പ്രത്യാശയുടെ തിരിനാളമാകാന്‍ ദേവാലയങ്ങള്‍ക്കു കഴിയണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

പ്രത്യാശയുടെ തിരിനാളമാകാന്‍ ദേവാലയങ്ങള്‍ക്കു കഴിയണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

തിരുവനന്തപുരം: അക്രമങ്ങളും കൊലപാതകങ്ങളും മനുഷ്യ മനസിന്റെ പ്രത്യാശ കെടുത്തിക്കളയുമ്പോള്‍ പ്രത്യാശയുടെ തിരിനാളമാകാന്‍ ദേവാലയങ്ങള്‍ക്കു കഴിയണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. പാളയം സമാധാന രാജ്ഞി ബസലിക്കയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പ്രത്യാശയുടെ ചിരാത് ദേവാലയത്തിന്റെ തിരുനടയില്‍ കത്തി നില്‍ക്കുന്ന കാഴ്ച കാണാന്‍ മനുഷ്യര്‍ക്ക് ഇടയാകണം. വലിയ ഹൈമാസ്റ്റ് ലൈറ്റിന്റെ കാലഘട്ടത്തില്‍ ഒരു ചിരാതാകുവാന്‍ സാധിക്കുന്ന ഹൃദയ വലിപ്പമെങ്കിലും നമുക്ക് ഉണ്ടാകണം. ആരാധന എന്നത് അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിക്കുന്ന നീണ്ട പ്രാര്‍ത്ഥനകള്‍ക്കപ്പുറത്ത് ഹൃദയങ്ങള്‍ സ്നേഹത്തില്‍ ഉറപ്പിക്കുന്ന അടിസ്ഥാന ശുശ്രൂഷയാണെന്ന് തിരിച്ചറിയണം. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏവരെയും കൂടുതല്‍ നന്മയിലേക്കു നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാന രാജ്ഞി ബസിലിക്കയുടെ കാരുണ്യ പ്രവര്‍ത്തന പരിപാടിയായ 'ഫെയ്ത്ത് ഇന്‍ ആക്ഷന്‍ ബസിലിക്ക'യുടെ ലോഗോ പ്രകാശനം ചടങ്ങില്‍ കര്‍ദിനാള്‍ നിര്‍വഹിച്ചു.

ആര്‍ച്ച് ബിഷപ് എമരിറ്റസ് ഡോ. എം.സൂസപാക്യം ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദൈവവും മനുഷ്യനും സംഗമിക്കുന്ന ഇടമാണ് ദേവാലയങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ആന്റണി രാജു പറഞ്ഞു. നവീകരണം ദൈവത്തിന്റെ പദ്ധതിയാണ്. ദേവാലയങ്ങള്‍ക്കൊപ്പം മനുഷ്യ മനസുകളില്‍ കൂടി മാറ്റമുണ്ടാകുമ്പോഴേ ആ നവീകരണം അര്‍ഥവത്താകൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിര്‍ധന കുടുംബത്തിനായി ഇടവകയുടെ നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം കൗണ്‍സിലര്‍ പാളയം രാജന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകരായ ആശ്വാസ് ഭവന്‍ മാനേജിംഗ് ട്രസ്റ്റി പി. ശശിധരന്‍, ശാന്തി മന്ദിരം പ്രസിഡന്റ് എസ്. സന്തോഷ്, അംബേദ്കര്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് നടത്തുന്ന മോഹരശ്മി, നാലാഞ്ചിറ സ്നേഹവീട് ഡയറക്ടര്‍ ഫാ. ജോഷ്വാ കണ്ണീലേത്ത് എന്നിവര്‍ക്കുള്ള നവതി സാന്ത്വനം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ബസിലിക്ക റെക്ടര്‍ ഫാ. ജോണ്‍ കുറ്റിയില്‍, ട്രസ്റ്റി ജിജി എം. ജോണ്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26