ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കരുത്; പാവപ്പെട്ടവരെ കൊള്ളയടിക്കാനുള്ള നീക്കത്തെയാണ് പ്രതിപക്ഷം ചെറുക്കുന്നത്: ചെന്നിത്തല

ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കരുത്;  പാവപ്പെട്ടവരെ കൊള്ളയടിക്കാനുള്ള നീക്കത്തെയാണ് പ്രതിപക്ഷം ചെറുക്കുന്നത്: ചെന്നിത്തല

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് മനസില്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാലന്‍ രേഖകളൊന്നും കണ്ടില്ലേ എന്ന് ചെന്നിത്തല ചോദിച്ചു.

രേഖകളുടെ പിന്‍ബലമില്ലാതെ ഞങ്ങള്‍ ഒരു കാര്യവും ഉന്നയിച്ചിട്ടില്ല. നിയമ ലംഘനങ്ങളുടെ പേരില്‍ പാവപ്പെട്ടവരില്‍ നിന്ന് വന്‍ തോതില്‍ പിഴ ചുമത്തി അത് സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാനുള്ള നീക്കത്തെയാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ എ.കെ ബാലന് ഉത്തരവാദിത്വമുണ്ട് എന്നതില്‍ സംശയമില്ല. പക്ഷേ, അദ്ദേഹം കണ്ണടച്ച് ഇരുട്ടാക്കരുത്. തെളിവുകള്‍ നിരത്തിയാണ് എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്തു വിട്ടത്. 232 കോടി രൂപയുടെ പദ്ധതി 68 കോടി രൂപയില്‍ തീരുമെന്ന് ഈ കരാറില്‍ നിന്ന് പിന്മാറിയ ലൈറ്റ് മാസ്റ്റര്‍ കമ്പനിയുടെ എം.ഡി ജെയിംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എസ്.ആര്‍.ഐ.ടി.ക്ക് ടെന്‍ഡര്‍ ലഭിച്ചത് ക്രമവിരുദ്ധമായാണെന്ന് രേഖകള്‍ സഹിതം ഞങ്ങള്‍ സമര്‍ഥിച്ചു. എസ്.ആര്‍.ഐ.ടി.ക്ക് എന്ത് മുന്‍പരിചയമുണ്ടെന്ന് ചോദിച്ചതിന് ആരും മറുപടി പറഞ്ഞിട്ടില്ല. എസ്.ആര്‍.ഐ.ടി.ക്കൊപ്പം മത്സരിച്ച അക്ഷര, അശോക കമ്പനികള്‍ പരസ്പരം കൂട്ടുകച്ചവടം നടത്തി ടെന്‍ഡര്‍ അടിച്ചെടുത്തു എന്ന ഞങ്ങളുടെ വാദവും ആരും നിഷേധിച്ചിട്ടില്ല.

ഉപകരാര്‍ കൊടുക്കരുതെന്ന് ടെന്‍ഡര്‍ ഡോക്യുമെന്റില്‍ പറയുന്നുണ്ട്. ഇത് ലംഘിച്ച് കോര്‍ ഏരിയയില്‍ ഉപകരാര്‍ കൊടുത്ത വസ്തുത പകല്‍പോലെ വ്യക്തമായതാണ്. അങ്ങനെ ഉപകരാര്‍ കൊടുക്കാനുള്ള അധികാരം ആര്‍ക്കുമില്ല. ഈ നടപടി തെറ്റാണെന്നും ചെന്നിത്തല.

ടെന്‍ഡറില്‍ പങ്കെടുക്കാത്ത പ്രസാഡിയോ കമ്പനിയെ കെല്‍ട്രോണിന്റെ എഗ്രിമെന്റില്‍ ഉപകരാറുകാരനായി മാറ്റി എന്നതും രേഖാമൂലം സമര്‍ഥിച്ചു. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായുള്ള ബന്ധവും പുറത്തു വന്നു. നേരത്തേ അമിത് ഷായുടെ മകന്റെ കമ്പനിക്ക് 900 കോടി രൂപയുടെ പെട്ടെന്നുള്ള വര്‍ധനവുണ്ടായിരുന്നു.

സമാനമായ വര്‍ധനവാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്കുണ്ടായിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട ടെന്‍ഡറുകള്‍ പ്രസാഡിയോക്ക് മാത്രം ലഭിക്കുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ ബന്ധുവിന്റെതാണ് പ്രസാഡിയോ എന്ന കമ്പനി എന്നതിന് ഇനിയും തെളിവ് നിരത്തേണ്ടതുണ്ടോ? ഇത്രയും വലിയ അഴിമതികള്‍ പുറത്തു കൊണ്ടുവന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമില്ല.

ക്യാമറയുടെ കാര്യത്തില്‍ ഒരു വിജിലന്‍സ് അന്വേഷണവും ഇപ്പോള്‍ നടക്കുന്നില്ല. ട്രാന്‍സ്ഫറിന്റെ കാര്യത്തിലാണ് അന്വേഷണം. ക്യാമറ കരാര്‍ റദ്ദ് ചെയ്്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഇതിന്റെ നാനാവശങ്ങളും പരിശോധിക്കണം. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം വിശ്വസനീയമല്ല. മുഖ്യമന്ത്രി കണ്ണടച്ചാല്‍ എല്ലാം ഇരുട്ടാവില്ല.

തെളിഞ്ഞത് 164 കോടി രൂപയുടെ തട്ടിപ്പാണ്. ഇതെല്ലാം ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ വന്നതിനു ശേഷമുള്ള അഴിമതികളാണ്. 2018 മുതലുള്ള ഐ.ടി അഴിമതിക്കേസുകളെല്ലാം അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിക്ക്യാമറ എങ്ങനെ മുന്നോട്ടു കൊണ്ടുപോവണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.