെസ്റ്റ്മിൻസ്റ്ററിലെ കത്തോലിക്കാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് കിരീടധാരണ ചടങ്ങിൽ ആശീർവാദം നൽകും. കിരീടധാരണത്തോടെ ചാൾസ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കുകയും രാജ കുടുംബത്തിൻറെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.

കൃത്യം 11ന് തന്നെ ചടങ്ങുകൾ ആരംഭിക്കും. രാജാവുതന്നെ തിരഞ്ഞെടുത്ത ഗാനങ്ങൾ ഉൾപ്പെടുത്തിയാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. ആംഗ്ലിക്കൻ സഭയുടെ ആത്മീയ ആചാര്യനായ കാന്റർബറി ആർച്ചുബിഷപ് റവ. ഡോ. ജസ്റ്റിൻ വെൽബിയാകും മുഖ്യ കാർമികൻ. സഹകാർമികയായുള്ള ആംഗ്ലിക്കൻ സഭയിലെ വനിതാ ബിഷപ് റൈറ്റ് റവ.ഗുലി ഫ്രാൻസിസ് ദെഹ്ക്വാനിയുടെ സാന്നിധ്യം പുതിയ ചരിത്രമാകും. മൂന്നാം കിരീടാവകാശിയായ ചാൾസിന്റെ കൊച്ചുമകൻ പ്രിൻസ് ജോർജ്, കാമിലയുടെ കൊച്ചുമക്കൾ എന്നിവരാകും സോവറിൻ ഓർബ്, അംശവടി തുടങ്ങിയ സ്ഥാനചിഹ്നങ്ങൾ അൾത്താരയിലേക്കു പ്രദക്ഷിണമായി എത്തിക്കുക.

1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം 70 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു കിരീടധാരണത്തിന് ബ്രിട്ടൻ സാക്ഷിയാകുന്നത്. പാരമ്പര്യങ്ങളുടെ ചേരുവകൾക്കൊപ്പം പുതുമകൂടി ചേർത്തായിരിക്കും ചടങ്ങുകൾ. കിരീടധാരണത്തോടെ ചാൾസ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കുകയും രാജകുടുംബത്തിൻറെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും. രാജപത്നി പദവിയിൽ നിന്നും കാമില, രാഞ്ജി പദവിയിലേക്ക് മാറും. 1661 ൽ നിർമിച്ച സെൻറ് എഡ്വേർഡ് കിരീടം, 2868 വജ്രങ്ങൾ നിറഞ്ഞ ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ, കുരിശോടുകൂടിയ ചെങ്കോൽ, തൈലാഭിഷേകത്തിനുപയോഗിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ സ്പൂൺ, 1831 ൽ നിർമിച്ച കിരീടധാരണ മോതിരം തുടങ്ങിയവ ചടങ്ങുനടക്കുന്ന വെസ്റ്റ്മിനിസ്റ്റർ ആബിയിൽ ഒരുക്കിക്കഴിഞ്ഞു.

അധികാരത്തിന്റെ അടയാളങ്ങളായ കുരിശു പതിപ്പിച്ച്, രത്നങ്ങളാൽ അലങ്കരിച്ച അംശവടിയും വജ്രമോതിരവും ചടങ്ങിൽ ആർച്ച്ബിഷപ് രാജാവിനു കൈമാറും. സോവറിൻസ് ഓർബ് എന്നറിയപ്പെടുന്ന കുരിശുപതിപ്പിച്ച ഗോളമാണ് ഇതിലെ പ്രധാനപ്പെട്ട സ്ഥാനചിഹ്നം. രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവത്തിൽനിന്നുള്ളതാകുന്നു എന്ന് ഓർമിപ്പിക്കാനുള്ളതാണിത്. ഇതിലും നിറയെ അമൂല്യരത്നങ്ങളാണ്

