വത്തിക്കാനില്‍ ചരിത്ര മുഹൂര്‍ത്തം; പൊതുസദസില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കൊപ്പം കോപ്റ്റിക് സഭാ തലവന്‍

വത്തിക്കാനില്‍ ചരിത്ര മുഹൂര്‍ത്തം; പൊതുസദസില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കൊപ്പം കോപ്റ്റിക് സഭാ തലവന്‍

മാര്‍പ്പാപ്പയും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ തലവനായ തവാദ്രോസ് രണ്ടാമനും വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍

വത്തിക്കാന്‍ സിറ്റി: ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍. ഇന്നത്തെ പൊതുസദസില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ തലവനായ തവാദ്രോസ് രണ്ടാമനും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അഭിസംബോധന ചെയ്തത് വിശ്വാസ സമൂഹത്തിന് ഹൃദ്യമായ അനുഭവമായി. വത്തിക്കാന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് രണ്ടു സഭകളുടെ തലവന്മാര്‍ ഒരുമിച്ച് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്.

'പ്രിയ സഹോദരന്‍, പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ' എന്നാണ് തവാദ്രോസ് രണ്ടാമന്‍, ഫ്രാന്‍സിസ് പാപ്പയെ അഭിസംബോധന ചെയ്തത്.

പോള്‍ ആറാമന്‍ പാപ്പയും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ഷെനൂദ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അന്‍പതാം വാര്‍ഷികത്തിലാണ് ഇരു വിഭാഗം ആത്മീയ നേതാക്കളുടെയും വീണ്ടുമൊരു നിര്‍ണായക കൂടിക്കാഴ്ച നടന്നത്. ഇരു സഭകളുടെയും എക്യുമെനിക്കല്‍ സൗഹൃദത്തിന് കൂടിക്കാഴ്ച വലിയ പങ്കു വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1973 മേയ് 9-13 തീയതികളിലാണ് വത്തിക്കാനില്‍വെച്ച് ഷെനൂദ മൂന്നാമന്‍ അന്നത്തെ മാര്‍പ്പാപ്പയായ പോള്‍ ആറാമനുമായി കണ്ടുമുട്ടിയത്. കൂടിക്കാഴ്ച്ചയില്‍ സംയുക്ത രേഖയില്‍ ഇരുവരും ഒപ്പുവെച്ചിരുന്നു.

പൊതുസദസില്‍, പത്തു വര്‍ഷം മുന്‍പു നടന്ന വത്തിക്കാന്‍ സന്ദര്‍ശനം കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ അനുസ്മരിച്ചു. 'ഞാന്‍ പത്ത് വര്‍ഷം മുമ്പ് ഇതേ ദിനം ഇവിടെയെത്തിയ സന്ദര്‍ഭം ഓര്‍മ്മയിലേക്കു വരുന്നു. അന്ന് എന്നെ ഊഷ്മളമായി സ്വാഗതം ചെയ്ത നിങ്ങളുടെ സ്‌നേഹത്തെ ഓര്‍ക്കുന്നു. തുടര്‍ന്ന് 2013 മെയ് പത്ത് മുതല്‍ എല്ലാ വര്‍ഷവും ആ ദിവസം 'കോപ്റ്റിക്-കാത്തലിക് സൗഹൃദ ദിനം' ആയി ആഘോഷിക്കാന്‍ ആരംഭിച്ചതായി തവാദ്രോസ് പാപ്പാ അനുസ്മരിച്ചു. അതിനുശേഷം, എല്ലാ വര്‍ഷവും മെയ് പത്തിന് താനും ഫ്രാന്‍സിസ് പാപ്പയും ഫോണില്‍ സംസാരിച്ചു വരുന്നതായും തവാദ്രോസ് രണ്ടാമന്‍ വെളിപ്പെടുത്തി.

ഫ്രാന്‍സിസ് പാപ്പയുടെ 2017-ലെ ഈജിപ്ത് സന്ദര്‍ശനത്തിനും തവാദ്രോസ് രണ്ടാമന്‍ നന്ദി പറഞ്ഞു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ഈജിപ്റ്റിന്, പുരാതന ക്രിസ്ത്യന്‍ വേരുകളുണ്ടെന്നും സന്യാസം ജനിച്ചത് അവിടെയാണെന്നും അദ്ദേഹം അനുസ്മരിച്ചു.

