മണിപ്പൂരിലെ സംഘര്‍ഷം: ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മണിപ്പൂരിലെ സംഘര്‍ഷം: ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മണിപ്പൂരില്‍ നടന്ന വംശീയ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ സന്മനസുള്ള എല്ലാവരോടും കൂടെ താനും പങ്കുചേരുന്നുവെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. മരണമടഞ്ഞവരുടെ നിത്യശാന്തിക്കു വേണ്ടിയും പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവരുടെ സൗഖ്യത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അവിടെ കഴിവതും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലാപത്തിനിടയില്‍ ക്രൈസ്തവ ദൈവാലയങ്ങളും മറ്റു സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള കലാപങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

അതേസമയം മണിപ്പൂര്‍ കലാപത്തില്‍ 41 ക്രൈസ്തവ ദേവാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്. ന്യൂലാംബുലന്‍, സംഗ്രൈപൗ, ചെക്കോണ്‍, ഗെയിം വില്ലേജ് തുടങ്ങിയ പ്രദേശങ്ങളിലെ ദേവാലയങ്ങളാണ് തകര്‍ത്തത്. സംസ്ഥാനത്ത് 41 ശതമാനം വരുന്ന ജനവിഭാഗമായിട്ടും ക്രൈസ്തവ സമൂഹം തികച്ചും അരക്ഷിതാവസ്ഥയിലാണ്. ദേവാലയങ്ങള്‍ക്ക് പുറമേ അക്രമികള്‍ നിരവധി സ്‌കൂളുകളും വീടുകളും തകര്‍ക്കുകയും അഗ്നിയ്ക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.

ജനങ്ങള്‍ ശാന്തത പാലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഓഫ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. ചുരാചന്ദ്പൂര്‍ ജില്ലയിലെ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായി ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റവ. വിജയേഷ് ലാല്‍ പറഞ്ഞു. ജില്ലയിലെ സ്ഥിതി വളരെ മോശമാണ്. സൈന്യം ഉണ്ടായിരുന്നിട്ടും പള്ളികള്‍ അഗ്നിയ്ക്കിരയാക്കപ്പെടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.