ചടങ്ങിൽ പങ്കെടുക്കുന്നവരും വീക്ഷിക്കുന്നവരുമെല്ലാം രാജാവിനോടു വിധേയത്വം പ്രഖ്യാപിക്കുന്ന ‘കോറസ് ഓഫ് മില്യൺസ്’ എന്ന ആശയമാണ് പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള മാറ്റങ്ങളിൽ ഒന്ന്. ഇതിന്റെ ഭാഗമായി മറ്റു ക്രൈസ്തവവിഭാഗങ്ങളെയും ഹിന്ദു, മുസ്‍‌ലിം, ജൂത, സിഖ് മതങ്ങളെയും പ്രതിനീധീകരിച്ച് എത്തുന്നവർക്കു ചടങ്ങിൽ പ്രത്യേക പ്രാധാന്യം നൽകും.

ഇംഗ്ലണ്ടിന്റെ വിശ്വാസവും നിയമവും സംരംക്ഷിക്കുമെന്ന പ്രതിജ്ഞയാണു ചടങ്ങിലെ മറ്റൊരു പ്രധാന ഭാഗം. ആർച്ച്ബിഷപ്പാണ് ഈ സത്യവാചകങ്ങൾ ചൊല്ലിക്കൊടുക്കുന്നത്. ബൈബിളിൽ കൈവച്ചാണ് ഈ പ്രതിജ്ഞ. പ്രതിജ്ഞയ്ക്കുശേഷം രാജാവിനെ സെന്റ് എഡ്വേഡ് ചെയറിലിരുത്തി തൈലാഭിഷേകം നടത്തും. തലയിലും നെഞ്ചിലും കൈകളിലും കുരിശടയാളത്തിൽ വിശുദ്ധതൈലം പൂശിയാണ് അഭിഷേകം. സ്വർണത്തിൽ തീർത്ത ആംപ്യൂളിലാണ് ഈ തൈലം സൂക്ഷിക്കുക. തൈലം പൂശുന്നതും സ്വർണത്തിൽ തീർത്ത കൊറോണേഷൻ സ്പൂൺകൊണ്ടാണ്. രാജ്ഞിയെയും ചടങ്ങിൽ തൈലം പൂശും.

ജറുസലേമിലെ തിരുക്കല്ലറയുടെ പള്ളിയിലായിരുന്നു ഈ തൈലത്തിന്റെ പവിത്രീകരണം. ചാൾസ് രാജാവിന്റെ മുത്തശ്ശി ഗ്രീസിലെ ആലീസ് രാജകുമാരിയെ സംസ്കരിച്ച മൗണ്ട് ഓഫ് ഓലീവ്സിലെ ആശ്രമത്തിന്റെ ഒലിവ് തോട്ടങ്ങളിൽനിന്നു ശേഖരിച്ച ഒലിവിൽനിന്ന് എണ്ണയെടുത്തു സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് ഈ തൈലം തയാറാക്കിയത്. കീരീടധാരണത്തിലെ ഏറ്റവും പവിത്രവും സുപ്രധാനവുമായ ചടങ്ങാണ് തൈലാഭിഷേകം

തൈലാഭിഷേകത്തിനും ശേഷമാണ് രാജാവിനെ കീരീടം അണിയിക്കുക. 1661ൽ നിർമിച്ച സെന്റ് എഡ്വേഡ്സ് കീരീടമാണ് രാജാവിനെ അണിയിക്കുക. വിലമതിക്കാനാകാത്ത വർണരത്നങ്ങൾ തുന്നിച്ചേർത്ത ഈ കീരീടത്തിന് രണ്ടു കിലോയാണു ഭാരം. കീരീടധാരണചടങ്ങിൽ മാത്രമാണ് ഈ കിരീടം അണിയുക. 1953 ലായിരുന്നു ഇത് അവസാനമായി ഉപയോഗിച്ചത്. 360 വർഷത്തിനുള്ളിൽ ഇതണിഞ്ഞ് രാജാവാകുന്ന ഏഴാമത്തെ രജകുടുംബാംഗമാണ് ചാൾസ് മൂന്നാമൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.