ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്ന കോഴിയിറച്ചി ഹലാലാണെന്ന് ഉറപ്പു വരുത്തണമെന്ന് ഇമാംസ് കൗണ്‍സില്‍; സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം

ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്ന കോഴിയിറച്ചി ഹലാലാണെന്ന് ഉറപ്പു വരുത്തണമെന്ന് ഇമാംസ് കൗണ്‍സില്‍; സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കടകളില്‍ വില്‍ക്കുന്ന കോഴിയിറച്ചി ഹലാല്‍ ആചാരപ്രകാരം തയാറാക്കിയതാണെന്ന് ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി രാജ്യത്തെ മുസ്ലിം സമൂഹം. തങ്ങള്‍ കഴിക്കുന്ന കോഴിയിറച്ചി മതപരമായി അനുവദനീയമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സില്‍ ആശങ്ക ഉയര്‍ത്തിയതായി ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

ഓസ്ട്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സില്‍ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടാണ് മുസ്ലീം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. മൃഗങ്ങളെ കൊല്ലുന്നതിന് മുന്‍പും കൊല്ലുന്ന സമയത്തും പാലിക്കപ്പെടേണ്ട ചില നിയമങ്ങള്‍ ഇസ്ലാം മതത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇങ്ങനെ കൊല്ലുന്ന സമയത്ത് നല്ല ആരോഗ്യത്തോടെയിരിക്കണം എന്നും മുറിവേറ്റ ശേഷം ശരീരത്തില്‍ നിന്ന് രക്തം പൂര്‍ണമായും ഒഴുകി പോകണം എന്നുമാണ് നിയമം. എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതാണ് ഓസ്ട്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സില്‍ ഉയര്‍ത്തുന്ന വാദം.

അതേസമയം, ഓസ്ട്രേലിയയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ വ്യാപകമാക്കുന്നത് തടയണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിനും കൂടുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് അവ വ്യാപിപ്പിക്കാനുമുള്ള സമ്മര്‍ദ്ദ ലോബിയുടെ തന്ത്രമാണ് ഈ പ്രചാരണമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

കശാപ്പു ശാലകളില്‍ പല വാതകങ്ങളുടെ മിശ്രിതം തുറന്നുവിട്ട് കോഴിയുടെ ബോധം നഷ്ടപ്പെടുത്തിയാണ് അറക്കുന്നതെന്ന് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഹലാല്‍ ഉപഭോഗത്തിന് അനുയോജ്യമല്ല. റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് പലരും സസ്യാഹാരവും മത്സ്യ വിഭവങ്ങളുമാണ് കഴിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ വിക്ടോറിയയിലെ ഇസ്ലാമിക് കോര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ ഈ ആശങ്ക തള്ളിക്കളഞ്ഞു. ഒരു സൈറ്റ് മാത്രം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് കൗണ്‍സിലിന്റെ തലവന്‍ ബെക്കിം ഹസനി പറഞ്ഞു. റിപ്പോര്‍ട്ടില്‍ അറവുശാലകള്‍ ഉപയോഗിക്കുന്ന വ്യത്യസ്തമായ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ബെക്കിം ഹസനി കുറ്റപ്പെടുത്തി.

അതേസമയം, ബോയ്കോട്ട് ഹലാല്‍ ഇന്‍ ഓസ്ട്രേലിയ എന്ന ഫേസ്ബുക്ക് പേജിലാണ് ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ വ്യാപകമാക്കുന്നത് തടയണമെന്ന ആവശ്യം ഉയരുന്നത്. ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കുന്നതിനൊപ്പം അതിനോട് താല്‍പര്യമില്ലാത്തവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. നൂറുകണക്കിന് ആളുകളാണ് ഈ ഫേസ്ബുക്ക് പേജിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്.

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉത്പന്നങ്ങള്‍ ഭൂരിപക്ഷം വരുന്ന ഇതര മത വിഭാഗങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് പരാതി ഉയരുന്നത്. രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലകളായ കോള്‍സ്, വൂള്‍വര്‍ത്ത്സ്, ഐ.ജി.എ എന്നിവയെല്ലാം ഹലാല്‍ ലേബലിലുള്ള മാംസം ഉല്‍പന്നങ്ങളാണ് കൂടുതലും വിറ്റഴിക്കുന്നത്

ഹലാല്‍ സര്‍ട്ടിഫൈഡ് അല്ലാത്ത മാംസ ഉല്‍പന്നങ്ങള്‍ ആവശ്യപ്പെട്ടാലും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ഉപയോക്താക്കള്‍ പറയുന്നു. ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഓസ്ട്രേലിയയില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഒപ്പുശേഖരണവും കാമ്പെയ്നുകളും നടക്കുന്നുണ്ട്.

ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അത് വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ക്കു വേണ്ടിയുള്ള മാംസ ഉല്‍പന്നങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കണമെന്നാണ് കാമ്പെയ്നുകളിലൂടെ പലരും ആവശ്യപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.