ഡോ. വന്ദനാ ദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; കണ്ണീരണിഞ്ഞ് ജന്മനാട്: ഡോക്ടര്‍മാരുടെ പണിമുടുക്ക് തുടരും

ഡോ. വന്ദനാ ദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; കണ്ണീരണിഞ്ഞ് ജന്മനാട്: ഡോക്ടര്‍മാരുടെ പണിമുടുക്ക് തുടരും

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ മയക്കുമരുന്നിന് അടിമയായ അധ്യാപകന്റെ കുത്തേറ്റ് മരിച്ച വനിതാ ഡോക്ടര്‍ വന്ദനാ ദാസിന്റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു.

രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തിലിലാണ് പൊതുദര്‍ശനം. വന്‍ ജനാവലിയാണ് വന്ദനയെ അവസാനമായി കാണുന്നതിന് എത്തുന്നത്.

മന്ത്രിമാരായ വിഎന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവരും എത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടു വളപ്പിലാണ് സംസ്‌കാരം.

അതിനിടെ വനിതാ ഡോക്ടര്‍ ജോലിക്കിടെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം തുടരുമെന്ന് ഐഎംഎ അറിയിച്ചു. ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം.

സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നും ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു.

അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തി വെക്കും. സംഭവത്തില്‍ കുറ്റക്കാരായവരുടെ പേരില്‍ മാതൃകപരമായ ശിക്ഷനടപടികള്‍ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്ന് സംഘടന ആവശ്യപ്പെട്ടു.

ആശുപത്രികളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കുകയും ചെയ്യണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.