പരിശുദ്ധാത്മാവ് നമുക്കായി പ്രതിരോധം തീർക്കുന്ന മധ്യസ്ഥൻ : ഫ്രാൻസിസ് പാപ്പ

പരിശുദ്ധാത്മാവ് നമുക്കായി പ്രതിരോധം തീർക്കുന്ന  മധ്യസ്ഥൻ : ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ കരുണയും ശക്തിയും നമുക്കായി പകരുന്ന പരിശുദ്ധാത്മാവ് നമ്മെ തനിച്ചാക്കുന്നില്ലെന്നും ഒരു മാധ്യസ്ഥനെപ്പോലെ ആരോപണങ്ങളില്‍ നിന്ന് നമ്മെ പ്രതിരോധിക്കുകയും വിശ്വസ്തനായ സുഹൃത്തിനെപ്പോലെ നമ്മുടെ തെറ്റിദ്ധാരണകളെ സൗമ്യമായി തിരുത്തുകയും ചെയ്യുന്നതായി ഫ്രാന്‍സിസ് പാപ്പ.

ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.
ഈസ്റ്ററിന്റെ ആറാം ഞായറാഴ്ച ദിവ്യബലി മധ്യേ വായിച്ച യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായം കേന്ദ്രീകരിച്ചായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം.

ഇവിടെ പരിശുദ്ധാത്മാവിനെ വിവരിക്കാന്‍ യേശു 'പാരക്ലീറ്റ്' എന്ന പദം ഉപയോഗിക്കുന്നു. അതായത് 'ഒരേ സമയം ആശ്വസിപ്പിക്കുന്നവനും മാധ്യസ്ഥനുമായി' പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവില്‍ പ്രവര്‍ത്തിക്കുന്നതായി മാര്‍പ്പാപ്പ വിശേഷിപ്പിക്കുന്നു.

'പരിശുദ്ധാത്മാവ് നമ്മെ ഒരിടത്തും തനിച്ചാക്കുന്നില്ല. അവന്‍ നമ്മോടൊപ്പം നിലകൊള്ളാന്‍ ആഗ്രഹിക്കുന്നു. ഒരു അതിഥിയായല്ല, ജീവന്റെ കൂട്ടാളിയായി, സ്ഥിരതയുള്ള സാന്നിധ്യമായി നമ്മുടെ ആത്മാവില്‍ വസിക്കാന്‍ ആഗ്രഹിക്കുന്നു. ആരോപിതനെ സഹായിക്കുന്ന ഒരു അഭിഭാഷകനെപ്പോലെ നമ്മുടെ പക്ഷത്ത് എല്ലായപ്പോഴും നിലകൊള്ളുന്നു. നമ്മുടെ വീഴ്ച്ചകളില്‍ നമുക്കൊപ്പം നില്‍ക്കുന്നു' - പാപ്പ ചൂണ്ടിക്കാട്ടി.
'പാരക്ലീറ്റ്' എന്ന പദം വിവരിക്കാന്‍ പ്രയാസമാണെന്നും അതിന് ആശ്വാസിപ്പിക്കുന്നവന്‍ എന്നും വക്താവ് എന്നുമുള്ള വിശാലമായ അര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പാപ്പാ സൂചിപ്പിച്ചു.

കോടതിയില്‍ ഒരു സംരക്ഷകനെപ്പോലെ നമുക്കു വേണ്ടി മധ്യസ്ഥത വഹിക്കുന്നവന്‍ എന്നും പരിശുദ്ധാത്മാവിനെ നിര്‍വചിക്കാം.
പരിശുദ്ധാത്മാവ് നമ്മെ സ്‌നേഹിക്കുന്നതിനൊപ്പം ഒരു യഥാര്‍ത്ഥ സുഹൃത്തായി പ്രവര്‍ത്തിക്കുന്നു. ദൈവത്തിന്റെ ക്ഷമയും ശക്തിയും അവന്‍ നമുക്ക് നല്‍കുന്നു, അതേസമയം നാം തെറ്റുകള്‍ വരുത്തുമ്പോള്‍ സൗമ്യമായി തിരുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയത്തോട് ചേര്‍ന്ന് സംസാരിക്കുന്ന അവന്റെ ശബ്ദത്തില്‍ ആര്‍ദ്രതയും സ്‌നേഹത്തിന്റെ ഊഷ്മളതയും എപ്പോഴും അനുഭവപ്പെടുന്നു - പാപ്പാ പറഞ്ഞു.

പരിശുദ്ധാത്മാവിന്റെ തിരുത്തലുകള്‍ ഒരിക്കലും നമ്മെ അധിക്ഷേപിക്കുന്നതോ അവിശ്വാസം വളര്‍ത്തുന്നതോ ആയ വിധത്തിലല്ല. പകരം, എല്ലായ്‌പ്പോഴും ദൈവത്തിനൊപ്പം നമുക്ക് വിജയിക്കാനാകും എന്ന ഉറപ്പാണ് അവന്‍ പകര്‍ന്നു നല്‍കുന്നത്.'
പരിശുദ്ധാത്മാവിന്റെ രണ്ടാമത്തെ ഭാവം നമ്മുടെ 'വക്താവ്' എന്ന നിലയിലുള്ള അനുതാപപൂര്‍ണമായ സമീപനമാണെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.

'വക്താവ്' നമ്മെ കുറ്റപ്പെടുത്തുന്നവരുടെ ഇടയില്‍ നമുക്ക് പ്രതിരോധം തീര്‍ക്കുന്നു. ലോകം നമ്മെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അല്ലെങ്കില്‍ പിശാച് നമ്മെ ഉപയോഗശൂന്യരും അസന്തുഷ്ടരുമാക്കാന്‍ ശ്രമിക്കുമ്പോള്‍ പരിശുദ്ധാത്മാവ് നമ്മുടെ പക്ഷത്ത് നിലയുറപ്പിക്കുന്നു. യേശു പറഞ്ഞ കാര്യങ്ങളിലൂടെ ഇത്തരം ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

'സ്വര്‍ഗസ്ഥനായ പിതാവിനെക്കുറിച്ചാണ് യേശു എപ്പോഴും സംസാരിച്ചിരുന്നതെന്ന് പരിശുദ്ധാത്മാവ് ഓര്‍മിപ്പിക്കുന്നു. അവന്‍ പിതാവിനെ നമുക്കു വെളിപ്പെടുത്തി, തന്റെ മക്കളായ നമ്മോടുള്ള പിതാവിന്റെ സ്‌നേഹത്തെ വെളിപ്പെടുത്തി'.
പരിശുദ്ധാത്മാവിന്റെ ശബ്ദത്തോട് കൂടുതല്‍ അനുസരണമുള്ളവരാകാനും അവന്റെ സാന്നിധ്യത്തോട് സംവേദനക്ഷമതയുള്ളവരുമായിരിക്കാനുള്ള കൃപയ്ക്കായി നമുക്ക് കന്യാമറിയത്തോട് അപേക്ഷിക്കാം - മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.

നാം പരിശുദ്ധാത്മാവിനെ എത്ര തവണ വിളിക്കുന്നു എന്നതിനെക്കുറിച്ച് സ്വയം ചിന്തിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. പരിശുദ്ധാത്മാവ് എപ്പോഴും നമ്മുടെ ഉള്ളിലുണ്ടെന്നും ഒരിക്കലും നമ്മെ കൈവിടില്ലെന്നും മറക്കരുതെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.