കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസില്‍ അഞ്ചാം പ്രതിയായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിനു ശേഷം വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. അര്‍ബുദ രോഗബാധിതനായ വി കെ ഇബ്രാഹിം കുഞ്ഞ് നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചികില്‍സയില്‍ കഴിയവേ കഴിഞ്ഞ മാസം 18 നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്.
എന്നാല്‍ ആശുപത്രിയില്‍ നിന്നും മാറ്റുന്നത് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയില്‍ എത്തിയാണ് റിമാന്റു ചെയ്തത്. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡും ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ നിന്നും മാറ്റരുതെന്ന് ചൂണ്ടിക്കാട്ടി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കോടതി ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞിനെ റിമാന്റ് ചെയ്യുകയായിരുന്നു. ഇതിനിടയില്‍ വിജിലന്‍സിന്റെ ആവശ്യപ്രകാരം ഒരു ദിവസം ആശുപത്രിയില്‍ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ഹൈക്കോടതിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വിജിലന്‍സ് കോടതിയെ അറിയിച്ചത്.
ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സാധീനിക്കുമെന്നും ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കരുതെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.