'നമ്മുടെ വേരുകളിലും ബന്ധങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, നമ്മുടെ ഉള്ളില്‍ വസിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹത്താലും നമ്മെ വഴിനടത്തുന്ന അപ്പസ്‌തോലിക പിതാക്കന്മാരുടെയും വിശുദ്ധരുടെയും സാന്നിധ്യത്താലും നാം ഐക്യപ്പെടുന്നു' - തവാദ്രോസ് രണ്ടാമന്‍ കൂട്ടിച്ചേര്‍ത്തു.

തവാദ്രോസ് രണ്ടാമന്റെ വാക്കുകളോട് മാര്‍പ്പാപ്പയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

'അലക്സാന്‍ഡ്രിയയിലെ മാര്‍പ്പാപ്പയും വിശുദ്ധ മര്‍ക്കോസിന്റെ പാത്രിയര്‍ക്കീസുമായ തവാദ്രോസ് രണ്ടാമന്‍ പാപ്പായെ ഞാന്‍ ഇന്ന് അഭിവാദ്യം ചെയ്യുന്നത് വളരെ സന്തോഷത്തോടെയാണ്. ഈ അന്‍പതാം വാര്‍ഷികത്തില്‍ എന്റെ ക്ഷണം സ്വീകരിച്ചതിന് പ്രിയ സുഹൃത്തും സഹോദരനുമായ തവാദ്രോസിന് ഞാന്‍ നന്ദി പറയുന്നു. പരിശുദ്ധാത്മാവിന്റെ വെളിച്ചം നിങ്ങളുടെ റോമിലേക്കുള്ള സന്ദര്‍ശനത്തെ പ്രകാശിപ്പിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള വളര്‍ന്നുവരുന്ന സൗഹൃദത്തോടുള്ള അങ്ങയുടെ പ്രതിബദ്ധതയ്ക്ക് ഞാന്‍ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു' - ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.


1973-ല്‍ വത്തിക്കാനില്‍വെച്ച് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ഷെനൂദ മൂന്നാമനും അന്നത്തെ മാര്‍പ്പാപ്പയായ പോള്‍ ആറാമനും സംയുക്ത രേഖയില്‍ ഒപ്പുവയ്ക്കുന്നു.

'കോപ്റ്റിക് സഭയിലെ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും മദ്ധ്യസ്ഥതയില്‍, സര്‍വശക്തനായ ദൈവത്തോട് ഞാന്‍ അപേക്ഷിക്കുന്നു. കൂട്ടായ്മയില്‍ വളരാന്‍ ഞങ്ങളെ സഹായിക്കേണമേ.' സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ കോപ്റ്റിക് ബിഷപ്പുമാരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

പോള്‍ ആറാമന്‍ മാര്‍പ്പാപ്പയും ഷെനൂദ പാത്രിയാര്‍ക്കീസും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാന എക്യുമെനിക്കല്‍ രേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു അനുസ്മരണ പുസ്തകവും ഇന്ന് പ്രകാശനം ചെയ്തു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും തവാദ്രോസ് രണ്ടാമന്‍ മാര്‍പാപ്പയും സംയുക്തമായാണ് പുസ്തകത്തിന് ആമുഖം എഴുതിരിക്കുന്നത്.

'കത്തോലിക് സഭയും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയും; പോള്‍ ആറാമന്‍ മാര്‍പ്പാപ്പയും ഷെനൂദ മൂന്നാമന്‍ മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ 50-ാം വാര്‍ഷികം (19732023)' എന്ന തലക്കെട്ടിലുള്ള പുസ്തകം രണ്ട് ആത്മീയ നേതാക്കളും ചേര്‍ന്ന് പ്രകാശനം ചെയ്തു.

മെയ് പതിനാലാം തീയതി റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ ബലിയര്‍പ്പണം നടക്കും. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഫ്രാന്‍സിസ് പാപ്പയുടെയും, തവദ്രോസ് രണ്ടാമന്റെയും സൗഹൃദം ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്ക് ഏറെ ഊര്‍ജം പകര്‍ന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26