കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ വള്ളങ്ങളിലും ഹൗസ് ബോട്ടുകളിലുമുള്ള യാത്രകള്‍ക്ക് മുമ്പ് ബോധവത്കരണ ക്ലാസുകള്‍ ഉണ്ടാകും. ഹൗസ്ബോട്ടുകളിലും മറ്റും ഘടിപ്പിക്കുന്ന ചെറിയ സ്പീക്കര്‍ വഴിയായിരിക്കും നിര്‍ദേശങ്ങള്‍ നല്‍കുക.
ഓരോ യാത്രകള്‍ക്കു മുന്‍പും പാലിക്കേണ്ട മുന്‍കരുതലുകള്‍ യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നതിനാണ് സേഫ്റ്റി ബ്രീഫിങ് ക്ലാസുകള്‍ നടത്തുന്നത്. ഫൈബര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവയില്‍ ചെറിയ സ്പീക്കര്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. യാത്രയിലുടനീളം പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ 20 മാര്‍ഗ നിര്‍ദേശങ്ങളാണ് സ്പീക്കറിലൂടെ നല്‍കുക.
അഞ്ച് മുതല്‍ ഏഴ് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സന്ദേശങ്ങള്‍ ഓരോ യാത്രക്ക് മുന്‍പും യാത്രക്കാരെ കേള്‍പ്പിക്കും. യാത്ര ചെയ്യാനായി കയറുന്ന ബോട്ടില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടോയെന്ന് കൃത്യമായി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ യാത്ര ആരംഭിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് മുന്‍പുണ്ടായ തട്ടേക്കാട് മുതല്‍ താനൂര്‍ വരെയുള്ള ബോട്ടപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം, അപകടം വരുത്തിയ നാശനഷ്ടം എന്നിവയും ഓര്‍മിപ്പിക്കും.
അതേസമയം കടത്തുവള്ളങ്ങളില്‍ സ്പീക്കറുകളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കടത്തുവള്ളങ്ങള്‍ ഉപയോഗിക്കുന്ന കടവുകളില്‍ യാത്രക്ക് മുന്നെ നിര്‍ദേശങ്ങള്‍ കേള്‍പ്പിക്കാനുള്ള പദ്ധതിയും ഉണ്ട്. യാത്രക്കാര്‍ക്ക് നല്‍കുന്ന 20 മാര്‍ഗ നിര്‍ദേശങ്ങള്‍ കനാല്‍ ഓഫീസ് നല്‍കുന്ന ലൈസന്‍സിന് പിന്നിലും അച്ചടിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.