കാന്‍ബറ: ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ പ്രശസ്തമായ ബ്രൂസ് കാല്‍വരി കത്തോലിക്ക ഹോസ്പിറ്റല്‍ നിര്‍ബന്ധിതമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ പ്രതിഷേധ കാമ്പെയ്‌നുമായി കാന്‍ബറ-ഗോള്‍ബേണ്‍ അതിരൂപത. 'സേവ് കാല്‍വറി ഹോസ്പിറ്റല്‍' എന്ന പേരില്‍ ആശുപത്രിയെ രക്ഷിക്കാനുള്ള പ്രതിഷേധ കാമ്പെയ്‌നും ഒപ്പുശേഖരണവും അതിരൂപതാ മുന്‍ വികാരി ജനറാള്‍ ഫാ. ടോണി പെര്‍സിയുടെ നേതൃത്വത്തിലാണ് ആരംഭിച്ചിരിക്കുന്നത്.
കത്തോലിക്കാ സന്യാസിനീ സമൂഹമായ ലിറ്റില്‍ കമ്പനി ഓഫ് മേരിയുടെ കീഴില്‍ 44 വര്‍ഷത്തിലേറെയായി കാന്‍ബറയിലെ ബ്രൂസില്‍ ലാഭേച്ഛയില്ലാതെ സേവനം നല്‍കുന്ന ആശുപത്രിയാണ് കാല്‍വരി ഹോസ്പിറ്റല്‍. മതിയായ ചര്‍ച്ചകളോ മുന്നറിയിപ്പോ ഇല്ലാതെ തിടുക്കത്തിലാണ് ആശുപത്രി ഏറ്റെടുക്കാനുള്ള ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായതെന്ന് അതിരൂപാംഗങ്ങള്‍ ആരോപിക്കുന്നു.
തങ്ങള്‍ കീഴടങ്ങില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പോരാടുമെന്നും ഫാ. ടോണി കാന്‍ബെറ ടൈംസിനോട് പറഞ്ഞു. നിയമനിര്‍മ്മാണത്തിലൂടെ ആശുപത്രി ഏറ്റെടുക്കാനുള്ള നീക്കത്തെ സ്വത്തവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗം എന്നാണ് വൈദികന്‍ വിശേഷിപ്പിച്ചത്.
കാന്‍ബറയില്‍ ഒരു പബ്ലിക്ക് ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ പാടുപെടുമ്പോള്‍ രണ്ടാമതൊരു ആശുപത്രി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദ്ദേശം മനസിലാകുന്നില്ലെന്ന് ഫാ. ടോണി പെര്‍സി പറഞ്ഞു. 'കാല്‍വരി ആശുപത്രി നിര്‍ബന്ധിതമായി ഏറ്റെടുക്കുന്നത് ഒരു മാതൃക സൃഷ്ടിക്കുകയാണ്. ആരാണ് സര്‍ക്കാരിന്റെ അടുത്ത ഉന്നം? വിശ്വാസ സമൂഹങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍' - അദ്ദേഹം ചോദിച്ചു.
കാല്‍വരി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ജീവനക്കാര്‍, രോഗികള്‍ എന്നിവരുമായി കൂടിയാലോചിക്കാതെയാണ് നിയമനിര്‍മ്മാണം സര്‍ക്കാര്‍ തയ്യാറാക്കിയതെന്ന് അതിരൂപതയുടെ നിവേദനത്തില്‍ ആരോപിക്കുന്നു. കാല്‍വരി പബ്ലിക് ആശുപത്രിയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിക്കുന്നതിന്റെ തെളിവാണ് തിടുക്കത്തിലുള്ള ഈ ഏറ്റെടുക്കലിലൂടെ വ്യക്തമാകുന്നത്. ജില്ലാ ജനറല്‍ ആശുപത്രിയായ കാന്‍ബറ ആശുപത്രി ജനങ്ങള്‍ക്ക് മതിയായ സേവനങ്ങള്‍ നല്‍കാന്‍ പാടുപെടുമ്പോള്‍ രണ്ടാമതൊരു ആശുപത്രി നടത്താനുള്ള കഴിവ് സംസ്ഥാന സര്‍ക്കാരിനില്ലെന്നും നിവേദനത്തില്‍ കുറ്റപ്പെടുത്തുന്നു.
മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടും കാല്‍വരി ആശുപത്രി ഏറ്റെടുക്കലിനെ അധികാര ദുര്‍വിനിയോഗവും അഹങ്കാരവുമെന്ന് വിശേഷിപ്പിച്ചു. ഒരു ചര്‍ച്ചയും കൂടാതെ, ഒരു അറിയിപ്പുമില്ലാതെ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയെ ഇഷ്ടാനുസരണം ദേശസാല്‍ക്കരിക്കാന്‍ കഴിയുമ്പോള്‍ നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്? - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'അധികാരവും അഹങ്കാരവും പ്രകടിപ്പിക്കുന്ന ഒരു സര്‍ക്കാരാണിത് എന്നതിന്റെ തെളിവു മാത്രമല്ല ഇത് കത്തോലിക്ക സഭയ്ക്കെതിരായ ആക്രമണം കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.
ആശുപത്രി നിര്‍ബന്ധിതമായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ, ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗങ്ങള്‍ക്ക് നല്‍കാനുള്ള നിവേദനത്തില്‍ എല്ലാ മതവിശ്വാസികളും ഒപ്പിടണമെന്ന് ഫാ. ടോണി പറഞ്ഞു. ചുവടെയുള്ള ലിങ്ക് സന്ദര്‍ശിച്ച് നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കുചേരാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.